deltin33 • 2025-10-28 09:29:31 • views 805
സമാധാനം- ഈ വാക്കു പകരുന്ന പ്രകാശവും സൗന്ദര്യവും ആശ്വാസവുമൊക്കെ ഹൃദയത്തിൽ അനുഭവിക്കുകയാണിപ്പോൾ ലോകം. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് ഉച്ചകോടിയിലുണ്ടായ ഗാസ വെടിനിർത്തൽകരാറിലുള്ളത് ആ സമാധാനത്തിന്റെ താക്കോലാണ്.
കരാർ ഒപ്പിടുകയും ഗാസയിൽ ജീവനോടെ ശേഷിച്ച 20 ഇസ്രയേൽ ബന്ദികളെ ഹമാസും പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുകയും ചെയ്തതോടെ, നീണ്ട കഠിനകാലത്തിനുശേഷം ആ മേഖലയിൽ സമാധാനം പുലരുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ മധ്യസ്ഥർ ഒപ്പിട്ട കരാർ വ്യവസ്ഥകൾ ഇരുപക്ഷവും ഒരിക്കലും ലംഘിക്കാതിരിക്കട്ടെ എന്നാണു ലോകത്തിന്റെ ആഗ്രഹം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കർമപദ്ധതിക്കൊപ്പം, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുലരാൻ വേണ്ട നടപടികളും ഉച്ചകോടി സമഗ്രമായി ചർച്ച ചെയ്യുകയുണ്ടായി.
യുദ്ധം തകർത്ത ഗാസ പുതുജീവൻ തേടുകയാണിപ്പോൾ. ആ മേഖലയിൽ അവശേഷിക്കുന്ന ജനത കൊടുംപട്ടിണിയിലാണ്. ദുരിതാശ്വാസ സഹായം ഊർജിതമാക്കുകയാണ് അവരുടെ അടിയന്തരാവശ്യം. ഗാസയിലേക്കു രാജ്യാന്തര ഏജൻസികൾ കൂടുതൽ സഹായമെത്തിച്ചു തുടങ്ങുന്നത് ആശ്വാസകരമാണ്. പ്രതിദിനം 600 ട്രക്കുകൾ വീതം കടത്തിവിടുമെന്നാണ് ഇസ്രയേൽ അറിയിച്ചത്.
ഭക്ഷണത്തിനും വൈദ്യസഹായത്തിനും പുറമേ, ജലവിതരണത്തിനും അഴുക്കുചാൽ അറ്റകുറ്റപ്പണികൾക്കുമുള്ള സാധനസാമഗ്രികളും എത്തിക്കും. എന്നാൽ, ഗാസയുടെ തെക്ക് –വടക്ക് മേഖലകൾക്കിടയിലെ രണ്ടു പ്രധാന റോഡുകൾവഴി സഹായവാഹനങ്ങൾക്കു സ്വതന്ത്രമായി പോകാൻ സൗകര്യമൊരുക്കേണ്ടതുണ്ട്.
ഇവിടെ ആ താക്കോലിനെ ഓർമിക്കാതെവയ്യ– ഗാസയിലായാലും വെസ്റ്റ് ബാങ്കിലായാലും വീടു വിട്ടിറങ്ങേണ്ടിവരുന്ന പലസ്തീൻകാർ താക്കോൽ ചരടിൽ കോർത്തു മാലയായി അണിയാറുണ്ട്. എന്നെങ്കിലുമൊരിക്കൽ പഴയവീട്ടിലേക്കു തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയുടെ മുദ്രയാണ് അവർക്ക് ആ താക്കോൽ.
ഇക്കഴിഞ്ഞ യുഎൻ പൊതുസഭാ സമ്മേളനത്തെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കോട്ടിലും കുത്തിവച്ചിരുന്നു, ഒരു താക്കോൽ. വെടിനിർത്തൽ കരാർ നിലവിൽവന്ന ശേഷം താക്കോലുമായി സ്വന്തം പ്രദേശത്തേക്കു തിരിച്ചെത്തുന്ന ഭൂരിഭാഗം പലസ്തീൻകാർക്കും പക്ഷേ, വീടില്ല. അവരുടെ പുനരധിവാസം വലിയൊരു പ്രശ്നംതന്നെയായി രാജ്യാന്തര സമൂഹത്തിനുമുന്നിലുണ്ട്.
ഇരുപതിന ഗാസ കരാറിലെ തുടർനടപടികൾ സംബന്ധിച്ചുള്ള അനിശ്ചിതത്വവും നമ്മെ ആശങ്കപ്പെടുത്തുന്നു. ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ എന്ന രാജ്യാന്തര സമിതിക്കാവും യുദ്ധാനന്തര ഗാസയുടെ ഭരണമെന്നാണു കരാറിലുള്ളത്. പലസ്തീൻകാരുടെ സമിതിയാകാം, പുറമേനിന്നുള്ളവരുടെ ഭരണം അംഗീകരിക്കില്ലെന്നാണു ഹമാസ് നിലപാട്. ഇതുപോലെ, പല വിഷയങ്ങളിലും നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾ ആശങ്കാജനകമാണ്.
പലസ്തീനു സ്വതന്ത്ര രാഷ്ട്രപദവി വേണമെന്ന ജനാധിപത്യവിശ്വാസികളുടെ ആവശ്യത്തിനു ലോകമെങ്ങും പിന്തുണയേറിവരികയാണെന്ന യാഥാർഥ്യം ഇസ്രയേലും യുഎസും ഉൾക്കൊള്ളുകയും വേണം. ഇപ്പോഴത്തെ കരാർ വെടിനിർത്തൽ മാത്രമായിക്കൂടാ. തർക്കങ്ങൾ എത്രയുംവേഗം ഒത്തുതീർപ്പാക്കി, ശാശ്വത സമാധാനം അവിടെയെന്നും നിലനിൽക്കാൻ ലോകരാഷ്ട്രങ്ങളെല്ലാം തുടർന്നും കൈകോർത്തുനിൽക്കണം.
നവലോകത്തിന് ഒരു യുദ്ധത്തെയും ന്യായീകരിക്കാനാവില്ല. ഏതു യുദ്ധവും ഒരു ദിവസമെങ്കിലും നേരത്തേ അവസാനിച്ചെങ്കിൽ എന്നാണ് ലോകമനഃസാക്ഷി ആഗ്രഹിക്കുന്നത്. ഗാസ കരാറിലൂടെ ഇപ്പോൾ വിജയംകാണുന്ന സമാധാനദൗത്യം മൂന്നരവർഷത്തിലേറെ പിന്നിട്ട റഷ്യ– യുക്രെയ്ൻ യുദ്ധത്തിനുകൂടി എത്രയുംവേഗം വിരാമമാകാൻ പ്രചോദനമാകണമെന്നും ലോകം ആഗ്രഹിക്കുന്നു. രാജ്യാന്തര സമൂഹത്തിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ അവസാനിപ്പിക്കാമായിരുന്ന സംഘർഷമാണ് അവിടെ ഇപ്പോഴും രൂക്ഷമായി നീളുന്നത്.
ഇസ്രയേൽ– ഹമാസ് യുദ്ധത്തിൽ മുറിവേറ്റ മണ്ണും മനുഷ്യരും പറയുന്നതു കാതോർത്താൽ നമുക്കു കേൾക്കാം– ഒരു യുദ്ധവും നഷ്ടമല്ലാതെ ഒന്നും ബാക്കിയാക്കുന്നില്ല. ചോരകൊണ്ടല്ല, സഹവർത്തിത്വവും മാനുഷികതയുംകൊണ്ടാവണം പുതിയ ലോകക്രമത്തിന്റെ നിർമിതി. English Summary:
Gaza Ceasefire: A Fragile Hope for Lasting Peace in the Middle East |
|