തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ സാമ്പത്തിക ഇടപാടുകൾ സമഗ്രമായി പരിശോധിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്ദേശിച്ചിരുന്നതെന്ന് സൂചന. അബുദാബിയിലെ ബാങ്കിൽ ജോലി ചെയ്യുന്ന വിവേകിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മറ്റുചിലരെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
- Also Read കെഎസ്ഇബിക്ക് തിരിച്ചടി;നേട്ടം സ്വകാര്യമേഖലയ്ക്ക്; റഗുലേറ്ററി കമ്മിഷന്റെ അധികാരങ്ങൾ പരിമിതമാകും
ഇന്ത്യയിലും വിദേശത്തുമായി വിവേകിനുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, അവ തുടങ്ങിയതു മുതലുള്ള വിശദ സ്റ്റേറ്റ്മെന്റ് എന്നിവ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് സമൻസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ വിവേകിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശദാംശങ്ങളും അവയുടെ രേഖകളും ഹാജരാക്കാനും നിർദേശിച്ചു.
കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഡയറക്ടർ, പാർട്നർ പദവികളെക്കുറിച്ചും അവിടെയുള്ള ഓഹരി പങ്കാളിത്തത്തെക്കുറിച്ചും രേഖകൾ സഹിതം വിശദീകരിക്കാനും ആവശ്യപ്പെട്ടു. കമ്പനികളിലും സ്ഥാപനങ്ങളിലും വിവേകിനു പങ്കാളിത്തമുള്ളതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ വിവേകിന്റെ സകല സാമ്പത്തിക ഇടപാടുകളിലും നടത്താനിരുന്ന പരിശോധനയിൽ പിന്നീടെന്തു സംഭവിച്ചെന്നാണ് വ്യക്തമാകാനുള്ളത്.
2023 ഫെബ്രുവരി 14ന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകളുടെ പട്ടിക അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പിട്ടു നൽകിയ സമൻസിൽ ചേർത്തിട്ടുണ്ട്. അന്നു വിവേക് ഹാജരായില്ല. സമൻസ് നൽകിയിട്ട് ഹാജരായില്ലെങ്കിൽ രണ്ടുതവണ കൂടി സമൻസ് നൽകുകയാണ് ഇ.ഡിയുടെ രീതി. 3 സമൻസിലും ഹാജരായില്ലെങ്കിൽ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയുമാകാം. വിവേകിന്റെ കാര്യത്തിൽ ഈ തുടർനടപടികളുണ്ടായില്ല.
നേരിട്ടോ മറ്റാരെങ്കിലും വഴിയോ സ്വന്തം ഭാഗം വിശദീകരിച്ച്, ക്രമക്കേടില്ലെന്നു തെളിയിച്ചാൽ സമൻസിൽനിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ, വിവേക് വിശദീകരണം നൽകിയതായി അറിവില്ല. മുഖ്യമന്ത്രിയുടെ മകനുള്ള സമൻസ് ഇ.ഡി മരവിപ്പിച്ചെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽനിന്നുള്ള സൂചന. ഇനി പരിശോധനയുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയുമില്ല. സമൻസ് നൽകിയ പി.കെ.ആനന്ദ് പിന്നീട് കൊച്ചി ആദായനികുതി ഓഫിസിലേക്കു മാറി.
ഗൂഢാലോചന: മന്ത്രി വി.ശിവൻകുട്ടി
ചങ്ങനാശേരി ∙ മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്നു മന്ത്രി വി.ശിവൻകുട്ടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ഇത്തരം വാർത്ത വരുന്നതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾക്കു മനസ്സിലാകുമെന്നും പറഞ്ഞു. പ്രതികരണം എഴുതിക്കൊണ്ടു വന്ന കടലാസിൽ നോക്കി വായിക്കുകയായിരുന്നു മന്ത്രി. കഴമ്പുള്ള കേസായിരുന്നെങ്കിൽ ഹാജരാകാതിരുന്നപ്പോൾ ഇ.ഡി വെറുതെയിരിക്കുമായിരുന്നോ ? കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഏജൻസിയായി ഇ.ഡി മാറിയെന്നും മന്ത്രി പറഞ്ഞു.
സമൻസ് മടക്കി
വിവേകിനുള്ള സമൻസ് മുഖ്യമന്ത്രിയുടെ വസതിയിൽ കൈപ്പറ്റിയില്ലെന്നു വിവരം. ‘വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം’ എന്ന വിലാസത്തിലാണ് ഇ.ഡി സമൻസ് അയച്ചത്. വിവേക് ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നും ഇതു മുഖ്യമന്ത്രിയുടെ വസതിയാണെന്നും അറിയിച്ച് സമൻസ് മടക്കുകയായിരുന്നു. ‘സമൻസ് കൊടുത്തു; പക്ഷേ, പിന്നീട് എന്താണുണ്ടായതെന്ന് അറിയില്ല’– ഇതാണ് ഇ.ഡി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരം. English Summary:
ED Summons CM\“s Son: Unraveling the Mystery of the Stalled Financial Probe |