തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ജാഥകൾക്ക് തുടക്കമായി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
- Also Read ജെൻ സീ പ്രക്ഷോഭം; മഡഗാസ്കർ പ്രസിഡന്റ് രാജ്യം വിട്ടു
എം.വിൻസെന്റ് എംഎൽഎ വൈസ് ക്യാപ്റ്റനായ ജാഥയുടെ കോ–ഓർഡിനേറ്റർ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ്. ഇന്നു തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ വൈകിട്ടു കൊല്ലം ജില്ലയിൽ പ്രവേശിക്കും. ചെങ്ങന്നൂർ വരെയാണ് ഈ ജാഥയുടെ പ്രയാണം.
∙ കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന മേഖലാ യാത്ര തൃത്താലയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലൂടെ കടന്ന് 17നു ചെങ്ങന്നൂരിൽ എത്തും. 18ന് ചെങ്ങന്നൂരിൽ നിന്നു പദയാത്രയായി പന്തളത്ത് എത്തിച്ചേരും. മുൻ എംപി ടി.എൻ.പ്രതാപനാണ് യാത്രയുടെ വൈസ് ക്യാപ്റ്റൻ. ഉദ്ഘാടനച്ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം അധ്യക്ഷനായി.
∙ കെ. മുരളീധരൻ നയിക്കുന്ന മലബാർ മേഖലാ ജാഥ കാഞ്ഞങ്ങാട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രയാണം പൂർത്തിയാക്കിയ യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തും.
∙ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാൻ എംപി നയിക്കുന്ന മേഖലാജാഥ ഇന്നു മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കും.
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി വിശ്വാസസംരക്ഷണ യാത്രയുടെ മലബാർ മേഖലാ പര്യടനത്തിന്റെ കാഞ്ഞങ്ങാട്ടെ ഉദ്ഘാടനവേദിയിലെത്തിയ മുത്തപ്പനാർകാവിലെ പി.നാരായണിയമ്മ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും ജാഥാ ക്യാപ്റ്റൻ കെ.മുരളീധരനെയും അനുഗ്രഹിച്ചപ്പോൾ. English Summary:
Thiruvananthapuram: Congress Launches Statewide \“Vishwas Samrakshana Jathas\“ for Sabarimala |
|