deltin33 • 2025-10-28 09:18:48 • views 1209
തിരുവനന്തപുരം ∙ ശബരിമല ശാസ്താവിന്റെ സ്വർണം, എൽഡിഎഫ് കാലത്ത് അപഹരിക്കപ്പെട്ടെന്ന വിവരവും വിവാദങ്ങളും മുന്നണിയെയും സർക്കാരിനെയും ഉലയ്ക്കുന്നു. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുമെന്ന്’ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുന്നണി ഭരിക്കുമ്പോഴാണ് വിശ്വാസികളുടെ മനസ്സിൽ നീറുന്ന സംഭവങ്ങളുണ്ടായിരിക്കുന്നത്. ഫലപ്രദമായി ന്യായീകരിക്കാനോ പ്രതിരോധിക്കാനോ പോലും കഴിയാത്ത അങ്കലാപ്പിലാണ് മുന്നണി.
- Also Read മകൻ നടത്തിയത് വഴിപാട്: പത്മകുമാർ
ശബരിമല യുവതീപ്രവേശത്തിനായി ഒന്നാം പിണറായി സർക്കാർ നടത്തിയ ശ്രമങ്ങൾ വിശ്വാസികളിൽ ഉണ്ടാക്കിയ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ‘വിശ്വാസസംരക്ഷണം’ കൂടി ആദ്യമായി എൽഡിഎഫിന്റെ ഒരു പ്രകടനപത്രികയിൽ ഇടംപിടിച്ചത്. യുവതീപ്രവേശത്തിനു മുൻകയ്യെടുത്ത സർക്കാരിന്റെ കാലത്തു തന്നെയാണ് ശബരിമലയിൽനിന്നു സ്വർണപ്പാളിയും കടത്തിയത്. സംഭവം ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി നേരിട്ടാണെന്നതും ഗൗരവം വർധിപ്പിക്കുന്നു.
ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി കടത്തി എന്നത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതിൽ എൽഡിഎഫിനോ സർക്കാരിനോ തർക്കമില്ല. പങ്കാളികൾ ഉദ്യോഗസ്ഥർ മാത്രമാണോ അതോ ബോർഡ് കൂടി അറിഞ്ഞാണോ എന്നതിൽ മാത്രമാണ് സംശയം. പറഞ്ഞുനിൽക്കുക എളുപ്പമല്ലെന്നു മനസ്സിലാക്കിയതു കൊണ്ടാകും ദേവസ്വം മന്ത്രി ഒഴിച്ചുള്ള മന്ത്രിമാരാരും കാര്യമായ പ്രതികരണത്തിനു മുതിർന്നിട്ടില്ല. പാർട്ടിയുടെ പ്രതിരോധം മോശമാണെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഇന്നലെ മാധ്യമങ്ങളെ കണ്ടത്. സിപിഐക്ക് ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല.
- Also Read മാവോയിസ്റ്റുകളില്ല, ഭീഷണിയുണ്ട് ! കേരളത്തിലെ മാവോയിസ്റ്റ് ഭീഷണിയിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്
യോഗദണ്ഡ് സ്വർണം ചുറ്റാൻ മുൻ ദേവസ്വംബോർഡ് പ്രസിഡന്റും സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിന്റെ മകനെയാണ് ചുമതലപ്പെടുത്തിയതെന്ന വിവരം കൂടി പുറത്തുവന്നതോടെ വിവാദം പഴയ ബോർഡിനെ നേരിട്ടു തൊട്ടു കഴിഞ്ഞു. 2019 ൽ തെറ്റുപറ്റിയെന്ന മന്ത്രി വി.എൻ.വാസവന്റെ പരസ്യമായ പ്രഖ്യാപനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കുമ്പസാരം കൂടിയാണ്. അന്നത്തെ ബോർഡ് ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി. അന്നു മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ബോർഡിന്റെ കീഴിൽ നടന്നതൊന്നും താനറിഞ്ഞില്ലെന്നാണ് പാർട്ടി നേതൃത്വത്തെ അറിയിച്ചത്. അതായത്, അന്നത്തെ ദേവസ്വം മന്ത്രിക്കോ ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്കോ 2019 ൽ നടന്ന തിരിമറിയുടെ കാര്യത്തിൽ ഒരു ന്യായീകരണവും നിരത്താനില്ല.
സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിന്റെ പേരിൽ ഇക്കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തിനു ശേഷം പരസ്യമായി പൊട്ടിത്തെറിച്ചയാളാണു പത്മകുമാർ. സംഘടനാപരമായ അച്ചടക്കത്തിനു ചേരാത്ത പ്രസ്താവനകളാണ് നടത്തിയതെന്ന് സംസ്ഥാന കമ്മിറ്റി തന്നെ വിലയിരുത്തിയ ശേഷവും ജില്ലാ കമ്മിറ്റിയിൽ പത്മകുമാറിനെ നിലനിർത്തിയത് ശബരിമല ക്ഷേത്രവുമായും മറ്റും അദ്ദേഹത്തിനുള്ള ബന്ധം കണക്കിലെടുത്താണ്. അതേ ക്ഷേത്രത്തിൽ പത്മകുമാറിന്റെ കാലത്ത് നടന്ന സംഭവങ്ങളുടെ പേരിൽ വിചാരണയ്ക്ക് വിധേയമാകേണ്ട വിധിയാണ് ഇപ്പോൾ സിപിഎമ്മിന്. English Summary:
Sabarimala Gold Controversy: Sabarimala gold theft controversy has plunged the LDF government and front into deep disarray, with the High Court\“s direct intervention highlighting serious irregularities. The scandal implicates former Devaswom Board officials and raises questions about the ruling party\“s commitment to protecting religious faith. |
|