കോഴിക്കോട് ∙ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും മർദിച്ച പൊലീസുകാരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നുമുള്ള റൂറൽ എസ്പി കെ.ഇ.ബൈജുവിന്റെ തുറന്നുപറച്ചിൽ ദുരൂഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ.
Read More
- മർദനമേറ്റത് എംപിക്ക്, പൊലീസുകാർ ഡൽഹിയിൽ പോകേണ്ടി വരുമെന്ന് എം.കെ.രാഘവൻ: സമ്മർദത്തിൽ പൊലീസ് Kozhikode
ആർഎസ്എസ് അനുകൂല സംഘടനയായ സേവാ ദർശൻ നടത്തിയ പരിപാടിയിൽ വച്ചായിരുന്നു റൂറൽ എസ്പിയുടെ കുറ്റസമ്മതം. ആർഎസ്എസ് ബിജെപി നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി അംഗമായ മറ്റൊരു പൊലീസുകാരനും പങ്കെടുത്തിരുന്നു. കോഴിക്കോട് ജില്ലയിൽ ആർഎസ്എസ്– സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ദല്ലാളാണ് ബൈജു എന്നും വി.പി.ദുൽഖിഫിൽ ആരോപിച്ചു.
തൃശൂരിൽ ബിജെപിക്ക് ജയം ഒരുക്കുന്നതിന്റെ ഭാഗമായി എം.ആർ.അജിത് കുമാർ തൃശൂർ പൂരം കലക്കിയതിന് സമാനമായി കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടി കലക്കുന്നതിന്റെ ഉത്തരവാദിത്തം റൂറൽ എസ്‌പി ഏറ്റെടുത്തിരിക്കുകയാണന്നും വി.പി.ദുൽഖിഫിൽ ആരോപിച്ചു.
തന്റെ വാഹനം അകാരണമായി തടഞ്ഞ കേസിലെ ഒന്നാംപ്രതിയും ആർഎസ്എസ് അനുകൂലിയുമായ പൊലീസുകാരൻ സുജിലേഷിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്നത് കെ.ഇ.ബൈജുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റൂറൽ എസ്പിയും പൊലീസുകാരനും ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിൽ അന്വേഷണം വേണമെന്നും വി.പി.ദുൽഖിഫിൽ ആവശ്യപ്പെട്ടു.
English Summary:
Kerala Politics revolves around allegations against Rural SP K.E. Baiju. Youth Congress accuses him of RSS allegiance and disrupting Congress protests, demanding an investigation into his involvement with an RSS-affiliated organization. |
|