റാഞ്ചി∙ ജാർഖണ്ഡിനെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തിൽ പിതാവും രണ്ട് ആൺമക്കളും അറസ്റ്റിൽ. റാഞ്ചിയിലെ ബൂട്ടി മോർ പ്രദേശത്തെ കുന്നിൻ മുകളിൽ സെപ്റ്റംബർ 29ന് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ തനുശ്രീയുടെ മരണത്തിലാണ് മൂന്ന് പേർ അറസ്റ്റിലായത്. മരിച്ച സ്ത്രീയിൽ നിന്ന് പ്രതികൾ മുൻപ് 80,000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ, പണം തിരികെ നൽകാൻ ഇവർ വിസമ്മതിച്ചു. ഇതിനിടെ പണം നൽകാം എന്ന് വാഗ്ദാനം നൽകിയ ശേഷം യുവതിയെ സെപ്റ്റംബർ 29ന് കുന്നിൻ മുകളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
- Also Read ‘ലോക്ക് കൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, കൈകൾ കൂട്ടിക്കെട്ടി മുറിയിലിട്ട് പൂട്ടി; ആ പെൻഡ്രൈവിൽ പല സ്ത്രീകൾക്കൊപ്പമുള്ള ഫോട്ടോ’
കൊലപ്പെടുത്തുന്നതിന് മുമ്പ്, യുപിഐ വഴി സ്വന്തം അക്കൗണ്ടിലേക്ക് യുവതിയുടെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ കൂടി പ്രതികൾ കൈക്കലാക്കിയെന്ന് പൊലീസ് അറിയിച്ചു. തനുശ്രീയുടെ അക്കൗണ്ടിൽ നിന്ന് ഡിജിറ്റലായി പണം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റാൻ ശ്രമിച്ചതിന് തെളിവുകൾ ലഭിച്ചതായി റാഞ്ചി എസ്പി പറഞ്ഞു. ലോഹർദാഗ സ്വദേശികളായ ജയ്പാൽ സിങ് (50), ആൺമക്കളായ ധീരജ് കുമാർ സിങ് (24), കരൺ കുമാർ സിങ് (19) എന്നിവരാണ് അറസ്റ്റിലായത്. തനുശ്രീയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. English Summary:
Father and Sons Arrested in Jharkhand Murder Case: A woman was murdered over a money dispute, leading to the arrest of her debtors, including a father and his two sons. |