deltin33 • 2025-10-28 09:44:50 • views 1123
കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമു കടന്നു പോകുന്ന കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ സുരക്ഷാ പരിശോധന പൊലീസ് നടത്തി. പാലത്തിന്റെ 2 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇവിടെ പൊലീസിനെ വിന്യസിച്ചു. പാലത്തിന്റെ സമീപന പാതയുടെ ഗുരുമന്ദിരം, ആറ്റാമംഗലം പള്ളി ഭാഗങ്ങളിൽ മെറ്റലും പാറപ്പൊടിയും ചേർത്ത് ഇട്ട് ഉറപ്പിക്കുന്ന ജോലിയും ഇന്നലെ നടന്നു. രാഷ്ട്രപതിയെ പുതിയ പാലത്തിലൂടെ കടത്തി വിടുമെന്നാണു പൊലീസിന്റെ ഇപ്പോഴത്തെ തീരുമാനമെങ്കിലും അവസാന നിമിഷം മാറ്റം വന്നാൽ ഉപയോഗിക്കുന്നതിനായി പാലത്തിനു സമീപത്തെ താൽക്കാലിക റോഡും തയാറാക്കിയിട്ടുണ്ട്. ഇവിടെ തറയോടുകൾ പാകി.
അടിയന്തര സാഹചര്യത്തിന് അരലക്ഷം ലീറ്റർ വെള്ളം
കോട്ടയം ∙ അഗ്നിരക്ഷാ സേന പാലാ, കോട്ടയം, കുമരകം എന്നിവിടങ്ങളിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക വാഹനങ്ങളിൽ സംഭരിച്ചിരിക്കുന്നത് അര ലക്ഷം ലീറ്റർ വെള്ളവും 5000 ലീറ്റർ പുകയും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ തീയണയ്ക്കാൻ വെള്ളവും പുകയും കലർത്തി പമ്പ് ചെയ്യും. 56 ഉദ്യോഗസ്ഥരെ മൂന്നിടത്തും വിന്യസിച്ചു. മഴസാധ്യത പരിഗണിച്ച് സ്കൂബ ടീം പാലാ, കുമരകം എന്നിവിടങ്ങളിലുണ്ട്. പാലാ സെന്റ് തോമസ് കോളജിൽ പ്രധാന പരിപാടി നടക്കുന്നിടത്ത് മഫ്തിയിൽ ഉദ്യോഗസ്ഥരുണ്ടാകും. പൊലീസ് പരേഡ് ഗ്രൗണ്ടിൽ അഗ്നിരക്ഷാ സേന ട്രയൽ റൺ നടത്തി. ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നു അഗ്നിരക്ഷാസേന വാഹനങ്ങളും എത്തിച്ചിട്ടുണ്ട്. ക്രിപ്റ്റോ
ക്രിപ്റ്റോ വിശ്രമത്തിൽ; പകരക്കാർ പാലക്കാട്ടുനിന്ന്
കോട്ടയം ∙ രാഷ്ട്രപതിക്ക് സുരക്ഷാ സന്നാഹമൊരുക്കുന്നതിൽ പങ്കുവഹിക്കേണ്ട ‘സ്ഫോടകവസ്തു തിരിച്ചറിയൽ വിദഗ്ധൻ’ ക്രിപ്റ്റോ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ. ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിലെ നായയാണ് ക്രിപ്റ്റോ. ആമാശയ സംബന്ധമായ അസുഖത്തെ തുടർന്നു ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ് ഇപ്പോൾ. ക്രിപ്റ്റോ രംഗത്തില്ലാത്തിനാൽ, രാഷ്ട്രപതിയുടെ സന്ദർശനത്തിനുള്ള സുരക്ഷാപരിശോധനകൾക്കായി പാലക്കാട്, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്ന് 2 സ്ഫോടകവസ്തു തിരിച്ചറിയൽ വിദഗ്ധരായ നായ്ക്കളെ ജില്ലയിൽ എത്തിക്കുകയായിരുന്നു.
ജർമൻ ഷെപ്പേഡ് വിഭാഗത്തിൽപെട്ട നാലര വയസ്സുള്ള ക്രിപ്റ്റോ അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ടാണ് ഹാൻഡ്‌ലർമാർ ഉന്നത ഉദ്യോഗസ്ഥരെയും നായ്ക്കളെ പരിശോധിക്കുന്ന പൊലീസ് ആസ്ഥാനത്തെ ഡോക്ടറെയും വിവരം അറിയിച്ചത്. തുടർന്ന് സ്വകാര്യ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചപ്പോൾ ശസ്ത്രക്രിയയ്ക്ക് നിർദേശം നൽകി. വയർ തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് എറണാകുളത്തെ സ്വകാര്യ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. അത്രയും ദൂരം യാത്ര ചെയ്യുമോ എന്നു സംശയമായതോടെ യാത്രയിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനു ഹാൻഡ്‌ലർമാർക്ക് പരിശീലനം നൽകി. സുരക്ഷിതയാത്രയ്ക്കു ശേഷം വിജയകരമായ ശസ്ത്രക്രിയ. നായ സുഖം പ്രാപിച്ചുവരുന്നു. English Summary:
President security is the main focus. Security measures are in place for the President\“s visit to Kerala, including fire safety precautions and explosive detection dog deployment. The security arrangements ensure a safe and secure visit. |
|