LHC0088 • 3 hour(s) ago • views 115
കൊച്ചി ∙ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനത്തിനു 984 വാഹനങ്ങൾക്കെതിരെ നടപടി.മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒക്ടോബർ 25 മുതൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കൊച്ചി നഗരത്തിൽ ഏഴു റൂട്ടുകളിലായി 14 സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത്, വാഹനം കസ്റ്റഡിയിൽ എടുത്തു. വടുതലയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കി.
ജില്ലയിൽ ഇതര ജില്ലകളിലെ പെർമിറ്റ് ഉപയോഗിച്ച് അനധികൃതമായി സർവീസ് നടത്തിയിരുന്ന 400 ഓളം ഓട്ടോറിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു. ട്രിപ്പ് കട്ട് ചെയ്ത് സർവീസ് നടത്താതിരുന്ന ബസുകളുടെ പെർമിറ്റിൽ നടപടി എടുക്കുന്നതിന് ആർടിഒ ബോർഡിലേക്ക് ശുപാർശ ചെയ്തു. ട്രാഫിക്കിന് എതിർ ദിശയിൽ ബസ് ഓടിച്ച് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും പോകാൻ കഴിയാത്ത വിധം മാർഗ്ഗ തടസ്സം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി. മൂവാറ്റുപുഴ - വണ്ണപ്പുറം വഴി കാളിയാർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ നിന്ന് യാത്രക്കാരി വീണ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു.
സീബ്രാ ലൈനുകളിൽ കാൽനടക്കാരെ കടന്നു പോകാൻ അനുവദിക്കാതെ അലക്ഷ്യമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അനവധി കേസുകളിൽ നടപടിയെടുത്തു. ബസുകൾ സ്റ്റോപ്പിൽ നിർത്താതെ റോഡിന്റെ നടുക്ക് നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എൻഫോഴ്സ്‌മെന്റ് ആർടിഒ അറിയിച്ചു. നഗരത്തിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ കാര്യമായ കുറവ് വന്നിട്ടുള്ളതായി അദ്ദേഹം സൂചിപ്പിച്ചു. പരിശോധനകൾ കർശനമായി തുടരുമെന്ന് എൻഫോഴ്സ്‌മെന്റ് ആർടിഒ അറിയിച്ചു.
English Summary:
Traffic Violations: Ernakulam district sees action against 984 vehicles for traffic violations. The Motor Vehicle Department is increasing enforcement to reduce accidents and ensure road safety. |
|