deltin33 • 2025-10-28 09:40:13 • views 1255
കോട്ടയം ∙ പൊന്നോമനയുടെ ജീവൻ നിലനിർത്താനായി സ്വന്തം വൃക്ക നൽകാൻ അച്ഛനും അമ്മയും തയാറാണ്. പക്ഷേ ഭീമമായ ചികിത്സ ചെലവു ആലോചിക്കുമ്പോൾ നാലു വയസ്സുകാരനെ നോക്കി കണ്ണീർ പൊഴിക്കാനെ മാതാപിതാക്കൾക്ക് കഴിയൂ. എടവനക്കാട് നികത്തിത്തറ മിഥുൻ രാജ് – അലീന ദമ്പതികളുടെ മകനായ അലംകൃത് ആണ് ചികിത്സയ്ക്ക് പണമില്ലാത്തതിന്റെ പേരിൽ ജീവിതത്തോട് പട വെട്ടുന്നത്.
ജനിക്കുമ്പോൾ തന്നെ വൃക്ക തകരാർ ഉണ്ടായിരുന്ന കുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ കാൻസർ ബാധിച്ചു. ഇതിന് ചികിത്സ നടത്തിയെങ്കിലും വൈകാതെ വൃക്ക പ്രവർത്തന രഹിതമായി. ഇതേ തുടർന്ന് 3 വർഷത്തോളമായി ഡയാലിസിസ് നടത്തി വരികയാണ്. ഇനി വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മകന്റെ ജീവനു വേണ്ടി വൃക്ക നൽകാൻ സമ്മതമറിയിച്ച് മാതാപിതാക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 2 പിന്നിട്ടു. എന്നാൽ 25 ലക്ഷത്തോളം വരുന്ന ശസ്ത്രക്രിയ ചെലവും തുടർചികിത്സാ ചെലവുകളുമാണ് കുടുംബത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്.
പെയ്റ്റിങ് തൊഴിലാളിയായ മിഥുൻ രാജിന് ഈ തുക ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മിഥുന്റെ മാതാവ് ബേബിയമ്മയും വാർധക്യ സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്. മിഥുന്റെ വരുമാനം കുടുംബ ചെലവിനും മരുന്നിനും തികയില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും കുടുംബത്തിനില്ല. 6 വർഷത്തിലേറെയായി വാടക വീടുകളിലാണ് താമസിക്കുന്നത്. ഇപ്പോൾ താമസിക്കുന്ന വീടിന് 21,000 രൂപയോളം വാടക കുടിശിക നൽകാനുണ്ട്. ഇതിനു പുറമേ വൈദ്യുതി, വാട്ടർ ബില്ല് എന്നിങ്ങനെ വേറെയും നൽകാനുണ്ട്. ഇതിനിടയിലാണ് മകന്റെ രോഗാവസ്ഥയിൽ കുടുംബത്തെ വേട്ടയാടുന്നത്. കടം വാങ്ങിയും പലിശയ്ക്ക് പണം വാങ്ങിയുമൊക്കയാണ് മകന്റെ ചികിത്സാ ചെലവുകൾ ഇപ്പോൾ നടത്തുന്നത്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലായിരുന്നു കുട്ടിയുടെ ചികിത്സാ നടത്തി വന്നത്. രോഗം കലശലായതിനെ തുടർന്നു ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ പെട്ടെന്ന് ഇത്രയും തുക കണ്ടെത്താൻ കുടുംബത്തിന് കഴിയില്ല. കുട്ടിയുമായി വിവിധ ആശുപത്രികൾ കയറി ഇറങ്ങുന്നതിനാൽ കൃത്യമായി ജോലിക്ക് പോകാൻ പോലും മിഥുന് കഴിയുന്നില്ല. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി കുട്ടിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ചികിത്സ ധനസമാഹരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാർഡ് അംഗം സജിത്ത് കുമാർ, പിതാവ് മിഥുൻ രാജ് എന്നിവരുടെ പേരിൽ യൂണിയൻ ബാങ്കിന്റെ ഇടവനക്കാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസ്സുകൾ സഹായിച്ചാൽ തങ്ങളുടെ മകന് പുതു ജീവൻ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് കുടുംബം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
യൂണിയൻ ബാങ്ക്, ഇടവനക്കാട് ശാഖ
അക്കൗണ്ട് നമ്പർ: 741302010009450,
ഐഎഫ്എസ്ഇ കോഡ്: യുബിഐഎൻ0574139
ഫോൺ: 7025544048. English Summary:
Kidney transplant is urgently needed for Alamkrith, a four-year-old child suffering from kidney failure and cancer. His family seeks financial assistance for the expensive surgery and ongoing treatment. Generous support from donors can provide a new lease on life for Alamkrith. |
|