deltin33 • 2025-10-28 09:30:46 • views 854
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് സമൻസ് ഉണ്ടായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സ്ഥിരീകരണവും ഇതു കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പ്രതികരണവും വന്നശേഷം പുകമറ സൃഷ്ടിക്കാൻ സിപിഎമ്മിന്റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം നൽകിയ സമൻസിന്റെ ചിത്രത്തിൽ കൃത്രിമമാണെന്ന മട്ടിൽ പാർട്ടി മുഖപത്രം വാർത്ത നൽകി.
- Also Read ശബരിമല: ചെമ്പാക്കിയത് ദേവസ്വം ബോർഡ് ; കട്ടിളപ്പാളിയിൽ വിജിലൻസ് കണ്ടെത്തൽ
1) സമൻസിലെ മൂന്നാം പേജ്. കേസ് നമ്പർ, ഹാജരാകുമ്പോൾ വിവേക് കൊണ്ടുവരേണ്ട രേഖകളുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പേജിനു താഴെ പി.കെ.ആനന്ദ് ഒപ്പുവച്ചിട്ടുണ്ട്. 3 പേജുകളിലും ഇ.ഡിയുടെ സീലുമുണ്ട്. 2) വിവേക് കിരണിന്റെ പേരിൽ സമൻസുണ്ടെന്ന് സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള രേഖ.\“
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയോ വിഷയത്തിൽ പ്രതികരിച്ച മന്ത്രിമാരോ ഇതുവരെ ഉന്നയിക്കാത്ത കാര്യമാണിത്.
സിപിഎം പ്രചാരണവും അതിനുള്ള മറുപടിയും:
∙ പ്രചാരണം: കഴിഞ്ഞ 2 ദിവസം പ്രസിദ്ധീകരിച്ച ഇ.ഡി ‘നോട്ടിസി’ൽ കൃത്രിമം കാട്ടിയതായി തെളിഞ്ഞു.
∙ മറുപടി: ഇ.ഡി അയച്ചത് നോട്ടിസ് അല്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായ സമൻസ് ആണ്.
∙ പ്രചാരണം: 11നും 14നും പ്രസിദ്ധീകരിച്ച നോട്ടിസിന്റെ കോപ്പികളിൽ പ്രകടമായ വ്യത്യാസമുണ്ട്.
∙ മറുപടി: ഉണ്ട്. സമൻസിലെ 2 പേജുകളാണവ. സമൻസിൽ ആകെ 3 പേജുകളാണുള്ളത്. കഴിഞ്ഞ 11, 12, 14 തീയതികളിൽ അവ മൂന്നും ‘മലയാള മനോരമ’ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു.
∙ പ്രചാരണം: ആദ്യ ഇ.ഡി സമൻസ് കോപ്പിയുടെ നമ്പറും വിലാസവും വായിക്കാൻ പറ്റുംവിധം വലുതാക്കിയാണു കൊടുത്തത്. വിലാസം മാത്രം പേന കൊണ്ട് എഴുതിയിരുന്നു.
∙ മറുപടി: ‘വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്,തിരുവനന്തപുരം’ എന്ന വിലാസം രേഖപ്പെടുത്തിയ സമൻസിന്റെ ആദ്യ പേജാണ് ആദ്യ ദിനം നൽകിയത്. ഇതിലെ വിലാസം പേന കൊണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിലാസത്തിലേക്ക് അയയ്ക്കുകയോ കൊടുത്തുവിടുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ.ഡി ഇതു ചേർത്തതെന്നാണു മനസ്സിലാക്കുന്നത്.
∙ പ്രചാരണം: 11നും 14നും നൽകിയ
‘നോട്ടിസ്’ നമ്പറുകൾ വ്യത്യസ്തമാണ്. ആദ്യം കൊടുത്ത ‘നോട്ടിസി’ലെ നമ്പറോ വിലാസമോ വിശദാംശങ്ങളോ അല്ല രണ്ടാമത്തേതിൽ.
∙ മറുപടി: ഒന്ന് സമൻസിന്റെയും രണ്ടാമത്തേത് കേസിന്റെയും നമ്പറാണ്. അതുകൊണ്ടുതന്നെ രണ്ടും വ്യത്യസ്തമാണ്. 11നു നൽകിയത് സമൻസിന്റെ നമ്പറാണ് – PMLA/SUMMON/KCZO/2023/769. സമൻസിൽ പിഎംഎൽഎ എന്നു രേഖപ്പെടുത്തിയിട്ടുണ്ട് – അതായത്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള സമൻസ്.
കേസിന്റെ നമ്പറാണു 14നു നൽകിയത് – ECIR/KCZO/02/2020 എന്നാണ് കേസ് നമ്പർ. ECIR എന്നാൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്. രണ്ടു നമ്പറുകളിലും രേഖപ്പെടുത്തിയിരിക്കുന്ന KCZO എന്നത് ഇ.ഡിയുടെ കൊച്ചി സോണൽ ഓഫിസിനെ സൂചിപ്പിക്കുന്നു. ഈ കേസ് നമ്പർ എസ്എൻസി ലാവ്‌ലിനുമായി ബന്ധപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം ഇ.ഡി സ്ഥിരീകരിച്ചു.
∙പ്രചാരണം: ആകെ ഒരു ‘നോട്ടിസ്’ അയച്ച കാര്യമേ ഇ.ഡിയും മനോരമയും പറയുന്നുള്ളൂ. അപ്പോൾ 2 തരത്തിലുള്ള ‘നോട്ടിസ്’ എങ്ങനെ വന്നു.
∙ മറുപടി: സമൻസിനെ ‘നോട്ടിസ്’ എന്ന് പാർട്ടി മുഖപത്രം തെറ്റായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് ഇ.ഡി അയച്ചതായി ഇതുവഴി അവർ സമ്മതിക്കുന്നു. 2 തരത്തിലുള്ള ‘നോട്ടിസ്’ ഇല്ല. 3 പേജുള്ള ഒരു സമൻസാണുള്ളത്. അതിലെ 2 പേജുകളെയാണ് രണ്ടു തരത്തിലുള്ള ‘നോട്ടിസ്’ എന്ന മട്ടിൽ അവതരിപ്പിക്കുന്നത്.
∙ പ്രചാരണം: വിശ്വാസ്യത പോലും ഉറപ്പാക്കാതെയാണു വാർത്ത നൽകിയത്.
∙ മറുപടി: സമൻസിന്റെ ആധികാരികത ഉറപ്പാക്കാൻ ഇ.ഡിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ‘വെരിഫൈ യുവർ സമൻസ്’ എന്ന വിഭാഗമുണ്ട്. സമൻസ് നമ്പറും സമൻസിൽ രേഖപ്പെടുത്തിയിട്ടുള്ള പാസ്‌വേഡും ഉപയോഗിച്ച് ഇതു പരിശോധിക്കാം.
നമ്പറും പാസ്‌വേഡും നൽകിയപ്പോൾ ഇത് യഥാർഥ സമൻസ് ആണെന്ന് ഇ.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു. ‘ഡീറ്റെയിൽസ് ഓഫ് സമൻസ് ഇഷ്യൂഡ്’ (പുറപ്പെടുവിച്ച സമൻസിന്റെ വിശദാംശം) എന്ന പേരിലാണ് ഈ സമൻസ് ഒൗദ്യോഗിക വെബ്സൈറ്റിൽ ഇ.ഡി ചേർത്തിരിക്കുന്നത്.
‘മനോരമ’യുടെ പക്കലുള്ള സമൻസിലെ നമ്പറും ഇ.ഡി വെബ്സൈറ്റിലെ സമൻസ് നമ്പറും ഒന്നു തന്നെയാണ്. സമൻസ് ആർക്കുള്ളത് എന്ന വിഭാഗത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് വിവേക് കിരൺ എന്നാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് എന്നും. ഇതേ വിവരങ്ങൾ തന്നെയാണ് മനോരമയുടെ പക്കലുള്ള സമൻസിലുള്ളതും. ഇങ്ങനെയാണു സമൻസിന്റെ വിശ്വാസ്യത ഉറപ്പിച്ചത്. വിവേകിനു സമൻസ് നൽകിയെന്നു പിന്നാലെ ഇ.ഡിയുടെ സ്ഥിരീകരണവും വന്നു. English Summary:
Vivek Kiran ED Summons: ED Confirms Summons to CM\“s Son Vivek Kiran Amidst CPM\“s \“Smokescreen\“ Claims |
|