LHC0088 • 2025-10-28 09:44:38 • views 1112
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കവർച്ചക്കേസിൽ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വിശ്വാസ്യതതന്നെ സംശയിച്ചാണ് ഹൈക്കോടതിയുടെ പരാമർശമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്ക് പിടിച്ചെടുക്കണമെന്നു നിർദേശം നൽകിയതെന്നും മിനിറ്റ്സിൽ കൃത്രിമം കാണിക്കുമെന്നു കോടതിക്കു സംശയമുണ്ടെന്നും അവർ പറയുന്നു.
- Also Read കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി വൈകി; രാഷ്ട്രപതിയെ എത്തിച്ചത് ട്രയൽ റൺ നടത്താതെ
ക്രിമിനൽ ഗൂഢാലോചനയും പൊതുമുതൽ ഉപയോഗിച്ചു ലാഭം ഉണ്ടാക്കിയതിനാൽ അഴിമതിയും ഉണ്ടെന്നു പ്രത്യേക അന്വേഷണസംഘം (എസ്ഐടി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. 2019 മുതലുള്ള ദേവസ്വം ബോർഡ് അംഗങ്ങൾക്കെതിരെ ഇൗ രണ്ടു വകുപ്പുകളും ചുമത്തി കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു.
കേസും അന്വേഷണവും ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങില്ലെന്ന സൂചന എസ്ഐടി നൽകുന്നുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സഹായികളുടെയും വെളിപ്പെടുത്തലുകൾ ദേവസ്വം ബോർഡ് അംഗങ്ങളെയും ചോദ്യംചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാൽ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന മട്ടിൽ എസ്ഐടി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുമോ അതോ കൂടുതൽ സമയം തേടുമോ എന്നതാണ് ഉയരുന്ന ചോദ്യം. ആദ്യഘട്ടത്തിൽത്തന്നെ ഗൂഢാലോചനയും കവർച്ചയും സ്ഥിരീകരിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനാൽ ഇനി പിന്നോട്ടുപോകാനാകില്ല. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് ആക്ഷേപമുയർന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളവർക്ക് ആയുധം കൊടുക്കുന്നതിനു തുല്യവുമാകും. സിബിഐ അന്വേഷണം ഹൈക്കോടതി അനുവദിച്ചില്ലെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ ഹർജിക്കാർ തയാറെടുക്കുന്നുണ്ട്.
പ്രതിരോധം പാളി
തിരുവനന്തപുരം ∙ ഇപ്പോഴത്തെ ദേവസ്വം ബോർഡിനെ സംരക്ഷിച്ച് തുടക്കം മുതൽ സംസാരിച്ച ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ വാദങ്ങൾക്കു വിരുദ്ധമാണ് എസ്ഐടി റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള കോടതി നിർദേശങ്ങളും.
ആഗോള അയ്യപ്പസംഗമത്തിനെതിരായ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണു സ്വർണക്കവർച്ച വിവാദമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആദ്യ വാദം. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ ഇപ്പോഴത്തെ ബോർഡിന്റെ വീഴ്ചകൾ അധികം പറയാത്തതു പ്രശാന്തിന് ആശ്വാസമായിരുന്നു. ഈ റിപ്പോർട്ടിന്റെ ബലത്തിലാണ് മന്ത്രി വാസവനും ബോർഡിനെ സംരക്ഷിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്.
എ.പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി തടിതപ്പാമെന്നു കരുതിയ മന്ത്രിക്കും ബോർഡിനും കോടതിയുടെ പരാമർശം വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. അയ്യപ്പസംഗമത്തിൽ പത്മകുമാർ ഒഴികെ മറ്റു മുൻ പ്രസിഡന്റുമാർ പങ്കെടുത്തിരുന്നില്ല. അവരുടെ വിയോജിപ്പുകൾ പലഘട്ടത്തിലും പുറത്തുവന്നിരുന്നു. 2019 നു ശേഷമുള്ള ബോർഡിൽ എല്ലാവരും ഇടതുപക്ഷ പ്രതിനിധികളായിരുന്നു. സിപിഎമ്മിനും സിപിഐക്കും കയ്യൊഴിയാനാകാത്തവരാണ് അവരെല്ലാം.\“ English Summary:
Sabarimala Gold Theft: High Court Questions Devaswom Board & Government Credibility |
|