LHC0088 • 2025-10-28 09:41:41 • views 1144
മരട് ∙ ജീവിതത്തിലേക്ക് തിരികെ വരാൻ പാലിയേറ്റീവ് കെയർ സെന്ററുകളുടെ കനിവ് തേടുകയാണ് ചമ്പക്കര കണ്ണാടിക്കാട് റോഡിൽ കൂറ്റേഴത്ത് സാജന്റെ വീട്ടിൽ പണയത്തിനു താമസിക്കുന്ന കുണ്ടന്നൂർ ചക്കുങ്കത്തറ സി.ആർ.ഷിബുവും (50) മക്കളും. കൂലിപ്പണിക്കാരനാണ് ഷിബു. ഭാര്യ ഷീബയും പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ചെയ്യുന്ന സി.എസ്.ആഷിക്കും പ്ലസ്ടു കഴിഞ്ഞു നിൽക്കുന്ന ഇളയ മകൻ അശ്വിനുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ താളം തെറ്റിയത് 3 മാസം മുൻപ് ഷിബു വീട്ടിൽ കുഴഞ്ഞു വീണതോടെയാണ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലും ഐസിയുവിലുമായി ഒന്നര മാസം കഴിഞ്ഞു.
തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖമായിരുന്നു ഷിബുവിന്. ഷിബുവിനെ പരിചരിക്കാൻ നിന്ന ഭാര്യ ഷീബയ്ക്കു പനി പിടിച്ചത് മറ്റൊരു ദുരന്തത്തിനു കാരണമായി. ന്യുമോണിയ ബാധയെ തുടർന്ന് ഐസിയുവിലായി 12-ാം ദിവസം ഷീബ മരിച്ചു. ഷീബ മരിക്കുന്നതിന് 2 ദിവസം മുൻപ് ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഷീബ മരിക്കുമ്പോൾ ഒരു മകൻ അമ്മയുടെ അടുത്തും ഒരാൾ അച്ഛന്റെ അരികിലും. ഇവരുടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവായി. 8 ലക്ഷത്തിലേറെ രൂപ ഇനിയും ആശുപത്രിയിൽ കടം. അമ്മ മരിച്ചത് അച്ഛനെ അറിയിക്കാതെയായിരുന്നു മക്കൾ ഇരുവരും അച്ഛന്റെ കൂടെ നിന്നത്. 3 ദിവസം മുൻപ് ഷിബുവിനെ വീട്ടിലെത്തിച്ചു. പ്രൈമറി നഴ്സ് പ്രിയ, സെക്കൻഡറി നഴ്സ് ഷീബ ജോസ് എന്നിവരുടെ നേതൃത്വത്തിൽ മരട് നഗരസഭയുടെ പാലിയേറ്റീവ് കെയർ ടീം വീട്ടിലെത്തുന്നുണ്ട്. ഡിവിഷൻ കൗൺസിലർ ഷീജ സാൻകുമാറും നാട്ടുകാരും കൂടെയുണ്ട്.
അബോധാവസ്ഥയിലാണു ഷിബു. ഒരു സർജറി കൂടി വേണം. ഏതെങ്കിലും പാലിയേറ്റീവ് കെയർ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാണ് ആഗ്രഹം. ആഷിക്കിനും അശ്വിനും ജീവിതത്തിന്റെ നല്ല വഴിയിൽ എത്താനും സുമനസ്സുകൾ കനിയണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
സി.എസ്.ആഷിക്ക്
എസ്ബിഐ, കുണ്ടന്നൂർ ശാഖ
അക്കൗണ്ട്. നമ്പർ: 44275960662
lFSC: SBIN0016073
ഗൂഗിൾ പേ 99954 22746 English Summary:
Palliative care is essential for providing comfort and support to individuals with serious illnesses. This article highlights the story of Shibu and his family, who are seeking palliative care and financial assistance after facing significant health challenges and loss. Your support can help them get back on their feet. |
|