search

തീരാനഷ്ടമാണ്, പകരമാകില്ല ഒന്നും; രാജേഷിന്റെ കുടുംബത്തിന് ഉയരപ്പാത ‌നിർമാണക്കമ്പനി 25 ലക്ഷം രൂപ കൈമാറി

Chikheang Yesterday 11:14 views 1010
  



പള്ളിപ്പാട് ∙ പ്രിയതമന്റെ ജീവനു പകരം 25 ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈകളിലേക്കു നൽകിയതോടെ ഷൈലജയുടെ കരച്ചിൽ ഉച്ചത്തിലായി. കണ്ടുനിന്നവരും കൂടെക്കരഞ്ഞു. 13നു പുലർച്ചെ 2.30ന് എരമല്ലൂർ ജംക്‌ഷനടുത്തു വച്ച് ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിലേക്കു വീണുമരിച്ച ഡ്രൈവർ പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനിൽ സി.ആർ.രാജേഷിന്റെ (47) കുടുംബത്തിനുള്ള നഷ്ടപരിഹാരം കൈമാറി. അപ്പോഴും രാജേഷിന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു ഭാര്യ ഷൈലജയും മക്കൾ ജിഷ്ണുവും കൃഷ്ണവേണിയും മുക്തരായിട്ടില്ല.

ഉയരപ്പാത നിർമാണച്ചുമതലയുള്ള അശോക ബിൽഡ്കോൺ നൽകാമെന്നേറ്റ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റാണു കുടുംബത്തിനു നൽകിയത്. ഇന്നലെ രാവിലെ 11.15നു ദേശീയപാത കരാർ കമ്പനിയായ അശോക ബിൽഡ്കോൺ മാനേജർ സിബിൻ ശ്രീധർ, തഹസിൽദാർ ബി.പ്രദീപ്, പഞ്ചായത്ത് അംഗം റേച്ചൽ വർഗീസ്, എന്നിവരാണു രാജേഷിന്റെ വീട്ടിലെത്തി ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയത്. ഇതിനിടെ രാജേഷിന്റെ മാതാപിതാക്കളായ രാജപ്പനും സരസമ്മയും സഹോദരൻ രതീഷും ഉൾപ്പെടെ കുടുംബമൊന്നാകെ കണ്ണീർ പൊഴിച്ചതു നാട്ടുകാരെയും ദുഃഖത്തിലാക്കി.

നഷ്ടപരിഹാരം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളിലും കുടുംബത്തിന്റെ ഒപ്പുവാങ്ങി. ഭാവിയിലും വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്നു സിബിൻ കുടുംബത്തെ അറിയിച്ചു. മൂന്നു വർഷം മുൻപു വീടുവച്ചതിന്റെയും ഓട്ടോ വാങ്ങിയതിന്റെയും വായ്പകളുടെ തിരിച്ചടവും മറ്റു ചില കടബാധ്യതകളുമുണ്ട്. ഇതിനൊപ്പം മക്കളിൽ ഒരാൾ പ്രമേഹ രോഗിയായതിന്റെ ചികിത്സയും. രാജേഷ് ഓട്ടോ ഓടിച്ചും ഡ്രൈവറായി പോയും ലഭിക്കുന്ന വരുമാനത്തിലാണു കുടുംബം കഴിഞ്ഞിരുന്നത്. നഷ്ടപരിഹാരമായി ലഭിച്ച തുക ബാങ്കിൽ നിക്ഷേപിക്കാനാണു തീരുമാനം.

ഉയരപ്പാതയിൽ ഇനി ജീവൻ പൊലിയരുത് സുരക്ഷ ഉറപ്പാക്കാൻ ഓഡിറ്റ്
ആലപ്പുഴ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിൽ ഉയർന്ന സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണു സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. 13നു പുലർച്ചെ 2.30നാണ് എരമല്ലൂർ ജംക്‌ഷനു സമീപം ഗർഡർ താഴെ വീണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷ് (47) മരിച്ചത്. ഇവിടെ പണി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിക്കു ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചത്. തുടർന്ന് വിദഗ്ധസമിതി അംഗങ്ങളായ എ.കെ.ശ്രീവാസ്തവ, അലോക് മാത്തൂർ, എൻഎച്ച്എഐ അംഗം വെങ്കിട്ടരമണ എന്നിവർ അപകടസ്ഥലം സന്ദർശിച്ചിരുന്നു.  

ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സുരക്ഷാ ഓഡിറ്റ് നടത്താനുള്ള തീരുമാനം. പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിനാണ് ഇതിന്റെ ചുമതല.  സ്ഥലം സന്ദർശിച്ചു നിർമാണ മേഖലയിൽ അടിയന്തര പദ്ധതി നടത്തിപ്പ് സമഗ്രമായി അവലോകനം ചെയ്യുന്ന രീതിയിലാണു റൈറ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനപരിധി നിശ്ചയിച്ചത്. നിർമാണസ്ഥലത്തെ പ്രവർത്തനങ്ങളിൽ അംഗീകരിക്കപ്പെട്ട നിർമാണ പദ്ധതികളും രീതികളും പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കും. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘വർക്ക് സോൺ’ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ജില്ലയിലെ ദേശീയപാത നിർമാണച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം നാളെ കലക്ടർ വിളിച്ചിട്ടുമുണ്ട്.

അപകടങ്ങൾ തുടർക്കഥ; അരോടു പറയാൻ, എവിടെ പറയാൻ?
ആലപ്പുഴ∙ ദേശീയപാത 66ന്റെ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പരാതി പറയാൻ സംവിധാനമില്ല. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാർഗരേഖ പ്രകാരം നിർമാണം നടക്കുന്ന ഭാഗത്ത് ഓരോ 5 കിലോമീറ്ററിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പറും പ്രദർശിപ്പിക്കേണ്ടതുണ്ട്.  ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, കരാർ കമ്പനിയുടെ ചുമതലയുള്ള എൻജിനീയർ, കരാർ കമ്പനിയുടെ വിവരങ്ങൾ, ഉപകരാർ നൽകിയെങ്കിൽ ആ കമ്പനിയുടെ വിവരങ്ങൾ എന്നിവയാണു ബോർഡുകളിൽ പ്രദർശിപ്പിക്കേണ്ടത്. എന്നാൽ എവിടെയും ഈ വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടില്ല. സംസ്ഥാനത്തു പല ഭാഗത്തും ദേശീയപാത അതോറിറ്റിയിൽ നിന്നു നിർമാണക്കരാർ നേടിയ സ്ഥാപനങ്ങൾ വൻ ലാഭം നേടി ഉപകരാർ നൽകുകയാണു ചെയ്തിട്ടുള്ളത്. ഉപകരാർ നേടിയ സ്ഥാപനങ്ങൾ പിന്നെയും കരാർ നൽകിയിട്ടുണ്ട്. ഫലത്തിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കിലാണു പണികൾ ചെയ്യുന്നത് എന്നതു ഗുണനിലവാരത്തെയും ബാധിക്കുന്നെന്ന് എൻജിനീയറിങ് വിദഗ്ധർ പറയുന്നു.

ആവശ്യത്തിന് എൻജീനിയർമാരില്ല
നിർമാണക്കമ്പനികൾക്കു വേണ്ടത്ര എൻജീനിയർമാരില്ലാത്തതു മേൽനോട്ടത്തെ ബാധിക്കുന്നുണ്ട്. തൊഴിലാളികളുടെ കുറവു നിർമാണ വേഗത്തെയും. കഴിഞ്ഞദിവസം ഗർഡർ വാഹനത്തിനു മുകളിൽ വീണു ഡ്രൈവർ മരിച്ച സംഭവമുണ്ടായ സ്ഥലത്ത് എൻജിനീയർമാരുണ്ടായിരുന്നില്ല. ഗർഡർ സ്ഥാപിക്കൽ പോലെ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നടത്തേണ്ട ജോലികൾ ചെയ്യുമ്പോൾ എൻജിനീയർമാർ സ്ഥലത്തില്ലാത്തതു നിർമാണത്തെ സാരമായി ബാധിക്കും. ഭൂനിരപ്പിലെ നിർമാണങ്ങളിലെ പാളിച്ച പോലെ ഉയരപ്പാത പോലെയുള്ള നിർമിതികളിലെ പാളിച്ച പരിഹരിക്കാനാകില്ല. എന്നാൽ ദേശീയപാത അതോറിറ്റിയും കരാർ കമ്പനികളും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നാണ് റോഡ് നിർമാണ മേഖലയിൽ വിദഗ്ധരായ എൻജിനീയർമാർ പറയുന്നത്. English Summary:
Accident compensation was provided to the family of the deceased after a tragic accident on the national highway. The family received 25 lakhs as compensation following the accident during the construction of the highway. Safety audits are being conducted to prevent future accidents.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161053