cy520520 • 2025-10-28 09:24:56 • views 1268
കോട്ടയം∙ ആർഎസ്എസ് ശാഖയിൽ പലരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ചു ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ കൂടുതൽ അന്വേഷണവുമായി പൊലീസ്. ആത്മഹത്യ കുറിപ്പില്‍ ആര്‍എസ്എസ് നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു. ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്.
- Also Read ‘വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, ശക്തമായ അന്വേഷണം വേണം’; ആർഎസ്എസിനെതിരെ കുറിപ്പിട്ട് യുവാവ് ജീവനൊടുക്കിയതിൽ പ്രതികരിച്ച് പ്രിയങ്ക
തമ്പാനൂർ പൊലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. യുവാവിന്റെ മരണം സംബന്ധിച്ച് വീട്ടുകാർ പരാതി നൽകിയിട്ടില്ല. ആർഎസ്എസ് താലൂക്ക് ഭാരവാഹിയായിരുന്നു യുവാവിന്റെ അച്ഛൻ. ഇദ്ദേഹം 2019ൽ വാഹനാപകടത്തിൽ മരിച്ചു. യുവാവിന്റെ മരണമൊഴിയായി വിശ്വസിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്, പിതാവിനൊപ്പം പ്രവർത്തിച്ചിരുന്ന ആർഎസ്എസ് പ്രവർത്തകർ സംശയമുയർത്തിയിട്ടുണ്ട്. പിതാവിന്റെ ശാഖയിലാണ് യുവാവ് ബാല്യകാലം മുതൽ ഉണ്ടായിരുന്നതെന്നും, പോസ്റ്റിലെ ആക്ഷേപങ്ങൾ അവിശ്വസനീയമെന്നുമാണ് അവർ സമൂഹമാധ്യമത്തിൽ വിശദീകരിച്ചത്. യുവാവിന്റെ ഐഡിയിൽ മറ്റാരെങ്കിലും പോസ്റ്റിടാനുള്ള സാധ്യത അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
- Also Read നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ
മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. ആർഎസ്എസിൽ ഇരകൾ വേറെയുമുണ്ട്. സംഘടനയിൽനിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് തുറന്നുപറയാൻ കഴിയുന്നതെന്നും അനന്തുവിന്റെ കുറിപ്പിൽ പറയുന്നു. പിതാവാണ് ആർഎസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കൾ കുട്ടികളെ സ്നേഹം നൽകി വളർത്തണമെന്നും അവരെ കേൾക്കാൻ തയാറാകണമെന്നും കുറിപ്പിലുണ്ടായിരുന്നു. English Summary:
Police Investigation Launched in Ananthu Aji Case: The incident has sparked widespread concern and calls for a thorough investigation. Authorities are currently investigating the circumstances surrounding his death and the allegations made in his suicide note. |
|