കാസർകോട്∙ സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി.ഭാസ്കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. അവസാനത്തെ പ്രതീക്ഷയെന്നോണമാണ് താൻ വിഡിയോ സന്ദേശം പുറത്തുവിടുന്നതെന്ന് സംഗീത പറയുന്നു. ഒരു രഹസ്യ ഫോൺ ഉപയോഗിച്ച് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് യുവതി തന്റെ ദുരിതം ലോകത്തോട് വിളിച്ചു പറഞ്ഞത്.
- Also Read പ്രവീണിനെ എന്തിനു കൊന്നു? പരസ്പര വിരുദ്ധ മറുപടിയുമായി പ്രതി; വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
View this post on Instagram
A post shared by Manorama Online (@manoramaonline)
വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴെ തളർന്നയാളാണ് സംഗീത. വീട്ടിൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് സംഗീത വിഡിയോയിൽ പറയുന്നു. വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കിയെന്നും, അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നതെന്നും അവർ വ്യക്തമാക്കി. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട് എന്നും, \“പോയി ചാകാൻ\“ പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
- Also Read ‘മുറിയിൽ കയറിയത് മോഷണത്തിന്; ശബ്ദിച്ചാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി’: കുറ്റം സമ്മതിച്ച് പ്രതി ബെഞ്ചമിൻ
പിതാവ് പി.വി.ഭാസ്കരൻ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സംഗീത വെളിപ്പെടുത്തി. “കമ്യൂണിസവും കാര്യങ്ങളുമെല്ലാം വീടിന് പുറത്തു മതി, വീടിനകത്ത് അതൊന്നും നടക്കില്ല,“ എന്നാണ് പിതാവ് പറഞ്ഞത്. താൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. ‘‘ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും’’ എന്നും പിതാവ് അധിക്ഷേപിച്ചതായി സംഗീത ആരോപിച്ചു.
- Also Read സഹോദരിയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറി; ഭര്‍തൃസഹോദരനെ ആക്രമിച്ച് യുവതി, സ്വകാര്യ ഭാഗങ്ങൾ മുറിച്ചു
നേരത്തെ വീട്ടുതടങ്കലിൽനിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല. താൻ തടങ്കലിലാണെന്ന വിവരം പൊലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ചോദിച്ചില്ലെന്നും സംഗീത പറഞ്ഞു. പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
- Also Read ഇടുക്കിയിലുണ്ടായത് മഴകളുടെ കൂടിച്ചേരൽ, പഴമക്കാർ പറഞ്ഞ പ്രതിഭാസം സത്യമാകുന്നു; വേണം മുല്ലപ്പെരിയാറിലും അതീവ ജാഗ്രതയുടെ കണ്ണ്
തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്.പിക്കും കലക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യർഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ ആവശ്യം. യുവതിയുടെ പരാതിയിൽ കാസർകോട് പൊലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. English Summary:
CPIM Leader\“s Daughter Files Complaint Against Father for Abuse: CPM Leader\“s daughter alleges abuse and confinement by her father in Kasargod. The woman claims she faces harassment due to her desire to marry someone from another religion and seeks immediate help. |