LHC0088 • 2025-10-28 09:21:00 • views 1074
കൊച്ചി∙ ദേഹം മുഴുവൻ കരി ഓയിൽ വാരിപ്പൂശി മുഖ്യമന്ത്രി പിണറായി വിജയനെതിരെ നഗരത്തിൽ പലയിടങ്ങളിലായി പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രതിഷേധത്തിനിടെ വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമനിലുകൾ ഉദ്ഘാടനം ചെയ്തും വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലെല്ലാം യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിക്കാൻ പദ്ധതിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനു പിന്നാലെ നഗരം പൊലീസ് വലയത്തിലായിരുന്നു. മൂന്നിടങ്ങളിൽ ഇന്ന് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു. പൊലീസ് ഇവരെ നീക്കി. കേരള പൊലീസിന്റെ സൈബർ സുരക്ഷാ കോൺഫറൻസ് ‘കൊക്കൂൺ–2025’ സമാപന സമ്മേളനം വൈകിട്ട് നാലു മണിക്കാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഇതു കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതു വരെ പലയിടങ്ങളിലും പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ ശ്രമം.
- Also Read മന്ത്രി വാസവന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്, സംഘർഷം; 16 വയസ്സുള്ള പെൺകുട്ടിക്ക് മർദനമേറ്റതായി ആരോപണം
കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടും ടെര്‍മിനലുകളുമാണ് ഇന്നു രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 10 മണിക്കായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽനിന്ന് വില്ലിങ്ടൻ ഐലൻഡ് വഴി മട്ടാഞ്ചേരിയിലേക്കുള്ള പുതിയ വാട്ടർ മെട്രോ റൂട്ടും മട്ടാഞ്ചേരി, വില്ലിങ്ടൻ ഐലൻഡ് എന്നീ ടെര്‍മിനലുകളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ മുഖ്യമന്ത്രി എത്തുന്നതിനും വളരെ മുമ്പു തന്നെ പ്രതിഷേധക്കാർ രണ്ടും മൂന്നും പേരായി മട്ടാഞ്ചേരിയിലേക്ക് എത്താൻ ശ്രമിച്ചിരുന്നെങ്കിലും പ്രദേശമാകെ കനത്ത പൊലീസ് വലയത്തിലായതിനാൽ നടന്നില്ല. ഇതോടെ ഇവർ മട്ടാഞ്ചേരിയിലെ ചുള്ളിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങി. ദേഹം മുഴുവൻ കരി ഓയിൽ പുരട്ടിയായിരുന്നു ഇവിടെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം. മുദ്രാവാക്യം മുഴക്കി നിലത്തിരുന്ന പ്രവർത്തകരെ തുടക്കത്തിൽ പൊലീസ് അവഗണിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥലത്ത് എത്താറായതോടെ കസ്റ്റഡിയിലെടുത്തു നീക്കി.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
ഫോർട്ട്കൊച്ചി റോ–റോ ജട്ടിയിൽ ആയിരുന്നു മറ്റൊരു പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് ഇവിടെ പ്രതിഷേധിക്കാനെത്തിയത്. എന്നാൽ ഇവരെ പൊലീസ് നീക്കം ചെയ്തു. മുഖ്യമന്ത്രി പോകുന്ന വഴിയിൽ സമരക്കാർ ഉണ്ടാകുമെന്ന് ഉറപ്പായതിനാൽ വഴിയിലെല്ലാം പൊലീസ് നിരന്നിരുന്നു. മട്ടാഞ്ചേരിയിൽനിന്ന് വാട്ടർ മെട്രോയിൽ കയറിയാണ് മുഖ്യമന്ത്രി, മന്ത്രി പി. രാജീവ്, മേയര്‍ എം.അനില്‍കുമാര്‍, എംഎല്‍എമാരായ കെ.ജെ. മാക്‌സി, ടി.ജെ.വിനോദ്, കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ വില്ലിങ്ടൻ ഐലൻഡിലേക്ക് എത്തിയത്. ഇവിടുത്തെ ടെർമിനൽ ഉദ്ഘാടനം ചെയ്ത ശേഷം എറണാകുളം ഗസ്റ്റ് ഹൗസിലേക്കു പോയി.
യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി എവിടെ വേണമെങ്കിലും ഇറങ്ങാം എന്നതിനാൽ പാതയോരങ്ങളിൽ കരുതലോടെയായിരുന്നു പൊലീസിന്റെ പ്രവർത്തനം. ഗസ്റ്റ് ഹൗസിന് ഏതാനും മീറ്ററുകൾ അകലെ സെന്റ് തെരേസാസ് കോളജിന് അടുത്ത് മുഖ്യമന്ത്രിയുടെ കാർ എത്തിയതോടെ യൂത്ത് കോൺഗ്രസുകാർ ചാടിവീണു. പൊലീസ് എല്ലാവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി വൈകിട്ടുവരെ നഗരത്തിൽ ഉള്ളതിനാൽ കനത്ത പൊലീസ് വലയത്തിലാണ് കൊച്ചി നഗരം. English Summary:
Protests Erupt During Chief Minister\“s Kochi Visit: Kerala Chief Minister faces protests during Kochi visit. Youth Congress activists staged black flag demonstrations and used black oil in protest. |
|