LHC0088 • 2025-10-28 09:21:29 • views 969
കോട്ടയം∙ പാർലമെന്റ് അംഗമായ ഷാഫി പറമ്പിലിന്റെ തലയിൽ ലാത്തികൊണ്ട് അടിച്ചിട്ടും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ചെറുവിരൽ അനക്കാതെ ആഭ്യന്തര വകുപ്പ്. പൊലീസ് മാന്വലിലെ സെക്‌ഷൻ 79 പ്രകാരം കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതിരോധത്തിനു ലാത്തി ഉപയോഗിക്കാമെങ്കിലും സമരക്കാരുടെ തലയിലുൾപ്പെടെ ലാത്തി അടിക്കരുതെന്നു കൃത്യമായി ചൂണ്ടിക്കാട്ടുമ്പോഴാണു കിരാത നടപടിയിൽ സർക്കാരിനു മൗനം. മൂക്കിനു പൊട്ടലേറ്റ് ഷാഫി പറമ്പിലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിട്ടും പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. ജനപ്രതിനിധിക്കു നിയമത്തിന്റെ പരിരക്ഷ ലഭിച്ചില്ലെങ്കിൽ സാധരണക്കാരനായ പൗരന് എന്തു നീതിയെന്നാണു ചോദ്യം.
- Also Read ‘ചോരക്കളി വേണ്ട’; സിപിഎമ്മിന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്
2024 മേയിൽ പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്താണ് പ്രതിഷേധക്കാരുടെ പൊലീസ് തലയ്ക്ക് അടിക്കരുതെന്ന ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. ആലപ്പുഴ കലക്ടറേറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ തലയ്‌ക്ക് അടിച്ചതിനെ പറ്റി പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്കു പിന്നാലെയായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
- Also Read ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും; വി.ഡി.സതീശൻ
സമരക്കാരുടെ തലയ്ക്ക് അടിക്കരുതെന്ന് കോടതി ഉത്തരവുകളുമുണ്ട്. ലാത്തിയടി അരയ്ക്കു താഴെ മതിയെന്ന് ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ കർശന നിർദേശവും നൽകിയിരുന്നു. നിരായുധരായ സമരക്കാരുടെ തലയടിച്ച് പൊട്ടിച്ചാലോ ക്ഷതമേൽപ്പിച്ചാലോ ഐപിസി 323, 341 വകുപ്പുകൾ ചുമത്തി പൊലീസുകാർക്കെതിരെ കേസെടുക്കാം. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചശേഷവും അക്രമമുണ്ടാക്കിയാലല്ലാതെ ലാത്തിച്ചാർജ് പാടില്ലെന്നിരിക്കെയാണ് പൊലീസ് ഷാഫിയുടെ തലയ്ക്കടിച്ചത്. തലയ്ക്കടിക്കുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡിജിപി ആയിരുന്ന അനിൽകാന്തിനും നിർദേശം നൽകിയിരുന്നു.
- Also Read എന്തുകൊണ്ട് ട്രംപിന് നൊബേൽ ലഭിച്ചില്ല? ആ ‘മുറി’യാണ് മറുപടി; സങ്കടം വേണ്ട, ഏറ്റവും അടുത്ത സുഹൃത്തിന് ‘സമാധാനം’! മരിയ ശത്രുവല്ല ‘മിത്രം’
ലാത്തി കൊണ്ടുള്ള അടി അരയ്ക്കു താഴെ മാത്രമാക്കാൻ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ആദ്യ പിണറായി സർക്കാരിന്റെ കാലത്തു തന്നെ പരിശീലനവും നൽകിയിട്ടുണ്ട്. ലാത്തികൊണ്ടു തലയ്ക്ക് അടിക്കുന്ന സംഭവങ്ങൾ ഉണ്ടാവുന്നത് പൊലീസിനു ലഭിക്കുന്ന പരിശീലനത്തിന്റെ കുഴപ്പം കൊണ്ടാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്. ബ്രിട്ടിഷുകാർ 1931ൽ നടപ്പാക്കിയ പരിശീലന രീതിയാണ് ലാത്തിയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ പൊലീസിൽ ഇപ്പോഴും തുടരുന്നത്. ശത്രുവിന്റെ തലയ്ക്കടിക്കാനും ആവശ്യമെങ്കിൽ വായിലും നാഭിക്കും കുത്താനുമുള്ള പരിശീലനമാണു നേരത്തേ പൊലീസിനു നൽകിയിരുന്നത്. എന്നിട്ടും കീഴടക്കാൻ കഴിഞ്ഞില്ലെങ്കിൽ കഴുത്തിനു ലാത്തികൊണ്ട് ഒരു തട്ട് കൊടുക്കുക എന്ന രീതിയിലായിരുന്നു പരിശീലനം. 2018 മുതൽ പുതിയ പരിശീലനത്തിൽ അടി അരയ്ക്കു താഴെ മാത്രം എന്ന രീതിയിലാക്കി. എന്നാൽ പലപ്പോഴും സമരങ്ങൾ അടിച്ചമർത്താൻ പ്രവർത്തകരുടെ തലയ്ക്കടിക്കുകയാണു പൊലീസുകാരുടെ പതിവ്. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസുകാരും തന്റെ ഗൺമാനും ഉൾപ്പെടെ തലയ്ക്കടിച്ചതു രക്ഷാപ്രവർത്തനം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വ്യാഖ്യാനം. English Summary:
Shafi Parambil Incident Sparks Outrage Over Police Conduct: Shafi Parambil assault highlights the controversial police action in Kerala. Despite clear directives against hitting protesters on the head, recent events have sparked outrage. |
|