തിരുവനന്തപുരം ∙ സ്വർണം വേർതിരിക്കുന്നതിനും പൂശുന്നതിനും ദക്ഷിണേന്ത്യയിൽ സുതാര്യതയുള്ള സ്ഥാപനങ്ങൾ ഇല്ലെന്ന് കഴിഞ്ഞ ജൂലൈയിൽ ഉത്തരവിറക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ്, 2 മാസത്തിനു ശേഷം ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലുള്ള പാളികൾ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശാൻ ഏൽപിച്ചത് ദക്ഷിണേന്ത്യൻ സ്ഥാപനത്തെ.
- Also Read കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ ഓർമ നഷ്ടപ്പെട്ടു, കൊച്ചിയിലെത്തി കാണാതായി; ഹേബിയസ് കോർപസ് ഹർജി നൽകാൻ മകൻ
നേരത്തേ, ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് ഇത്തരം ജോലികൾ ചെയ്യുന്നതിന് സുതാര്യതയുള്ള സ്ഥാപനങ്ങൾ ദക്ഷിണേന്ത്യയിലില്ലെന്ന് തിരുവാഭരണം കമ്മിഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞവർഷം ജൂലൈ 4നു നൽകിയ റിപ്പോർട്ട് ഈ വർഷം ജൂലൈ 18ലെ ഉത്തരവിലൂടെ ദേവസ്വം ബോർഡ് ശരിവയ്ക്കുകയായിരുന്നു. എന്നാൽ, സെപ്റ്റംബറിൽ ദ്വാരപാലക ശിൽപപാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിലേക്കാണ് അയച്ചത്. ഇതോടെ, അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശിയ സ്മാർട് ക്രിയേഷൻസിന്റെ വിശ്വാസ്യതയും ഒപ്പം ദേവസ്വം ബോർഡ് നടപടിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
2021ൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഇടിമിന്നലേറ്റ് കേടുവന്ന കൊടിമരത്തിലെ സ്വർണപ്പറയിലെ സ്വർണം വേർതിരിച്ചു വീണ്ടും പൂശാനാണു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച സ്ഥാപനങ്ങൾക്കായി തിരുവാഭരണം കമ്മിഷണർ അന്വേഷണവും ചർച്ചകളും നടത്തിയത്.
തുടർന്നു നിർമാണ ജോലിക്കു പറ്റിയ സ്ഥാപനങ്ങളില്ലെന്ന് കണ്ടെത്തി. സ്വർണപ്പറയിൽ ഇലക്ട്രോപ്ലേറ്റിങ് സാങ്കേതികവിദ്യ ഒഴിവാക്കി പരമ്പരാഗത രീതിയിൽ ചെയ്യാനാണ് പിന്നീട് തീരുമാനിച്ചത്. അതേസമയം, ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികൾ സ്വർണപ്പറ സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ സ്ട്രോങ് റൂമിൽ കയറ്റി പരിശോധന നടത്തിയെന്നു വിവരാവകാശ പ്രവർത്തകനായ വി.ശ്രീകുമാർ കൊങ്ങരേട്ട് പറഞ്ഞു. English Summary:
Devaswom Board\“s Gold Plating U-Turn: Chennai Firm Gets Sabarimala Contract Despite Earlier Report |
|