cy520520 • 2025-10-28 09:19:36 • views 816
കളമശേരി ∙ ജില്ലയിലെ അതിഥിത്തൊഴിലാളികൾക്കു താമസിക്കാൻ കിൻഫ്ര പാർക്കിൽ വിഭാവനം ചെയ്ത ‘അപ്നാ ഘർ’ പദ്ധതി വർഷങ്ങൾ പിന്നിടുമ്പോഴും മുന്നോട്ടു നീങ്ങിയിട്ടില്ല. കിൻഫ്ര ഹൈടെക് പാർക്കിൽ ലഭ്യമാക്കിയ ഒരേക്കർ ഭൂമിയിൽ പദ്ധതിക്കായി 2022 എപ്രിൽ 25നു മന്ത്രി വി.ശിവൻകുട്ടി മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ ശിലാസ്ഥാപനം നടത്തിയതാണ്. 2.75 കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന അപ്നാ ഘർ പദ്ധതി 1000 പേർക്കു പ്രയോജനപ്പെടുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. തൊഴിൽ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണു (ബിഎഫ്കെ) പദ്ധതി നടപ്പാക്കുന്നത്.
സ്ഥലത്തിനു ചുറ്റുമതിലും ഗേറ്റും നിർമിക്കാനും പദ്ധതി തയാറാക്കിയിരുന്നു. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുവെന്നും വിശദമായ പദ്ധതി രേഖ പരിഗണനയിലാണെന്നും ബിഎഫ്കെ അധികൃതർ പറഞ്ഞു. തുടക്കത്തിൽ 2.75 കോടിക്കു പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോൾ നിർമാണചെലവ് 13.5 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ഷെഡ്യൂൾ നിരക്കിൽ വന്ന മാറ്റമാണ് ഈ വർധനയ്ക്കു കാരണമെന്ന് അധികൃതർ വ്യക്തമാക്കി. 1000 പേർക്ക് സൗകര്യമൊരുക്കുമെന്ന വാഗ്ദാനത്തിനും മാറ്റം വന്നു; 608 പേർക്കെന്നാണ് ഇപ്പോഴത്തെ തീരുമാനം. നിർമാണം എന്നു തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പാലക്കാട് 620 പേർക്കും കോഴിക്കോട് കിനാലൂരിൽ 100 പേർക്കും താമസിക്കാവുന്ന അപ്നാ ഘർ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. English Summary:
Apna Ghar Project in Kalamassery faces delays despite initial plans. This project aimed to provide accommodation for migrant workers in the Kinfra Park area but has been stalled due to increased construction costs and revised plans. |
|