cy520520 • 2025-10-28 09:33:46 • views 1194
ആലപ്പുഴ ∙ ജില്ലാക്കോടതിപ്പാലം പുനർനിർമാണ ജോലികൾക്കു തടസ്സമാണെന്നു കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ച മത്സ്യകന്യക ശിൽപം പൊളിച്ചുമാറ്റാൻ തീരുമാനിച്ചു; പക്ഷേ തീരുമാനത്തിന്റെ മിനിറ്റ്സ് ലഭിക്കാത്തതിൽ ശിൽപം പൊളിച്ചുമാറ്റാനുള്ള നടപടികളിലേക്ക് കരാർ കമ്പനി കടക്കുന്നില്ല.
Read Also
- ദേശീയപാതയ്ക്കായി പള്ളിമതിലും കുരിശടിയും പൊളിച്ചു: വൈദികർക്കും വിശ്വാസികൾക്കും മർദനമേറ്റു; ചേപ്പാട്ട് സംഘർഷം Alappuzha
കഴിഞ്ഞദിവസം പി.പി.ചിത്തരഞ്ജൻ എംഎൽഎയും കലക്ടറും കിഫ്ബി അധികൃതരും തമ്മിൽ നടന്ന യോഗത്തിലാണ് കനാൽക്കരയിൽ സ്ഥാപിച്ചിട്ടുള്ള ശിൽപം നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇളക്കിയെടുത്ത് മറ്റൊരിടത്ത് ഇത് സ്ഥാപിക്കുക സാധ്യമല്ലെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ. പൊളിക്കാനുള്ള നടപടിയിലേക്ക് കടന്നശേഷം ഭാവികാര്യങ്ങൾ ആലോചിക്കാമെന്നും ധാരണയായി. എന്നാൽ തീരുമാനം രേഖപ്പെടുത്തി, യോഗത്തിൽ പങ്കെടുത്തവർ ഒപ്പിട്ട മിനിറ്റ്സ് ലഭിച്ചില്ലെന്ന കാരണത്താൽ ശിൽപം പൊളിക്കാനുള്ള നടപടിയിലേക്ക് കരാർ കമ്പനി കടന്നില്ല.
ഡോ.ടി.എം.തോമസ് ഐസക്കും, ജി.സുധാകരനും മന്ത്രിമാരായിരുന്ന സമയത്താണ് പാലവും ആലപ്പുഴ മൊബിലിറ്റി ഹബ്ബും ചേർന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട് 2024 ഓഗസ്റ്റ് 31ന് പാലത്തിന്റെ നിർമാണോദ്ഘാടനവും നടത്തി. 2026 ഓഗസ്റ്റ് 31നകം നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. ഇതിനകം 22% പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായത്. ഈ രീതിയിൽ പോയാൽ അവശേഷിക്കുന്ന 78% പ്രവൃത്തികൾ 10 മാസം കൊണ്ട് തീർക്കാൻ കഴിയാതെ വരുമെന്നു കിഫ്ബി ഉദ്യോഗസ്ഥർ പറയുന്നു.
കനാലിന്റെ തെക്കേക്കരയിൽ പൈലിങ് നിർമാണം വേഗത്തിലാക്കുന്നതിനായി റോഡിൽ സ്ഥാപിച്ചിരുന്ന ജലഅതോറിറ്റിയുടെ പൈപ്പ് ലൈനും, വൈദ്യുതി തൂണുകളും ലൈനും മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. ജോലികൾ പൂർത്തിയായാലുടൻ റോഡിൽ ഇപ്പോഴുള്ള താൽക്കാലിക ഗതാഗതം നിരോധിക്കും.
വൈഎംസിഎ മുതൽ ഔട്ട്പോസ്റ്റ് വരെയുള്ള ഗതാഗതം നിരോധിച്ചാൽ വ്യാപാരികൾക്കും നാട്ടുകാർക്കും ഒരേപോലെ ബുദ്ധിമുട്ടാകും. തുടക്കത്തിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചപ്പോൾ വ്യാപാരികളും റസിഡന്റ്സ് അസോസിയേഷനും സമരം നടത്തിയാണ് താൽക്കാലിക ഗതാഗത സൗകര്യം നേടിയെടുത്തത്. English Summary:
Alappuzha bridge construction faces delays due to the fish sculpture. The removal of the sculpture is crucial for KIIFB to proceed with the District Court Bridge project. The delay is further exacerbated by the lack of official minutes from the decision-making meeting. |
|