കൊച്ചി ∙ സന്ധ്യ കഴിഞ്ഞാൽ ആനയിറങ്ങുന്ന സ്ഥലങ്ങളാണ് തട്ടേക്കാട് കീരംപാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും. ഇത്തരം സ്ഥലങ്ങളിൽ ആളും ആരവവുമില്ലാതെ വീടുകൾ തോറും കയറിയിറങ്ങുക അത്ര എളുപ്പമല്ല. എന്നാൽ കോതമംഗലം മണ്ഡലത്തിലെ 56-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബിഎൽഒ ആയ പാലമറ്റം പള്ളിക്കരക്കുടിയിലെ ശ്രീദേവിക്ക് ഇതൊന്നും പ്രശ്നമായില്ല. സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട നടപടികൾ വെറും 17 ദിവസം കൊണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് കോതമംഗലം താലൂക്ക് സപ്ലൈ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റായ ശ്രീദേവി. 17 ദിവസം കൊണ്ടു തന്നെ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയ മറ്റൊരാളാണ് പെരുമ്പാവൂർ മണ്ഡലത്തിലെ 76-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബിഎൽഒ ആയ കുറുപ്പംപടി തുരുത്തി കണ്ടംമാലി എൽദോ കെ.പോൾ. തുരുത്തി പട്ടം യു.പി സ്കൂളിലെ പ്യൂൺ ആണ് എൽദോ. എസ്ഐആർ നടപടികൾ 100 ശതമാനം പൂർത്തിയാക്കുന്ന ജില്ലയിലെ ആദ്യ ബിഎൽഒമാരാണ് ശ്രീദേവിയും എൽദോയും.
- Also Read തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി
‘‘ഞാനിങ്ങോട്ട് കല്യാണം കഴിച്ചു വന്നതാണ്. ഇവിടുത്തെ 10–20 വീടുകളില്‍ കൂടുതൽ ഇതുവരെ അറിയില്ലായിരുന്നു. ഇന്ന് എല്ലാവരേയും അറിയാം. ഇഞ്ചത്തൊട്ടി, ചാരുപാറ പ്രദേശങ്ങളിലൊക്കെ സന്ധ്യ കഴിഞ്ഞാൽ ആനയിറങ്ങും. ആനയുണ്ടെങ്കിൽ അങ്ങോട്ട് പോകരുത് എന്ന് ആളുകൾ പറയും. രാവിലെയാകുമ്പോഴാണ് പിന്നെ ആന പോവുക. ആനയെ പേടിച്ച് ജോലി ചെയ്യാതിരുന്നിട്ടില്ല. എന്നാൽ സന്ധ്യയായാൽ ആ പ്രദേശങ്ങളിലേക്കു പോകില്ല. രാത്രി 2–3 മണി വരെയൊക്കെ ഇരുന്നാണ് കമ്മിഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ അപ്‍ലോഡ് ചെയ്തിരുന്നത്. രാവിലെ ആറു മണിയാകുമ്പോൾ ഇറങ്ങിയാൽ ഒരു 10 മണി വരെയൊക്കെ ഫോം വിതരണം ചെയ്യും. പിന്നെ ഉച്ച കഴിഞ്ഞ് 3 മണി മുതൽ 8 മണി വരെയാക്കെ വീടുകൾ കയറും. പല വീടുകളിലും 3–4 തവണ കയറേണ്ടി വന്നു’’, തന്റെ എസ്ഐആർ അനുഭവം ശ്രീദേവി പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.
- Also Read കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
995 ഫോമുകളാണ് ശ്രീദേവിക്ക് ഉണ്ടായിരുന്നത്. ഇതിനായി ഓരോ ഭാഗങ്ങളായി തരംതിരിച്ചു. 2002ലെ വിവരങ്ങൾ മാപ്പ് ചെയ്തവരുടെ ഫോമുകളിലെ ബി, സി കോളങ്ങൾ പൂരിപ്പിച്ച നൽകിയതുകൊണ്ട് വീട്ടുകാർക്ക് വേഗത്തിൽ ബാക്കി പൂരിപ്പിച്ചു നൽകാനായി എന്നു ശ്രീദേവി പറഞ്ഞു. ഇരുചക്രവാഹനത്തിലായിരുന്നു ശ്രീദേവിയുടെ യാത്ര. തനിക്ക് മോശപ്പെട്ട അനുഭവങ്ങളൊന്നും ഉണ്ടായില്ലെന്നും അവർ പറയുന്നു. അറിയില്ലാത്തതായിരുന്നു പല വീടുകളുമെങ്കിലും അതിനു മുമ്പുള്ള വീടുകളിൽ ചോദിച്ച് മനസിലാക്കി. ആളുകൾ നന്നായി സഹകരിച്ചതുകൊണ്ടാണ് പെട്ടെന്ന് പൂർത്തിയാക്കാനായത് എന്നും അവർ പറഞ്ഞു. വഴിയും വീടും കാണിച്ചു തരാനൊക്കെ ആളുകൾ തയാറായി. കിട്ടുന്ന ഫോമുകളിലെ വിവരങ്ങൾ കഴിവതും അന്നന്നു തന്നെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു എന്നും ശ്രീദേവി പറയുന്നു.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
സൈക്കിളിലായിരുന്നു എല്‍ദോ നാടു കറങ്ങിയത്. നാട്ടുകാരൻ കൂടിയായതിനാൽ ഓരോ വീടും വീട്ടുകാരേയും പരിചയം. എങ്കിലും എസ്ഐആറിനുള്ള പരിശീലന വിഡിയോ കണ്ടപ്പോൾ ഒന്നു പകച്ചു എന്ന് പറയുന്നു എൽദോ. അത് പക്ഷേ പെട്ടെന്നു മാറി. വീടുകൾ ഓരോ ഭാഗങ്ങളായി തിരിച്ച് അവിടം ഫോം വിതരണം ചെയ്യുകയാണ് എൽദോയും ആദ്യം ചെയ്തത്. ‘‘ഫോം എന്നു പൂരിപ്പിച്ചു തരാമെന്ന് വീട്ടുകാരോട് പറഞ്ഞു വയ്ക്കും. അതിനനുസരിച്ച് അവിടെ പോയി വാങ്ങും. സംശയമുള്ളവർക്ക് അത് പറഞ്ഞുകൊടുത്ത് സഹായിക്കും. ചിലയിടത്ത് ഫോം കിട്ടാനായി 5 തവണ വരെ പോകേണ്ടി വന്നിട്ടുണ്ട്. ചിലർ വിളിച്ചു സംശയം ചോദിക്കുമ്പോൾ കഴിയുന്നതും നേരിട്ടു പോയി പറഞ്ഞു മനസിലാക്കി കൊടുക്കാറാണ് പതിവ്. ഇക്കഴിഞ്ഞ ഞായറാഴ്ച വേറൊന്നിനും പോകാതെ വീട്ടിലിരുന്ന് ഒറ്റയടിക്ക് 200 ഫോമുകളിലെ വിവരങ്ങൾ അപ്‍ലോഡ് ചെയ്തു. വായിച്ചു തരാൻ മോനും മരുമോനും ഉണ്ടായിരുന്നതുകൊണ്ട് എളുപ്പമായി’’, എൽദോ പറഞ്ഞു. രാവിലെ ആറു മണിക്കാണ് എൽദോയും ഫോമുകളുമായി ഇറങ്ങിയിരുന്നത്. ഇതിനു ശേഷം പകൽ ഒരു മണിക്കൂര്‍ ഉറങ്ങും. രാത്രി 2–3 മണി വരെയൊക്കെ ഇരുന്ന് വിവരങ്ങൾ അപ്‍ലോഡ് ചെയ്താണ് ഇത്ര വേഗത്തിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയതെന്ന് എൽദോ പറയുന്നു.
FAQ
1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)?
വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ.
2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്?
ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്.
3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം?
തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ. കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം.
4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്?
വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക, താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക. English Summary:
BLOs Sreedevi and Eldo K. Paul completed Special Intensive Revision process: Sreedevi and Eldo, displayed exceptional dedication and overcame challenges to ensure accurate voter list updates in their respective regions. Their achievements highlight the crucial role of BLOs in strengthening the electoral system. |
|