കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽക്കൂടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) പ്രഖ്യാപിച്ചിരിക്കുകയാണ്. 2002നു ശേഷം കേരളത്തിലെ വോട്ടർപട്ടികയിൽ സമഗ്ര പരിഷ്കരണം നടന്നിട്ടില്ല. അതു കണക്കിലെടുത്തുള്ള ശുദ്ധീകരണപ്രക്രിയ എന്ന നിലയിലാണു കമ്മിഷൻ എസ്ഐആർ വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ചില ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇതോടൊപ്പമുണ്ട്.
യോഗ്യതയുള്ള ഒരു വോട്ടറെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നും യോഗ്യതയില്ലാത്ത ഒരാളും ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാനുള്ള നടപടിയാണ് എസ്ഐആർ എന്നതാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ന്യായം. കുടിയേറ്റം, ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുണ്ടാകുന്ന സാഹചര്യം, മരിച്ചവരുടെ പേര് പട്ടികയിൽ തുടരുന്നത്, ഇന്ത്യൻ പൗരരല്ലാത്തവർ ഉൾപ്പെടുന്നത് തുടങ്ങിയവ പരിഹരിക്കേണ്ടതുതന്നെ. എന്നാൽ, കുറ്റമറ്റ വോട്ടർപട്ടികയാണ് എസ്ഐആറിന്റെ ഫലശ്രുതിയെന്ന കമ്മിഷന്റെ അവകാശവാദം പൂർണമായി സമ്മതിച്ചുകൊടുക്കാത്തവർ രാജ്യത്തുണ്ട്. എസ്ഐആറിന്റെ കാണാമറയത്ത് രാഷ്ട്രീയതാൽപര്യങ്ങളുണ്ടെന്ന ആരോപണവുമുണ്ട്.
ബിഹാറിൽ നടപ്പാക്കിയ എസ്ഐആറിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് ഇപ്പോഴത്തെ എസ്ഐആർ പ്രഖ്യാപനം. ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട് കമ്മിഷൻ സ്വീകരിച്ച ചില നിലപാടുകളിൽ സുപ്രീം കോടതി ഇടപെട്ട് തിരുത്തലുകൾ വരുത്തിയത് കഴിഞ്ഞ മാസമാണ്. വേണ്ടത്ര കൂടിയാലോചനയോടെയും എല്ലാ രാഷ്ട്രീയകക്ഷികളെയും വിശ്വാസത്തിലെടുത്തുമാണ് കമ്മിഷൻ ബിഹാറിൽ എസ്ഐആറിന് ഇറങ്ങിത്തിരിച്ചിരുന്നതെങ്കിൽ പിന്നീടുണ്ടായ ആശയക്കുഴപ്പങ്ങളും സുപ്രീം കോടതിയുടെ ഇടപെടലുകളും ഒഴിവാക്കാമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ എസ്ഐആർ നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണു സമയക്രമം പ്രഖ്യാപിച്ചത്. അതേസമയം, സമാന ആവശ്യം ഉന്നയിച്ച മഹാരാഷ്ട്രയെ രണ്ടാംഘട്ട എസ്ഐആറിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന അസമിൽ പൗരത്വ നിയമത്തിലുള്ള പ്രത്യേക വ്യവസ്ഥയും പൗര റജിസ്റ്റർ സംബന്ധിച്ച നടപടികൾ പൂർത്തിയായിട്ടില്ലെന്നതും കാരണങ്ങളായി പറഞ്ഞ്, എസ്‌ഐആർ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയാണ് രണ്ടു സംസ്ഥാനങ്ങളിലും ഭരണത്തിലെന്നത് ഈ ഒഴിവാക്കലിനോടു ചേർത്തുവയ്ക്കുന്നവരുമുണ്ട്.
ഈ വർഷത്തെ പട്ടികപ്രകാരം 2.78 കോടി വോട്ടർമാരുള്ള കേരളത്തിൽ എസ്ഐആർ നടപടികൾക്കു വേണ്ടിവരുന്ന പ്രയത്‌നം ചെറുതല്ല. തദ്ദേശ തിരഞ്ഞെടുപ്പിനായി 1.75 ലക്ഷം ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണെന്നതിനാൽ എസ്ഐആർ നടപടികൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ കണ്ടെത്തുക വെല്ലുവിളിയാകും. തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് എസ്ഐആർ നടത്തുന്നതിനെ ബിജെപി ഒഴികെ മിക്ക രാഷ്ട്രീയപാർട്ടികളും എതിർക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്ഐആറും പിന്നാലെ എസ്ഐആറിന്റെ തുടർനടപടികളും കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. അതായത്, കേരളത്തിലെ ഭരണ– ഉദ്യോഗസ്ഥ സംവിധാനങ്ങൾ 6 മാസത്തോളം തിരഞ്ഞെടുപ്പു നടപടികളിൽ ചുറ്റിത്തിരിയുന്ന അസാധാരണ സാഹചര്യമാകും ഉണ്ടാകുകയെന്നാണു പാർട്ടികളുടെ വിലയിരുത്തൽ.
ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുപ്രക്രിയ നീതിയുക്തമാക്കാൻ വോട്ടർപട്ടികയിൽ കാലാനുസൃതമായ ശുദ്ധീകരണം വേണമെന്നതിൽ തർക്കമില്ല. അനർഹരെ ഒഴിവാക്കുന്നതിനും അർഹരായവർക്കു സ്ഥാനം ഉറപ്പുവരുത്തുന്നതിനും പട്ടികപരിഷ്‌കരണം കൂടിയേതീരൂ. അതു പക്ഷേ, സാങ്കേതികകാരണങ്ങളുടെയും ഔദ്യോഗിക നൂലാമാലകളുടെയും പേരിൽ ആരുടെയെങ്കിലും അർഹമായ വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയാകണമെന്നുമാത്രം.
വോട്ടർപട്ടികയുടെ പവിത്രതയും സുതാര്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നിൽവച്ച്, സമഗ്ര വോട്ടർപട്ടിക പരിഷ്കരണമെന്ന ദൗത്യം പരാതിയില്ലാതെ ജനകീയമായി പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു കഴിയേണ്ടതുണ്ട്. വിലപ്പെട്ട സമ്മതിദാനാവകാശം നഷ്ടപ്പെടാതിരിക്കാൻ വേണ്ട ജാഗ്രത ഓരോ വോട്ടർക്കും ഉണ്ടാവണം. ഈ ജാഗ്രതയ്ക്കുവേണ്ട നാടുണർത്തലിനായി എല്ലാ രാഷ്ട്രീയപാർട്ടികളും മുന്നിട്ടിറങ്ങുകയുംവേണം. English Summary:
Election Commission\“s SIR in Kerala: Navigating Controversies Amidst Local Elections |
|