cy520520 • 2025-10-28 09:19:13 • views 767
തിരുവനന്തപുരം ∙ 33.02 കോടി ചെലവഴിച്ച് പുനർ നിർമിച്ച കിള്ളിപ്പാലം– അട്ടക്കുളങ്ങര സ്മാർട് റോഡ്, സുവിജ് പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനായി പൊളിക്കുന്നു. കൊത്തുവാൽ തെരുവിന് എതിർവശത്ത് റോഡിന്റെ മധ്യത്തിൽ പൈപ്പ് പൊട്ടിയതു പരിഹരിക്കുന്നതിന് വേണ്ടിയാണ് റോഡും പൊളിക്കുന്നത്. സ്മാർട് റോഡിൽ ശുദ്ധ ജല , സുവിജ് പൈപ്പുകളുടെയും ഇലക്ട്രിക്, ടെലിഫോൺ കേബിളുകളുടെയും അറ്റകുറ്റപ്പണി നടത്താൻ റോഡ് പൊളിക്കേണ്ടി വരില്ലെന്ന അധികൃതരുടെ വാദവും ഇതോടെ പൊളിയുകയാണ്.
വീതി കൂടിയ ഓട പുതുതായി നിർമിച്ചിട്ടും ഈ റോഡിൽ കഴിഞ്ഞ മഴയത്ത് വെള്ളക്കെട്ട് ഉണ്ടായതും ചർച്ചയായിരുന്നു. 900 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പിലാണ് ഇന്നലെ ചോർച്ച കണ്ടെത്തിയത്. ഉടൻ അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമായതിനാൽ ജല അതോറിറ്റി കുര്യാത്തി സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർ സ്മാർട് സിറ്റി അധികൃതരുമായി ബന്ധപ്പെട്ടു. റോഡ് പൊളിക്കാൻ അനുമതി വാങ്ങി. പൊട്ടിയ പൈപ്പ് മാറ്റുന്ന ജോലികൾ ഇന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിനായി കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡിലേക്കുള്ള ഗതാഗതം ഇന്നു മുതൽ ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്. അട്ടക്കുളങ്ങര നിന്ന് കിള്ളിപ്പാലത്തേക്ക് വരുന്ന ഒരു വരി റോഡിലൂടെ ഇരു വശത്തേക്കും ഗതാഗതം അനുവദിക്കാനാണ് നിലവിലെ തീരുമാനം.സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 1.16 കിലോമീറ്റർ റോഡ് പുനർ നിർമിക്കാനാണ് 33.02 കോടി ചെലവാക്കിയത്. സ്മാർട് സിറ്റി റോഡുകളുടെ പ്രധാന മേന്മയായി അധികൃതർ പറഞ്ഞിരുന്നത്, അറ്റകുറ്റപ്പണികൾക്കായി റോഡ് പൊളിക്കേണ്ടി വരില്ല എന്നായിരുന്നു. English Summary:
Smart Road in Thiruvananthapuram faces immediate repairs due to a water pipeline leak, despite initial claims of being maintenance-free. The Killipalam-Attakulangara Smart Road, recently reconstructed at a cost of 33.02 crore, is being dug up to fix a sewage pipeline leak, leading to traffic restrictions. |
|