deltin33 • 2025-10-28 09:28:16 • views 790
കൊച്ചി ∙ ലാവ്‌ലിൻ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദിനെയും മേൽനോട്ട ചുമതലയുണ്ടായിരുന്ന അഡിഷനൽ ഡയറക്ടർ ദിനേഷ്കുമാർ പരചൂരിയെയും സ്ഥലം മാറ്റി. പകരം വന്ന ഉദ്യോഗസ്ഥർക്കു ലാവ്‌ലിൻ കേസിന്റെ ചുമതല കൈമാറാതിരുന്നതാണ് അന്വേഷണം മരവിക്കാൻ കാരണമാ യത്.
- Also Read സമൻസ് റദ്ദാവില്ല, എന്തു സംഭവിച്ചു എന്നതിൽ ദുരൂഹത
രാഷ്ട്രീയപ്രാധാന്യമുള്ള കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഐആർഎസ് ഉദ്യോഗസ്ഥരായ ആനന്ദിനെയും പരചൂരിയെയും ആദായനികുതി വിഭാഗത്തിൽനിന്നു ഡപ്യൂട്ടേഷനിലാണ് കൊച്ചി ഇ.ഡി ഓഫിസിലേക്കു നിയോഗിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 14നു കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകണമെന്നു നിർദേശിച്ചാണ് ആനന്ദ് സമൻസ് അയച്ചത്. വിവേക് ഹാജരായില്ലെങ്കിലും തുടർസമൻസുകളോ നടപടികളോ സ്വീകരിച്ചതായി ഔദ്യോഗിക രേഖകളില്ല.
2023 നു ശേഷം സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥരാണ് കൊച്ചി ഓഫിസിൽ ഇപ്പോഴുള്ളത്. ഇവർക്കാർക്കും തന്നെ ലാവ്‌ലിൻ കേസിലെ ഫയൽ നടപടികളെക്കുറിച്ചോ മുഖ്യമന്ത്രിയുടെ മകനയച്ച സമൻസിലെ തുടർനടപടികളെക്കുറിച്ചോ അറിവില്ല താനും. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുടെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഇ.ഡി അഡിഷനൽ ഡയറക്ടർ പി.രാധാകൃഷ്ണനെയും അന്വേഷണം പൂർത്തിയാകുംമുൻപു സ്ഥലം മാറ്റിയിരുന്നു.
ഇ.ഡി റജിസ്റ്റർ ചെയ്ത കേസുകളിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണപ്പെടുത്തിയെന്നാരോപിച്ചു സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിനെ കൊണ്ട് റജിസ്റ്റർ ചെയ്യിപ്പിച്ച കേസിൽ രാധാകൃഷ്ണനെ പ്രതിയാക്കിയിരുന്നു. ഹൈക്കോടതി പിന്നീട് ഈ എഫ്ഐആർ റദ്ദാക്കി. English Summary:
ED Officers Investigating Lavalin Case Abruptly Transferred: Investigation Halted |
|