വളാഞ്ചേരി ∙ ആറുവരിപ്പാത വട്ടപ്പാറ വയഡക്ടിനു മുകളിൽ വീണ്ടും അപകടം. അമിതവേഗത്തിലെത്തിയ കാർ വയഡക്ടിനു മുകളിൽ കീഴ്മേൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന 4 പേരും അദ്ഭുതകരമായാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 5മണിയോടെയാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്നു കുറ്റിപ്പുറം ഭാഗത്തേക്കു പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കനത്ത ചാറ്റൽ മഴിയിൽ കാർ തെന്നിയതാണ് അപകടകാരണമെന്നു കരുതുന്നു. വട്ടപ്പാറ–മുക്കിലപ്പീടിക വയഡക്റ്റിൽ ഏറ്റവും ഉയരമുള്ള ഭാഗമാണ് ഇവിടം. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. വളാഞ്ചേരി വട്ടപ്പാറ വയ്ഡക്റ്റിനു മുകളിൽ മറിഞ്ഞ കാർ.
വട്ടപ്പാറ മേൽഭാഗത്തുനിന്നു തുടങ്ങി മുക്കിലപ്പടിക ഓണിയിൽപാലം വരെയുള്ള വയഡക്ടിൽ സദാസമയവും വാഹനത്തിരക്കാണ്. മാസങ്ങൾക്കു മുൻപാണ് വയഡക്ട്, വാഹനഗതാഗതത്തിനു തുറന്നു കൊടുത്തത്. വട്ടപ്പാറ മുടിപ്പിൻ വളവും വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കും ഒഴിവാക്കാനായി തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വയഡക്ട് വഴിയാണ് കടന്നുപോകുന്നത്. നിരപ്പായ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. ഇതിനിടയിലാണ് അപകടങ്ങളുമുണ്ടാകുന്നത്.
വയൽമേഖലയിൽ മുപ്പതും നാൽപതും അടി ഉയരത്തിലൂടെയാണ് വയഡക്ട് കടന്നുപോകുന്നത്. മേൽഭാഗത്ത് അപകടത്തിൽപെടുന്ന വാഹനങ്ങൾ താഴേക്കു പതിച്ചാൽ പൊടിപോലും കണ്ടെത്താനാവാത്ത അവസ്ഥയുണ്ടാകും. അപകടമൊഴിവാക്കാൻ പരമാവധി വേഗപരിധി കടന്നുള്ള കുതിച്ചോട്ടം നിയന്ത്രിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. English Summary:
Valanchery accident occurred on the Vattappara viaduct due to overspeeding. The car overturned, but luckily, all four passengers escaped without injuries. It is crucial to enforce speed limits to prevent future accidents on the viaduct. |
|