deltin33 • 2025-10-28 09:41:39 • views 1240
വേങ്ങര ∙ കൂരിയാട് വന്നിട്ടും തകർന്ന ദേശീയപാത റോഡ് സന്ദർശിക്കാതെയും പ്രസംഗത്തിൽ നിർമാണ പ്രവൃത്തി സംബന്ധിച്ച് പരാമർശം നടത്താതെയും മന്ത്രി റിയാസ്. നവീകരിച്ച അച്ചനമ്പലം– കൂരിയാട് റോഡിന്റെ ഉദ്ഘാടനത്തിന് ഞായറാഴ്ച മന്ത്രി കൂരിയാട് എത്തിയിരുന്നു. ഇപ്പോൾ പുനർനിർമാണം നടക്കുന്ന റോഡിലൂടെയായിരുന്നു യാത്ര. സമീപത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി റോഡ് പ്രവൃത്തി സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. കഴിഞ്ഞ മേയ് 19 നാണ് കൂരിയാട് ആറുവരിപ്പാതയും സർവീസ് റോഡും തകർന്നത്. എന്നാൽ ഇതുവരെ മന്ത്രിയോ സംസ്ഥാന സർക്കാരിൽ നിന്നുള്ളവരോ സ്ഥലം സന്ദർശിച്ചിട്ടില്ല. നവീകരിച്ച അച്ചനമ്പലം – കൂരിയാട് റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ആറുവരിപ്പാതയുടെ പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിലെല്ലാം എത്തി റീൽസ് ഇട്ട് സർക്കാരിന്റെ വികസന നേട്ടമായി അവതരിപ്പിച്ചിരുന്ന മന്ത്രി റോഡ് തകർന്നപ്പോൾ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുകയായിരുന്നു. മാസങ്ങൾക്ക് ശേഷം പ്രദേശത്തെത്തിയിട്ടും ഇക്കാര്യത്തെ കുറിച്ച് മിണ്ടുകയോ സന്ദർശിക്കുകയോ ചെയ്യാതിരുന്നത് വിമർശനത്തിനിടയാക്കി.
ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച പി.കെ.കുഞ്ഞാലിക്കുട്ടി, ദേശീയപാതയിൽ കൊളപ്പുറത്ത് അശാസ്ത്രീയമായി നിർമിച്ച പാലം കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ പുതിയ മേൽപാലം അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിക്ക് കത്തുനൽകാം എന്ന് മന്ത്രി മറുപടി നൽകി.
അച്ചനമ്പലം-കൂരിയാട് റോഡ് ഉദ്ഘാടനം ചെയ്തു
വേങ്ങര ∙ നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 9 കോടി രൂപ ചെലവിലാണ് നിർമാണം. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണം ബാക്കി പണികൾ പൂർത്തിയാക്കണമെന്നും കൊളപ്പുറത്ത് മേൽപാലം വേണമെന്നും കുഞ്ഞാലിക്കുട്ടി മന്ത്രിയോട് അഭ്യർഥിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബെൻസീറ, വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസീന ഫസൽ, വൈസ് പ്രസിഡന്റ് ടി.കെ.കുഞ്ഞിമുഹമ്മദ്, അസി.എൻജിനീയർ റീത്തു, ജമാൽ മുഹമ്മദ്, പി.കെ.മിനി, കെ.പി.ബിന്ദു എന്നിവർ പ്രസംഗിച്ചു. English Summary:
Vengara road condition highlights criticism against Minister Riyas for not addressing the damaged national highway near Kuttiyadi despite inaugurating the Achanambalam-Kuttiyadi road. PK Kunhalikutty MLA requested a flyover at Kolappuram to address existing issues. The newly inaugurated Achanambalam-Kuttiyadi road was constructed at a cost of 9 crore rupees. |
|