താമരശ്ശേരി∙ ഫ്രഷ് കട്ടിനെതിരായ സമരത്തിൽ മുൻപന്തിയിൽ നിന്ന കരിമ്പാലക്കുന്ന് ഗ്രാമം ബുധനാഴ്ച നിശ്ശബ്ദമായിരുന്നു. തുടർച്ചയായി പെയ്ത മഴ മാത്രമാണു നിശ്ശബദ്തയെ ഭേദിച്ചത്. അക്രമാസക്തമായ സമരത്തിനു ശേഷമുള്ള പൊലീസ് നടപടി ഭയന്നാകണം, വഴിയിലെങ്ങും ആളനക്കമില്ല. യുദ്ധസമാനമായ രീതിയിൽ പൊലീസുകാരും പ്രതിഷേധക്കാരും ചൊവ്വാഴ്ച വൈകിട്ട് ഏറ്റുമുട്ടിയ ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണശാലയിൽ നിന്നു 100 മീറ്റർ മാത്രം മാറി, ഇരുതുള്ളിപ്പുഴയുടെ കരയിലാണു കരിമ്പാലക്കുന്ന്. അറവുശാലയിൽ നിന്നുള്ള ദുർഗന്ധം കാരണം 5 വർഷമായി ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നു പറയുന്നു, ഗ്രാമവാസികൾ. ആരോഗ്യപ്രശ്നങ്ങൾക്കു പുറമേ മക്കളുടെ വിവാഹം മുടങ്ങുന്നതും ഭൂമി വാങ്ങാൻ ആളില്ലാത്തതും അടക്കമുള്ള പ്രശ്നങ്ങളും നേരിടുന്നതായി ഇവർ പറയുന്നു. അമ്പായത്തോട് ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ പൊലീസ് സയന്റിഫിക് ടീം, അഗ്നിക്കിരയായ വാഹനങ്ങളിൽ നിന്നു സാംപിൾ ശേഖരിക്കുന്നു.
അന്തരീക്ഷത്തിലെ നാറ്റം കാരണം ബന്ധുക്കൾ പോലും ഇവിടേക്കു വരാതായെന്ന് അലിവീട്ടിൽ മാരിയത്ത് (69) പറഞ്ഞു. ‘വന്നവർ, പച്ചവെള്ളം കുടിക്കാൻ പോലും തയാറാകുന്നില്ല. എന്തൊരു നാറ്റമെന്നു പറഞ്ഞ് ഉടൻ തന്നെ സ്ഥലം വിടും. പരാതി പറഞ്ഞ്, വാർത്തയൊക്കെ വന്നാൽ കുറച്ചു ദിവസം ഒന്നുമുണ്ടാകില്ല. പിന്നെ, വീണ്ടും തുടങ്ങും. ഇതൊന്നു കുറച്ചാൽ മതി. ആഘോഷ ദിവസങ്ങൾക്ക് അടുപ്പിച്ചാണു നാറ്റം കൂടുന്നത്’ – മാരിയത്ത് പറഞ്ഞു. നാട്ടുകാരിൽ പലർക്കും ഛർദിയും തലവേദനയുമുണ്ടെന്നും മാരിയത്ത് പറഞ്ഞു. കുപ്പിവെള്ള ഫാക്ടറിയാണെന്നു പറഞ്ഞാണു തുടങ്ങിയതെന്നും ഒരു കൊല്ലത്തിനു ശേഷം നാറ്റം വന്നപ്പോഴാണു സത്യം തിരിച്ചറിഞ്ഞതെന്നും മാരിയത്ത് പറഞ്ഞു.
ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം പ്രദേശവാസികളുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വിഷയത്തിൽ ഇടപെടുകയും കലക്ടറെ ഉൾപ്പെടെ കണ്ട് ജനങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും സ്ഥാപന അധികാരികളുടെയും ഭാഗത്തു നിന്നു നിസ്സഹകരണ നിലപാടാണ് ഉണ്ടായത്.
എം.കെ.രാഘവൻ എംപി
പ്രായം ചെന്ന പിതാവ് കിടപ്പിലായതു പോലും ഫ്രഷ് കട്ടിൽ നിന്നുള്ള ദുർഗന്ധം കൊണ്ടാണെന്ന് ആരോപിക്കുന്നു, ഇരുതുള്ളിപ്പുഴയുടെ തീരത്തു താമസിക്കുന്ന ആറുവിരലിൽ വീട്ടിൽ മുംതസ്. ‘വിഷം പുഴയിലേക്ക് ഒഴുക്കുകയല്ലേ. പലർക്കും ശ്വാസം മുട്ടലും ചൊറിച്ചിലുമുണ്ട്. ശുദ്ധമായ വായുവും വെള്ളവും മനുഷ്യരുടെ അവകാശമല്ലേ? ദുർഗന്ധം കാരണം ശ്വാസം മുട്ടിയാണ് അച്ഛൻ കിടപ്പിലായത്. നെബുലൈസറും ഓക്സിജൻ യന്ത്രവും വച്ചാണ് അദ്ദേഹം ശ്വസിക്കുന്നത് ’ – മുംതസ് പറഞ്ഞു. ഗതികെട്ടാണു സമരം അക്രമ പാതയിലേക്കു നീങ്ങിയതെന്നും മുൻപു സമരത്തിൽ പങ്കെടുത്തിട്ടുള്ള മുംതസ് പറഞ്ഞു.
വീട്ടിലെ പിഞ്ചുകുട്ടികൾ പോലും നെബുലൈസർ ഉപയോഗിക്കേണ്ടി വരുന്നുവെന്നു മുംതസിന്റെ ബന്ധുവായ ഷംന പറഞ്ഞു. ‘ഇവർക്കൊക്കെ എന്നാണു ശുദ്ധവായു ശ്വസിക്കാൻ കഴിയുക?’ ഷംന ചോദിച്ചു. സമീപത്തെ വീടുകളിലെ കുട്ടികൾക്കു ശ്വാസം മുട്ടലുണ്ടെന്നും പകലും രാത്രിയും സഹിക്കാൻ പറ്റാത്ത നാറ്റമാണെന്നും കരിമ്പാലക്കുന്ന് അങ്ങാടിയിലെ കച്ചവടക്കാരനായ ആലിക്കോടൻ മുഹമ്മദ് പറഞ്ഞു. ഭയപ്പാടിലും നിശ്ശബ്ദമായി കരിമ്പാലക്കുന്നു ഗ്രാമം ചോദിച്ചു: ഇനി ഞങ്ങൾക്കെന്നാണു ശുദ്ധവായു ശ്വസിക്കാൻ കഴിയുക? താമരശ്ശേരി അമ്പായത്തോട് ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലത്തു സമരക്കാർ ഉപയോഗിച്ച അടുപ്പ്, കസേരകൾ തുടങ്ങിയവ പൊലീസ് പരിശോധിക്കുന്നു. ചിത്രങ്ങൾ: മനോരമ
അക്രമം ആസൂത്രിതം; നഷ്ടം 6 കോടി: ഉടമകൾ
പൊലീസും സംയുക്ത ജനകീയ സമരസമിതി പ്രവർത്തകരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന അമ്പായത്തോട് ഇറച്ചിപ്പാറ കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിലും പരിസരത്തും 7 വലിയ മാലിന്യ വാഹനങ്ങൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടിട്ടുണ്ട്. തൊഴിലാളികളുടേതടക്കം 6 ബൈക്കുകൾ നശിപ്പിച്ചു. ഒരു കുക്കറും ഇലക്ട്രിക് കൺട്രോൾ പാനലും മലിനജല സംസ്കരണ പ്ലാന്റ്, ബോയ്‌ലർ എന്നിവയുടെ ചില ഭാഗങ്ങളും കത്തിനശിച്ചു. ഒരു ട്രാൻസ്ഫോമറിനും തീയിട്ടിട്ടുണ്ട്. ആകെ 6 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫ്രഷ് കട്ട് ഉടമകൾ പറഞ്ഞു.
ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിന് എതിരെയാണ് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയമായി സമരം നടത്തിക്കൊണ്ടിരുന്നത്. അക്രമ സമരങ്ങളെ തീർത്തും തള്ളിക്കളയുന്നു. 78 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു നൂറിലധികം ടൺ മാലിന്യം ഒരേ കേന്ദ്രത്തിലേക്ക് എത്തുന്നു എന്നതാണ് രൂക്ഷമായ ദുർഗന്ധവും മാലിന്യപ്രശ്നവും ഉടലെടുക്കാൻ കാരണം. ആറുമാസം കൊണ്ട് നാലോ അഞ്ചോ പ്ലാന്റുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാൻ കഴിയും. അറവുശാലകളിൽ നിന്നു മാലിന്യം ഒരു ദിവസം പഴകിയ ശേഷമാണ് എടുക്കുന്നത് എന്നതും ഗുരുതര പ്രശ്നമാണ്. ഇത് പരിഹരിക്കണം.
അലക്സ് തോമസ് ചെമ്പകശ്ശേരി, പ്രസിഡന്റ്, കോടഞ്ചേരി പഞ്ചായത്ത്
തൊഴിലാളികൾക്ക് പരുക്ക്
പ്ലാന്റിലെ 9 തൊഴിലാളികൾക്കു മർദനമേറ്റതായി ഫ്രഷ് കട്ട് ഉടമകൾ അറിയിച്ചു. പ്ലാന്റിനോടു ചേർന്ന് അതിഥിത്തൊഴിലാളികളുടെ മുറിയിൽ വച്ച് ഇരുമ്പു പൈപ്പുകളും വിറകും കൊണ്ട് ക്രൂരമായി മർദിച്ചതായാണു പരാതി. ഗുരുതരമായി മർദനമേറ്റ ഇലക്ട്രീഷ്യൻ ശ്രീജിത്തിന്റെ തലയോട്ടിയുടെ ഇരുഭാഗത്തും പൊട്ടലുണ്ട്. ഇടതു കണ്ണിന്റെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. മാലിന്യവാഹനത്തിന്റെ ഡ്രൈവർ നബീലിന്റെ കണ്ണിന് കല്ലേറിൽ സാരമായി പരുക്കേറ്റു.
ഇയാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അകത്തും പുറത്തുമായി 120 തൊഴിലാളികളുള്ള പ്ലാന്റിൽ, അക്രമസംഭവങ്ങൾ നടക്കുമ്പോൾ നാൽപതോളം തൊഴിലാളികളുണ്ടായിരുന്നു. എഴുപത്തിയഞ്ചോളം പേർ ഇറച്ചിപ്പാറക്കുന്നിന്റെ പല ഭാഗങ്ങളിൽ നിന്നായി കയറിവന്നാണ് അക്രമം നടത്തിയതെന്നും തൊഴിലാളികൾ പരാതിപ്പെട്ടു.
അക്രമത്തിന് പിന്നിൽ എസ്ഡിപിഐ: സിപിഎം
ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ദുർഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനം ദീർഘകാലമായി സമരത്തിലാണ്. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിനെതിരെ ജനം നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു. പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി നടത്തിയ സമരത്തിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികൾ നുഴഞ്ഞു കയറി കലാപം അഴിച്ചുവിടുകയുമായിരുന്നു. പരിശീലനം ലഭിച്ച, ജില്ലയ്ക്ക് പുറത്തുനിന്നു പോലും എത്തിച്ചേർന്ന എസ്ഡിപിഐ ക്രിമിനലുകളാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സമരം അക്രമത്തിലേക്ക് നയിച്ചത് റൂറൽ ജില്ല പൊലീസ് മേധാവി: ലീഗ്
ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുമ്പിൽ ഇരകൾ നടത്തിയ സമരം അക്രമാസക്തമാക്കിയതു റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവാണെന്നും സർക്കാരിന്റെ വഞ്ചന തിരിച്ചറിയണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ എന്നിവർ പറഞ്ഞു. സമരക്കാർക്കിടയിലേക്കു ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാൻ പൊലീസ് ശ്രമിച്ചതോടെയാണു കാര്യങ്ങൾ വഷളായത്. ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത പൊലീസ് ഫ്രഷ്‌കട്ട് ഉടമയെ സഹായിക്കാൻ ഗൂഢാലോചന നടത്തിയെന്നു വ്യക്തമാണ്. കെ.ഇ.ബൈജുവിനെ സർവീസിൽ നിന്നു മാറ്റി അന്വേഷണം നടത്തണം – ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
റൂറൽ ജില്ല പൊലീസ് മേധാവിയുടെ ചുണ്ടിന്പ്ലാസ്റ്റിക് സർജറി
അമ്പായത്തോട്ടിൽ സംഘർഷത്തിൽ പരുക്കേറ്റ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ മുറിവേറ്റ വലതുഭാഗം ചുണ്ടിനു പ്ലാസ്റ്റിക് സർജറി നടത്തി. മേൽച്ചുണ്ടിനും മോണയ്ക്കും മുറിവേറ്റിരുന്നു. പല്ല് പൊട്ടി. ഇന്ന് ആശുപത്രി വിടും. താമരശ്ശേരി എഎസ്ഐ സൂരജിന്റെ ഇടതുകാലിലെ എല്ല് പൊട്ടിയ ഭാഗത്തു ശസ്ത്രക്രിയ നടത്തി.
സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം; സമഗ്ര അന്വേഷണം നടത്തണം: എം.കെ. മുനീർ എംഎൽഎ
ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എം.കെ. മുനീർ എംഎൽഎ. സംഭവവുമായി ബന്ധപ്പെട്ട് ഡിഐജി നടത്തിയ പ്രസ്താവന ഫ്രഷ്‌കട്ടിന്റെ മുതലാളിയുടെ ഭാഷയിലാണ്.
മലിനീകരണത്തിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർക്കു പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ ഒരു വാഗ്ദാനവും കമ്പനി പാലിച്ചില്ല. നിയമസഭാ സമിതി വരെ എത്തി തെളിവെടുത്തതാണ് – നടപടിയുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനും വന്നു, ഫലമുണ്ടായില്ല. മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതാണ് പ്രശ്നം. 14 ശുദ്ധജല പദ്ധതികളാണു മലിനപ്പെടുന്നത്.
തമ്പി പറകണ്ടത്തിൽ, കോടഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്.
പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ 5 വർഷമായി നേരിടുന്ന ദുരിതങ്ങളെകുറിച്ച് ഒരു വാക്ക് പോലും പറയാൻ അദ്ദേഹം തയാറായില്ല. ഫ്രഷ്‌കട്ട് കമ്പനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും എംഎൽഎ പറഞ്ഞു. ഫ്രഷ്‌കട്ട് മാനേജർ പ്രമുഖ രാഷ്ട്രീയ നേതാവുമായി ഇന്നലെ കണ്ണൂരിൽ കൂടിക്കാഴ്ച നടത്തി. മാനേജരുടെയും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖ സിപിഎം നേതാവിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സമരത്തിൽ പങ്കെടുത്ത പ്രദേശവാസികളുടെ വീടുകളിലെത്തി പൊലീസ് ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പ്ലാന്റിൽ ആക്രമണം നടത്തിയവർ സായുധരായാണെത്തിയത്. പെട്രോൾ കുപ്പികൾ അവരുടെ കൈകളിലുണ്ടായിരുന്നതായി സംഭവസമയത്തു പ്ലാന്റിലുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നു. കന്റീനിലുണ്ടായിരുന്ന, 6 തൊഴിലാളികളെ ചുട്ടുകൊല്ലാനായി ഗ്യാസ് തുറന്നുവിട്ടിരുന്നു. സമരക്കാർ മാസ്കുകൾക്കു തീ കൊളുത്തിയെറിയുകയായിരുന്നു. ബോയ്‌ലർ പൊട്ടിത്തെറിപ്പിച്ച് വൻ ദുരന്തം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. കുക്കറിന് അടുത്തേക്കു ബൈക്കുകൾ തള്ളി എത്തിച്ചാണു തീയിട്ടത്. രക്ഷപ്പെട്ടോടും മുൻപ് ഒരു തൊഴിലാളി ബോയ്‌ലർ സ്റ്റീം ഓഫ് ചെയ്തതു കൊണ്ടാണു ദുരന്തം ഒഴിവായത്. തഹസിൽദാർ മുൻകയ്യെടുത്ത് അഗ്നിരക്ഷാസേനയെ കടത്തിവിട്ടതാണു രക്ഷയായത്.വിവിധ ഏജൻസികളുടെ നൂറോളം പരിശോധനകൾ നടന്നിട്ടുണ്ട്. ആരും എതിരായി റിപ്പോർട്ട് നൽകിയിട്ടില്ല. അമിതമായി മാലിന്യം സംസ്കരിക്കുന്നില്ലെന്നു തെളിയിക്കാൻ, വെയിങ് മെഷീനു സമീപത്ത് സമരക്കാർക്കു കാണാനായി പ്രത്യേക ഡിസ്പ്ലേ ബോർഡും അതിനടുത്ത് സിസിടിവി ക്യാമറയും വച്ചിട്ടുണ്ട്. പ്ലാന്റിന്റെ ഓരോ മുക്കും മൂലയും ഏജൻസികൾ സ്ഥിരമായി പരിശോധനയ്ക്കു വിധേയമാക്കാറുണ്ട്. സമരക്കാർ പ്ലാന്റിലെത്തുന്നതും പൊലീസിനെ തള്ളിമാറ്റുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. എത്തിയയുടൻ സിസിടിവി തകർക്കുകയാണവർ ചെയ്തത്. അടുത്ത ദിവസം തന്നെ പ്രവർത്തനം പുനരാരംഭിക്കാനാണ് ശ്രമിക്കുന്നത്.
കെ. സുജീഷ്, മാനേജിങ് ഡയറക്ടർ, ഫ്രഷ് കട്ട് English Summary:
Fresh Cut protest turns violent in Karimpalakunnu village due to poultry waste plant. Villagers struggle with pollution and health issues from the plant. The incident has sparked widespread concern and calls for investigation. |