search

ഇന്ത്യൻ റെയിൽവേയിൽ ഇത്തരമൊരു ട്രെയിൻ ആദ്യം; പാഴ്സലുകൾ അയയ്ക്കാൻ ചെലവു കുറ‍ഞ്ഞ മാർഗം, കേരളത്തിൽ 7 സ്റ്റോപ്

deltin33 Yesterday 11:17 views 545
  



തിരൂർ ∙ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച പുതിയ ഇൻട്രാസോണൽ കോസ്റ്റ് ടു കോസ്റ്റ് പാഴ്സൽ എക്സ്പ്രസ് ട്രെയിനിനു തിരൂരിലും സ്റ്റോപ്. തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ട്രെയിനിലൂടെ പാഴ്സലുകൾ അയയ്ക്കാം. ഇന്ത്യൻ റെയിൽവേ ആദ്യമായാണ് ഇത്തരമൊരു ട്രെയിൻ ഓടിക്കുന്നത്. ചെലവു കുറഞ്ഞതും വിശ്വസനീയവുമായ സേവനമാണ് ദക്ഷിണ റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. റോഡ് വഴി പാഴ്സലുകൾ അയയ്ക്കുന്നതിനേക്കാൾ ചെലവു കുറവാണെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുള്ളത്.

പെട്ടെന്നു കേടാകുന്ന വസ്തുക്കൾ, വൈറ്റ് ഗുഡ്സ്, വ്യാവസായിക വസ്തുക്കൾ, തുണിത്തരങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവ ട്രെയിനിലൂടെ പാഴ്സലാക്കി അയയ്ക്കാൻ സാധിക്കും. ട്രെയിൻ കൃത്യസമയത്ത് ഓടിക്കുമെന്നും കൃത്യമായി ഏകോപിപ്പിച്ച ലോജിസ്റ്റിക് വിതരണം ഉറപ്പാക്കുമെന്നും സ്റ്റേഷനുകളിൽ പാഴ്സൽ കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. 10 ഹൈ കപ്പാസിറ്റി പാഴ്സൽ വാനുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ട്രെയിനിലുണ്ടാകുക.

എല്ലാ വെള്ളിയാഴ്ചകളിലും മംഗളൂരുവിൽ നിന്ന് ചെന്നൈ റോയാപുരം വരെ ട്രെയിൻ ഓടും. ചൊവ്വാഴ്ചകളിൽ റോയാപുരത്ത് നിന്ന് തിരിച്ചും സർവീസുണ്ടാകും. സേലം, ഈറോഡ്, ഉട്ടുക്കുളി, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും.

ഡിസംബർ 12നാണ് ആദ്യ സർവീസ് തുടങ്ങുന്നത്. മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 3.10ന് യാത്ര തുടങ്ങും. രാത്രി 8.10ന് കോഴിക്കോടെത്തും. 8.20ന് വീണ്ടും യാത്ര തുടങ്ങുന്ന ട്രെയിൻ തിരൂരിൽ 9.20ന് എത്തും. റോയാപുരത്ത് പിറ്റേന്ന് ഉച്ചയ്ക്ക് 1.30ന് ട്രെയിൻ എത്തും. തുടർന്നുള്ള ചൊവ്വാഴ്ചകളിൽ റോയാപുരത്ത് നിന്ന് ഉച്ചയ്ക്കു ശേഷം 3.45ന് സർവീസ് ആരംഭിക്കും. സേലത്ത് രാത്രി 9.50നും ഈറോഡിൽ 11.05നും തിരുപ്പൂരിൽ 1.10നും കോയമ്പത്തൂരിൽ 2.10നും പാലക്കാട് 3.35നും ട്രെയിൻ എത്തും. തിരൂരിൽ രാവിലെ 5.55നാണ് ട്രെയിൻ എത്തുന്നത്. ഉച്ചയ്ക്ക് 2.20ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. തിരൂർ റെയിൽവേ സ്റ്റേഷനിൽ 5 മിനിറ്റ് സമയമാണ് ട്രെയിൻ നിർത്തുന്നത്.‌  

പാഴ്സലുകൾക്കു മാത്രമായി പുതിയ ട്രെയിൻ വരുന്നത് തിരൂർ വെറ്റില ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യാൻ കൂടുതൽ എളുപ്പമാക്കും. നിലവിൽ യാത്രാ ട്രെയിനുകളിലാണു തിരൂർ വെറ്റില ചെന്നൈയിലേക്കു കയറ്റി അയയ്ക്കുന്നത്. കൂടാതെ കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്കു പാഴ്സലുകൾ എത്തിക്കുന്നതും എളുപ്പമാകും.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470345