deltin33 • 2025-10-28 09:19:12 • views 1054
വെള്ളനാട്∙വെള്ളനാട്ട് മാതൃകാ ജംക്‌ഷൻ പ്രഖ്യാപനത്തിലൊതുങ്ങുന്നു. പദ്ധതി നടപ്പിലാക്കാൻ ശ്രമം തുടങ്ങിയിട്ട് അഞ്ച് വർഷമായെങ്കിലും വെള്ളനാടിനെ മാതൃകാ ജംക്‌ഷനാക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. കാട്ടാക്കട-നെടുമങ്ങാട് താലൂക്കുകളുടെ അതിർത്തി പങ്കിടുന്ന വെള്ളനാട് ജംക്‌ഷൻ നവീകരിക്കാൻ വെള്ളനാട് പഞ്ചായത്തിൽ ആലോചനായോഗം ചേർന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.
പഞ്ചായത്തിന്റെയും പൊതുമരാമത്ത് അധികൃതരുടെയും വ്യാപാരികളുടെയും സഹായ സഹകരണത്തോടെ ആര്യനാട് പോലീസ് ആരംഭിച്ച നടപടികൾ മുന്നോട്ടു പോകുന്നില്ല.മാതൃകാ ജംക്‌ഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി തുടക്കത്തിൽ ഒരു ലക്ഷം രൂപ അനുവദിച്ച് അന്നത്തെ പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നെങ്കിലും പിന്നീടു വന്ന ഭരണസമിതി ഈ പദ്ധതിയെ മറന്നു.
വെള്ളനാട് ജംക്‌ഷനിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നത നിലവാരത്തിലുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പദ്ധതിയുമായി സഹകരിക്കാൻ രംഗത്ത് വന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ മാത്രം പദ്ധതി നടപ്പിലാക്കാനായി രംഗത്ത് വന്നില്ല. വെള്ളനാട്– ചെറ്റച്ചൽ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് മാതൃകാ ജംക്‌ഷൻ പദ്ധതി വൈകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ചെറ്റച്ചൽ റോഡ് നവീകരണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു.
വെള്ളനാട് ജക്‌ഷനിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക, പാർക്കിങ് ക്രമീകരിക്കുക,ബസ് - ബേകൾ ജംക്‌ഷനിൽ നിന്നു മാറ്റി ക്രമീകരിക്കുക, ഓട്ടോ- ടാക്സി സ്റ്റാൻഡുകൾക്ക് പ്രത്യേകം സ്ഥലം കണ്ടെത്തുക, അനാവശ്യ ഫ്ലെക്സ് ബോർഡുകൾ നീക്കുക, റോഡിൽ നടപ്പാതകൾ, സീബ്രാലൈനുകൾ എന്നിവ ഒരുക്കുക, ട്രാഫിക് ബോർഡുകൾ സ്ഥാപിക്കുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. English Summary:
Vellanad Junction is facing delays in its Model Junction project despite initial efforts. The project aims to improve traffic management and infrastructure, but progress has stalled. Reviving this initiative is crucial for enhancing safety and convenience for residents and commuters. |
|