സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതും മഴയ്ക്ക് പിന്നാലെ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചതും ഇന്നത്തെ പ്രധാനവാർത്തയാണ്. അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ജില്ലയിലെ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേയ്ക്ക് മാറ്റിയതിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. ഇതിനു പിന്നാലെ സ്ഥലത്ത് സംഘർഷമുണ്ടായതും ഇന്നത്തെ പ്രധാനവാർത്തകളിൽ ഇടം നേടി. നവി മുംബൈയില്‍ അപ്പാർട്മെന്റിൽ തീപിടിച്ച് മലയാളികളടക്കം 4പേർ മരിച്ചത് ദാരുണസംഭവമായിരുന്നു. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി നാളെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ,പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു.
നവി മുംബൈയിലെ വാശി സെക്ടർ 14 ലെ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നംഗ മലയാളി കുടുംബം അടക്കം നാലുപേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ആറുവയസ്സുകാരി വേദിക എന്നിവരാണു മരിച്ച മലയാളികൾ. ഗുരുതരമായി പൊള്ളലേറ്റ 11 പേർ ചികിത്സയിലാണ്. എസിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പ്രകടനങ്ങൾ സംഘർത്തിൽ കലാശിച്ചു. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുൻപാണ് പ്രതിഷേധമുണ്ടായത്.
പാളയത്തെ പഴം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനമെന്നും പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിൽ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ‘വളരെ മോശം’ നിലയിലാണിത്.
ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. English Summary:
Todays Recap: 21-10-2025 |
|