തിരുവനന്തപുരം ∙ അലൈൻമെന്റിന് സർക്കാർ അനുമതി ആയതോടെ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി ട്രാക്കിലാകുന്നു. നടപടിക്രമങ്ങളുടെ ചുവപ്പുനാടയിൽ കുരുങ്ങിയില്ലെങ്കിൽ 2029 ൽ തലസ്ഥാനത്തു കൂടി മെട്രോ റെയിൽ കുതിക്കും.
തിരുവനന്തപുരം മെട്രോയുടെ വിശേഷങ്ങളിലൂടെ...
കിലോമീറ്ററിന് 250 കോടി രൂപ
രാജ്യത്തു മെട്രോ റെയിൽ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ബെഞ്ച്മാർക്ക് തുക 250 കോടി രൂപയാണ്. ഓരോ പ്രദേശങ്ങളുടെയും നിർമാണ രീതികളുടെയും പ്രത്യേകത അനുസരിച്ച് ഈ തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകാം. എങ്കിലും 31 കിലോമീറ്റർ വരുന്ന തിരുവനന്തപുരം മെട്രോ നിർമിക്കാൻ കുറഞ്ഞത് 8000 കോടി രൂപ വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.
കൊച്ചിയെക്കാൾ മെച്ചം
തിരുവനന്തപുരത്തു മെട്രോ നിർമിക്കുന്നത് കൊച്ചിയിൽ നിർമിച്ചതിനെക്കാൾ എളുപ്പമായിരിക്കുമെന്നു നിർമാണ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറയുന്നു. സാങ്കേതികവിദ്യ ഏറെ മുന്നേറി. കൊച്ചിയിൽ അനുബന്ധ സൗകര്യ വികസനത്തെ കുറിച്ചു പ്ലാനിങ് ഉണ്ടായിരുന്നില്ല. അതിനാൽ, പാർക്കിങ്, ഫീഡർ സർവീസ് തുടങ്ങിയ പല അസൗകര്യങ്ങളും കൊച്ചിയിൽ അനുഭവപ്പെടുന്നുണ്ട്.
തിരുവനന്തപുരത്ത് മെട്രോയുടെ ഡിപിആർ തയാറാക്കുമ്പോൾ തന്നെ പാർക്കിങ്, ഫീഡർ സർവീസ് തുടങ്ങിയവയ്ക്കുള്ള നിർദേശങ്ങളും ഉൾപ്പെടുത്തും. പാർക്കിങ്ങിനായി സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതാണ് പ്രധാന കടമ്പ. ഇതു നിർമാണ ചെലവ് വർധിക്കാൻ ഇടയാക്കും. അതിനാൽ കഴിയുന്ന സ്ഥലങ്ങളിൽ പാർക്കിങ്ങിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും പരമാവധി സ്ഥലങ്ങളിൽ മൾട്ടി ലവൽ പാർക്കിങ് സംവിധാനങ്ങൾ നിർമിക്കുകയും ചെയ്യും.
കൊച്ചിയിൽ പലയിടത്തും പഴയ വയൽ പ്രദേശങ്ങളും ചതുപ്പുകളും നികത്തിയെടുത്ത ഭൂമിയായതിനാൽ നിർമാണം സങ്കീർണമായിരുന്നു. തിരുവനന്തപുരത്തെ മണ്ണ് അത്തരം പ്രശ്നങ്ങൾ ഇല്ലാത്തതാണ്. അതും വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ സഹായകമാകുമെന്നാണു പ്രതീക്ഷ. തിരുവനന്തപുരത്ത് നിലവിൽ അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശത്തിന്റെ പകുതിയിലധികവും മീഡിയനോടു കൂടിയ 6 വരിയിലും 4 വരിയിലുമുള്ള പാതയാണ്. അതിനാൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവും കുറയും.
ഇനി കടക്കാനുള്ളത്
ഡിപിആർ പരിഷ്കരണം: നിലവിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) തയാറാക്കിയ വിശദമായ പദ്ധതി രേഖ (ഡിപിആർ) ആണ് തിരുവനന്തപുരം മെട്രോയ്ക്കായി നിലവിലുള്ളത്. ആദ്യം 2014ൽ തയാറാക്കിയ റിപ്പോർട്ട് 2021ൽ പരിഷ്കരിച്ചെങ്കിലും ഇപ്പോഴുള്ള അലൈൻമെന്റ് അനുസരിച്ച് ഭേദഗതികൾ വേണ്ടി വരും. ഇതിനായി കെഎംആർഎൽ അധികൃതർ ഡിഎംആർസിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഡിപിആർ പരിഷ്കരിക്കാൻ ഒരു മാസം സമയം വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.
സർക്കാർ അനുമതി : ഡിഎംആർസി പുതിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഡിപിആർ സാങ്കേതിക പരിശോധനയ്ക്കു ശേഷം സംസ്ഥാന മന്ത്രിസഭയുടെ അനുമതിക്കായി കെഎംആർഎൽ സമർപ്പിക്കും. സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയാൽ കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അനുമതി തേടണം. എല്ലാ നടപടികളും കൃത്യമായി നടന്നാൽ ആറു മാസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.
മറ്റ് അനുമതികൾ : സംസ്ഥാന, കേന്ദ്ര മന്ത്രിസഭകളുടെ അനുമതിയോടൊപ്പം വിവിധ ഏജൻസികളുടെ അനുമതി അത്യാവശ്യമാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളും അവയുമായി ബന്ധപ്പെട്ട അനുമതികളും, ദേശീയ പാത അതോറിറ്റി, ഇന്ത്യൻ റെയിൽവേ, പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം കോർപറേഷൻ, തിരുവനന്തപുരം ഡവലപ്മെന്റ് അതോറിറ്റി, തദ്ദേശ ഭരണ വകുപ്പ്, സംസ്ഥാന നഗര വികസന വകുപ്പ്, സംസ്ഥാന ആഭ്യന്തര വകുപ്പ്, കെഎസ്ആർടിസി, റീജനൽ ട്രാൻസ്പോർട് അതോറിറ്റി, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വിവിധ കേന്ദ്ര– സംസ്ഥാന ഏജൻസികളുടെ അനുമതികളും സഹകരണവും പദ്ധതിക്ക് ആവശ്യമായി വരും. ഈ അനുമതികളെല്ലാം സമയബന്ധിതമായി ലഭിച്ചാൽ 30 മാസം കൊണ്ട് മെട്രോ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.
പണമൊഴുകണം
ഏതു പദ്ധതിയെയും പോലെ മെട്രോ റെയിൽ പദ്ധതിയുടെയും പ്രധാന കടമ്പ സാമ്പത്തികം തന്നെയാണ്. രാജ്യത്തെ പ്രധാന മെട്രോ പദ്ധതികൾക്കെല്ലാം സംസ്ഥാന സർക്കാർ 20%, കേന്ദ്ര സർക്കാർ 20% വീതം തുകയാണ് അനുവദിക്കുന്നത്. 60% തുക വായ്പയെടുക്കേണ്ടി വരും. കേന്ദ്ര സർക്കാരിൽ നിന്നു കൂടുതൽ വിഹിതം നേടിയെടുക്കാൻ സംസ്ഥാനം ശ്രമിക്കും. കേന്ദ്ര വിഹിതം കൂടുതൽ ലഭിച്ചാൽ വായ്പയെടുക്കേണ്ട തുക കുറയും. 8000 കോടി രൂപയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെങ്കിലും ഭൂഗർഭ പാത ഉൾപ്പെടെയുള്ളവ നിർമിക്കേണ്ടി വന്നാൽ ചെലവ് കൂടാനിടയുണ്ട്.
ഇപ്പോൾ കിലോമീറ്ററിന് ശരാശരി 250 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 2014 ലെ എസ്റ്റിമേറ്റ് അനുസരിച്ച് ഒരു കിലോമീറ്ററിന് 158.24 കോടി രൂപ നിരക്കിൽ ആകെ 3453 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. 2020 ൽ നിർമാണം പൂർത്തിയാകുമ്പോഴേക്കും ആകെ ചെലവ് 4219 കോടിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു. അതാണ് 10 വർഷത്തിനു ശേഷം ഇരട്ടിയലധികമായി വർധിക്കുന്നത്.
വികസന സാധ്യതകൾ
നിലവിൽ പ്രാവച്ചമ്പലത്തു നിന്നാരംഭിച്ച് കഴക്കൂട്ടം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുന്ന വിധമാണ് മെട്രോ ഒന്നാം ഘട്ട അലൈൻമെന്റ്.
സാധ്യത 1 : ഒന്നാം ഘട്ട അലൈൻമെന്റിന്റെ നിർമാണം പൂർത്തിയാക്കിയാൽ നേരത്തെയുണ്ടായിരുന്ന അലൈൻമെന്റ് ശുപാർശ പ്രകാരം ഈഞ്ചയ്ക്കലിൽ നിന്ന് കിള്ളിപ്പാലത്തേക്കു ഭൂഗർഭ പാത നിർമിക്കാൻ ആലോചനയുണ്ട്.
സാധ്യത 2 : പ്രാവച്ചമ്പലത്തു നിന്ന് നെയ്യാറ്റിൻകര വരെ മെട്രോ നീട്ടും. അതുപോലെ, കഴക്കൂട്ടത്തു നിന്ന് ആറ്റിങ്ങൽ വരെയും പാത നീട്ടും.
സാധ്യത 3 : ഈഞ്ചയ്ക്കലിൽ നിന്നു വിഴിഞ്ഞം വരെ പാത. ഇതു കോവളത്തെ വിനോദ സഞ്ചാര മേഖലയെ കൂടി ബന്ധിപ്പിക്കുന്ന വിധമാകും. വിഴിഞ്ഞത്തു നിന്നു വെള്ളായണി വഴി ബാലരാമപുരത്തേക്കോ നേമത്തേക്കോ ഇന്റർചേഞ്ച് ഉണ്ടാകാം.
യാത്രക്കാരുടെ എണ്ണം
ആദ്യ ഡിപിആർ പ്രകാരം 2015 ൽ പ്രതിദിനം 2.70 ലക്ഷം യാത്രക്കാരും 2021 ൽ 3.23 ലക്ഷം യാത്രക്കാരുമാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു ട്രെയിനിൽ 3 ചെയർ കാറുകൾ തുടക്കത്തിലും പിന്നീട് നാലെണ്ണവുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മണിക്കൂറിൽ ശരാശരി 36 കിലോമീറ്ററും പരമാവധി 80 കിലോമീറ്ററുമാണ് വേഗം കണക്കാക്കിയിരുന്നത്. ഒരു വർഷം മുൻപ് സ്വകാര്യ ഏജൻസിയെ നിയോഗിച്ച് കെഎംആർഎൽ തയാറാക്കിയ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) റിപ്പോർട്ട് പ്രകാരം 30 വർഷത്തിനുള്ളിൽ തിരുവനന്തപുരം മെട്രോയിൽ തിരക്ക് മണിക്കൂറിൽ 20000 യാത്രക്കാർ വരെ ഒരു ദിശയിലേക്കു യാത്ര ചെയ്യുമെന്നാണു കണക്കാക്കിയത്.
തിരക്കുള്ള മണിക്കൂറിൽ ഒരു ദിശയിലേക്ക് യാത്ര ചെയ്യുന്ന പരമാവധി യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് മെട്രോ ലൈറ്റ് അല്ല, മെട്രോ ലൈൻ തന്നെ തിരുവനന്തപുരത്ത് വേണമെന്ന തീരുമാനത്തിലേക്ക് കെഎംആർഎൽ എത്തിയത്. തിരക്കുള്ള മണിക്കൂറുകളിൽ ഒരു ദിശയിലേക്ക് 5000–20000 പേർ വരെ ഭാവിയിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
മൾട്ടി മോഡൽ മൊബിലിറ്റി ഹബ്ബുകൾ വരുമോ?
ഡിപിആർ തയാറാക്കുന്നതിനു മുന്നോടിയായുള്ള സിഎംപി റിപ്പോർട്ടിൽ, മെട്രോയ്ക്കൊപ്പം 13 മൾട്ടി മോഡൽ മൊബിലിറ്റി ഹബ്ബുകൾ കൂടി നിർമിക്കണമെന്നു ശുപാർശയുണ്ടായിരുന്നു. ബസ്, ട്രെയിൻ, വിമാനം, ഫെറി തുടങ്ങിയ യാത്രാ സൗകര്യങ്ങൾ ലഭ്യമാകുന്ന 5 മേജർ മൾട്ടി മോഡൽ മൊബിലിറ്റി ഹബ്ബുകളും 8 മൈനർ ഹബ്ബുകളും നിർമിക്കണമെന്നാണ് നിർദേശം. ആദ്യ ഘട്ടത്തിൽ തമ്പാനൂർ റെയിൽവേ ആൻഡ് ബസ് ടെർമിനസ് (മെട്രോ,ബസ്, റെയിൽവേ), കൊച്ചുവേളി (മെട്രോ, ബസ്, റെയിൽവേ, ഫെറി), തിരുവനന്തപുരം വിമാനത്താവളം (വിമാനം, മെട്രോ, ബസ്, റെയിൽവേ, ഫെറി), ടെക്നോപാർക് (മെട്രോ, ബസ്) എന്നിവയാണ് നിർദേശിച്ചിരുന്നത്.
“31 കിലോമീറ്ററിൽ മെട്രോ റെയിൽവേ നിർമിക്കാൻ നാലര വർഷം വരെ സമയം ലഭിക്കും. പക്ഷേ, ഇപ്പോഴത്തെ നിർമാണ സാങ്കേതികവിദ്യകൾ വളരെ മികച്ചതാണ്. 30 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാകും. അതിനു മുന്നോടിയായുള്ള അനുമതികൾ 6 മാസത്തിനുള്ളിൽ നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.“
ലോക്നാഥ് ബെഹ്റ, മാനേജിങ് ഡയറക്ടർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് |