തിരുവനന്തപുരം ∙ സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്നു സർക്കാർ പ്രഖ്യാപിക്കുന്നതു സർവേ പ്രകാരം നടത്തിയ ഇടപെടലുകളുടെ പേരിൽ. ഇവ എത്രത്തോളം ഫലപ്രദമായിരുന്നെന്നു തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന ഏജൻസി വഴി മുഴുവൻ കുടുംബങ്ങളിലും (59,277) സർവേ നടത്തിയെന്നും തിരുത്തലുകൾ വരുത്തിയെന്നുമാണു വിശദീകരണം. ഇതിൽ ഒരു ശതമാനത്തെ (590) തദ്ദേശ വകുപ്പിലെ ജില്ല, ബ്ലോക്ക്തല ഉദ്യോഗസ്ഥർ ചേർന്നു സൂപ്പർ ചെക്ക് നടത്തിയെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു.
ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്രമെന്നു കണക്കാക്കിയത്.കുടുംബശ്രീ വഴി നടത്തിയ സർവേയിൽ 64,006 കുടുംബങ്ങളെ കണ്ടെത്തി. മരിച്ചവരും സ്ഥലംമാറിപ്പോവരുമായ 4729 കുടുംബങ്ങൾ ഒഴികെയുള്ളവരെയാണ് അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാൻ ഇടപെട്ടത്. ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോപ്ലാൻ രൂപീകരിച്ചിരുന്നു. വിവിധ സർക്കാർ പദ്ധതികൾ യോജിപ്പിച്ചു. പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്കരിച്ചു. 1000 കോടിയിൽപരം രൂപയാണു ഇതിനായി ചെലവഴിച്ചതെന്നാണു മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയത്.
180 രൂപയിൽ താഴെ വരുമാനം അതിദാരിദ്ര്യം
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
∙ ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യമെന്നാണു സർക്കാർ വിശദീകരിക്കുന്നത്. ലോകബാങ്കിന്റെ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്.
നടപടികൾ ഇങ്ങനെ
∙ 5422 പുതിയ വീടുകൾ നിർമിച്ചു
∙ 439 കുടുംബങ്ങൾക്കായി 28.32 ഏക്കർ ഭൂമി
∙ 5522 വീടുകൾ നവീകരിക്കാൻ 2 ലക്ഷംരൂപ വീതം
∙ 34,672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിൽ മേഖല വഴി അധികമായി 77 കോടി രൂപ വരുമാനം
∙ 4394 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ നൽകി
∙ 579 വ്യക്തികൾക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ, 7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം
∙ 5777 വ്യക്തികൾക്ക് സാന്ത്വനപരിചരണം
∙ 29,427 കുടുംബങ്ങളിലെ 85,721 പേർക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ
∙ 2210 കുടുംബങ്ങൾക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നു
∙ 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ
∙ 20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ഭക്ഷണം
∙ 34,672 കുടുംബങ്ങൾക്ക് തൊഴിലുറപ്പ് തൊഴിൽ കാർഡുകൾ
∙ ഏകാംഗ കുടുംബങ്ങളായ 428 പേരെയും ഒന്നിലധികം അംഗങ്ങളുള്ള 520 കുടുംബങ്ങളെയും സാമൂഹികനീതി വകുപ്പിന്റെ ഷെൽറ്റർ ഹോമുകളിലാക്കി
∙ 5583 കുട്ടികൾക്ക് വിദ്യാഭ്യാസ പിന്തുണ. 2323 കുട്ടികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര
∙ 554 വിദ്യാർഥികൾക്ക് വീടിനടുത്തുള്ള സ്കൂളിൽ പ്ലസ് വൺ പ്രവേശനം
പ്രഖ്യാപനം നാളെ
നാളെ വൈകിട്ട് 4ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കും. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ എംപി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളാകും.
ചോദ്യമുന്നയിച്ച് വിദഗ്ധർ
തിരുവനന്തപുരം∙ അതിദരിദ്രരെ കണ്ടെത്തിയ ആധികാരിക പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും തുറന്ന കത്തെഴുതി. അതിദാരിദ്ര്യമുക്ത കേരളമോ അതോ അഗതിമുക്ത കേരളമോ എന്ന തലക്കെട്ടിലാണ് കത്ത്. സംസ്ഥാനത്തുള്ള 1.16 ലക്ഷം ആദിവാസി കുടുംബങ്ങളുടെ അതിദാരിദ്ര്യം മാറ്റിയോ എന്നും ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സും അസംഘടിത മേഖലകളിലെ തൊഴിലാളികളും അതിദരിദ്രരല്ലേ എന്നും കത്തിലുണ്ട്.
ആർ.വി.ജി.മേനോൻ, ഡോ.എം.എ.ഉമ്മൻ, ഡോ.കെ.പി.കണ്ണൻ, എം.കെ.ദാസ്, ഡോ.ജി.രവീന്ദ്രൻ, ഡോ.എം.പി.മത്തായി, ഡോ.സി.പി രാജേന്ദ്രൻ, പ്രഫ.കെ.അരവിന്ദാക്ഷൻ, ഡോ.മേരി ജോർജ്, ആർ.രാധാകൃഷ്ണൻ, ഡോ.സുനിൽ മാണി, ഡോ.വി.രാമൻകുട്ടി, ഡോ.ജോൺ കുര്യൻ, ഡോ.എം.കബീർ,. ഡോ.ജെ.ദേവിക, ഡോ.എം.വിജയകുമാർ, ഡോ.എൻ.കെ.ശശിധരൻ പിള്ള, ജോസഫ് സി.മാത്യു, ഡോ കെ.ജി.താര, ഡോ.കെ.ടി.റാംമോഹൻ, എം.ഗീതാനന്ദൻ, പ്രഫ പി.വിജയകുമാർ, സരിത മോഹനൻ ഭാമ തുടങ്ങിയവരാണു കത്തിൽ ഒപ്പിട്ടത്.
കത്തിലെ മറ്റു ചോദ്യങ്ങൾ
∙ അതിദരിദ്രരെ നിർണയിക്കാൻ ഏതൊക്കെ മാനദണ്ഡങ്ങൾ? സർവേ നടത്തിയത് ഏത് ആധികാരിക സമിതി?
∙ ഡേറ്റയുടെ ആധികാരികതയും ആധാരമായ പഠന റിപ്പോർട്ടും ഏത്?
∙ ഏറ്റവും ദരിദ്രർ എന്ന വിഭാഗത്തിൽ മഞ്ഞ റേഷൻ കാർഡ് ഉള്ള അന്ത്യോദയ അന്ന യോജനയിൽ ഉൾപ്പെട്ടവർ 5.92 ലക്ഷം കുടുംബങ്ങളാണെങ്കിൽ എന്തു കൊണ്ടു 64,006 കുടുംബങ്ങൾ മാത്രം?
∙ മറ്റുള്ളവർ അതിദാരിദ്ര്യത്തിൽ നിന്നു കരകയറിയോ? അങ്ങനെയെങ്കിൽ മഞ്ഞ കാർഡ് ഉള്ളവർക്കുള്ള കേന്ദ്ര സഹായം നഷ്ടപ്പെടില്ലേ?
∙ തദ്ദേശ വകുപ്പ് പുറത്തിറക്കിയ കുറിപ്പ് പ്രകാരമുള്ള അതിദരിദ്രർ അഗതികളല്ലേ?
∙ 2002ൽ ആശ്രയ പദ്ധതി പ്രകാരം കണ്ടെത്തിയ അഗതി കുടുംബങ്ങൾ 1,18,309 അല്ലേ? അതിന്റെ തുടർച്ചയോ ഈ പദ്ധതി? കുടുംബങ്ങൾ എങ്ങനെ 64,006 ആയി ചുരുങ്ങി?
∙ അതിദാരിദ്ര്യാവസ്ഥ മറികടന്നതിന് വസ്തുതാപരമായ പിൻബലം എന്ത്? കേന്ദ്ര ആനുകൂല്യങ്ങൾ ലഭിച്ചോ?
∙ അതിദാരിദ്ര്യം അനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെ യഥാർഥ ജീവിതസ്ഥിതി അടങ്ങിയ സർവേ റിപ്പോർട്ടുണ്ടോ?
∙ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ലഭിച്ച പട്ടിക അംഗീകരിക്കുകയായിരുന്നോ?
∙ പ്രഖ്യാപനത്തിന് ഉപയോഗിച്ച മാനദണ്ഡങ്ങളെ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്കൽ, ആസൂത്രണ വകുപ്പുകളുമായി കൂടിയാലോചന നടത്തിയോ? English Summary:
Kerala\“s Extreme Poverty-Free Claim: Kerala Extreme Poverty Eradication focuses on the recent declaration of Kerala as extreme poverty-free, highlighting government interventions and survey results. The declaration is based on interventions targeting food, livelihood, housing, and health, with questions raised by experts regarding the methodology and data. |