പട്ന ∙ ‘ടിക്കറ്റ് ചോർ, പാർട്ടി ഛോഡ്’ ബാനറുമായി ബിഹാർ കോൺഗ്രസിൽ ആഭ്യന്തരകലാപം. നിയമസഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എംഎൽഎമാരുടെ നേതൃത്വത്തിലാണു വിമത നീക്കം. വിമതർക്കൊപ്പം ചേർന്ന കോൺഗ്രസ് വക്താവ് ആനന്ദ് മാധവ് പാർട്ടിയിൽനിന്നു രാജിവച്ചു.
പണം വാങ്ങി പാർട്ടി ടിക്കറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി സിറ്റിങ് എംഎൽഎമാരായ ഛത്രപതി യാദവ്, അഫാഖ് ആലം തുടങ്ങിയവരാണു രംഗത്തെത്തിയത്. സ്ഥാനാർഥിനിർണയ ചുമതലയുള്ള മൂവർ സംഘം ടിക്കറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം, നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ, സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലാവാരു എന്നിവർക്കെതിരെയാണു പരാതി. സ്ഥാനാർഥി നിർണയത്തിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നു വിമത നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു.
ക്രിമിനലുകൾക്കും പാർട്ടി മാറിയെത്തിയവർക്കുമാണു സ്ഥാനാർഥിത്വം നൽകുന്നതിൽ മുൻഗണന നൽകിയതെന്നു ആനന്ദ് മാധവ് കുറ്റപ്പെടുത്തി. ജയസാധ്യത പോലും പരിഗണിക്കാതെയാണു സ്ഥാനാർഥികളെ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം 113 വോട്ടുകൾക്കു പരാജയപ്പെട്ട ഗജേന്ദ്ര സാഹ്നിയെ തഴഞ്ഞു പകരം ടിക്കറ്റ് നൽകിയത് 36,000 വോട്ടിനു തോറ്റയാൾക്കാണെന്ന് ആനന്ദ് മാധവ് തെളിവു നിരത്തി. English Summary:
Bihar Election: Bihar Congress Rocked by \“Ticket Sale\“ Allegations, Spokesperson Resigns |