LHC0088 • 11 hour(s) ago • views 1053
ഇന്ത്യയിലെ സ്മാർട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ് എന്നതിൽ തർക്കമില്ല. എന്നാൽ, രാജ്യത്തെ വലിയ വിഭാഗം വാട്സാപ് ഉപയോക്താക്കളെ സാരമായി ബാധിക്കുന്ന നിർണായക ഉത്തരവ് കഴിഞ്ഞ നവംബർ 28ന് കേന്ദ്ര ടെലികോം മന്ത്രാലയം ഒരു ചർച്ചയുമില്ലാതെ പുറത്തിറക്കുകയുണ്ടായി. മെസേജിങ് ആപ് ഉപയോഗിക്കുന്ന ഫോണിൽ ആ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിന്റെ സിം കാർഡ് (ഇ-സിം ആകാം) നിർബന്ധമായും ഉണ്ടായിരിക്കണം (സിം ബൈൻഡിങ്) എന്നതാണ് ഉത്തരവിന്റെ കാതൽ.
- Also Read ‘ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണം, ലഷ്കറെ ബന്ധം സുരക്ഷാ ഭീഷണി’: മുന്നറിയിപ്പുമായി ഇസ്രയേൽ
വാട്സാപ് അക്കൗണ്ട് റജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിക്കാതെ ഡേറ്റ കണക്ടിവിറ്റിക്കായി മറ്റൊരു സിം ഉപയോഗിക്കുന്നവരെയോ, അല്ലെങ്കിൽ സിം ഇല്ലാതെ വൈഫൈ കണക്‌ഷനിൽ മാത്രം ടാബ്‌ലറ്റിലോ അധിക ഫോണിലോ വാട്സാപ് ഉപയോഗിക്കുന്നവരെയോ ആകും ഈ ഉത്തരവ് പ്രധാനമായും ബാധിക്കുക. വിദേശത്തുനിന്നുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണു നടപടിയെന്നാണ് ഉത്തരവിൽ ടെലികോം മന്ത്രാലയം അവകാശപ്പെടുന്നത്.
- Also Read നടിയെ പീഡിപ്പിച്ച കേസ്: ഗൂഢാലോചനാവാദം ആദ്യം ഉയർന്നത് സിനിമക്കാരുടെ യോഗത്തിൽ; ഉന്നയിച്ചത് മഞ്ജു വാരിയർ
എന്നാൽ, ഇതേ ദിവസംതന്നെ പുറപ്പെടുവിച്ച മറ്റൊരു ഉത്തരവ് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. സഞ്ചാർ സാഥി എന്ന ആപ് എല്ലാ പൗരരുടെയും സ്മാർട്ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു ആ ഉത്തരവ്. പൗരരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഈ നീക്കത്തെ പല കോണുകളും വിലയിരുത്തുകയുണ്ടായി. പിന്നാലെ, സഞ്ചാർ സാഥി നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവിൽനിന്നു കേന്ദ്രം പിൻവലിഞ്ഞു.
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
സഞ്ചാർ സാഥി വിഷയത്തിലേതുപോലുള്ള സംവാദം സിം ബൈൻഡിങ് ഉത്തരവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ഈ ഉത്തരവ് വാട്സാപ്, ടെലിഗ്രാം, സിഗ്‌നൽ തുടങ്ങിയ ആപ്പുകൾ ലാപ്ടോപ്പിലും ടാബ്‌ലറ്റിലും ഉപയോഗിക്കുന്നവർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ ഇത്തരം മെസേജിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഓരോ 6 മണിക്കൂറിലും ലോഗിൻ ചെയ്യണമെന്ന നിബന്ധന ഉപയോക്താക്കളെ സാരമായി ബാധിക്കുന്നതാണ്. നിലവിൽ ‘കംപാനിയൻ’ ഫീച്ചറിലൂടെ വാട്സാപ് ഒന്നിലധികം മൊബൈലുകളിലോ ടാബ്‌ലറ്റുകളിലോ ഉപയോഗിക്കാനാകുമെങ്കിൽ, പുതിയ ഉത്തരവുപ്രകാരം ഇത്തരം സംവിധാനങ്ങൾ നിർത്തലാക്കേണ്ടിവരും. അതുപോലെ വിദേശയാത്രയിൽ ട്രാവൽ സിം, ടൂറിസ്റ്റ് സിം എന്നിവ ഉപയോഗിക്കുമ്പോൾ, ഫോണിൽ റജിസ്റ്റർ ചെയ്ത സിം ഇല്ലാത്ത സാഹചര്യത്തിൽ വാട്സാപ് സേവനം തടസ്സപ്പെടാം. അഡ്വ. പ്രശാന്ത് സുഗതൻ
മാധ്യമപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും സ്വകാര്യത ഉറപ്പാക്കേണ്ട സംഭാഷണങ്ങൾക്ക് ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് സിഗ്‌നൽ. ഇത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ മാത്രമാണ് ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) ഉപയോഗിച്ചു ലോഗിൻ ചെയ്യേണ്ടത്. അത്തരം ആപ്പുകൾക്കും സിം ബൈൻഡിങ് നിബന്ധന ഏർപ്പെടുത്തുന്നത് ഇവരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിനു വഴിവയ്ക്കും. വാട്സാപ്പിന്റെ ബിസിനസ് പതിപ്പ് ഒട്ടേറെ ചെറുകിട സംരംഭകർ ഉപയോഗിക്കുന്നുണ്ട്. സിം ബൈൻഡിങ് നിബന്ധന ഇവരെയും സാരമായി ബാധിക്കും.
ബാങ്കിങ് ആപ്പുകളിലും ഗൂഗിൾ പേ പോലെയുള്ള യുപിഐ ആപ്പുകളിലും റജിസ്റ്റർ ചെയ്ത സിം മൊബൈലിലുണ്ടാകണമെന്ന നിബന്ധനയുണ്ട്. അത്തരം ആപ്പുകൾ മറ്റൊരു മൊബൈലിൽ ഉപയോഗിക്കുന്നതു തടയേണ്ടത് ഉപയോക്താക്കളുടെ പണത്തിന്റെ സുരക്ഷയ്ക്ക് ആവശ്യവുമാണ്. സാമ്പത്തിക ഇടപാടുകൾക്കുള്ള ആപ്പുകളും ആശയവിനിമയത്തിനുള്ള ആപ്പുകളും തമ്മിൽ സുരക്ഷയുടെ കാര്യത്തിൽ താരതമ്യം സാധ്യമല്ല. ഉപയോക്താവിന് എളുപ്പത്തിലും സ്വകാര്യത സംരക്ഷിച്ചും ഉപയോഗിക്കാനാകുക എന്നതാണ് ആശയവിനിമയ ആപ്പുകളിൽ മുഖ്യം.
ഉപയോക്താക്കളുടെ റജിസ്ട്രേഷനും തിരിച്ചറിയലിനുമായി മൊബൈൽ നമ്പറോ ഐഎംഇഐ പോലുള്ള മറ്റ് ടെലികോം ഐഡന്റിഫയറുകളോ ഉപയോഗിക്കുന്ന ആപ്പുകളെ 2025ലെ ടെലികമ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി ചട്ടങ്ങൾ ടെലികമ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റി (ടിഐയുഇ) എന്ന ഗണത്തിൽ പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സുപ്രീം കോടതി സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച പുട്ടസ്വാമി വിധിന്യായത്തിലും കശ്‍മീരിലെ ഇന്റർനെറ്റ് വിഛേദനവുമായി ബന്ധപ്പെട്ട അനുരാധ ഭാസിൻ വിധിന്യായത്തിലും സർക്കാരിന്റെ ഉദ്ദേശ്യം നിർവഹിക്കുന്നതിനു മറ്റു മാർഗങ്ങളുണ്ടെങ്കിൽ ഒരു പൗരന് ഏറ്റവും കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്ന മാർഗം തിരഞ്ഞെടുക്കണമെന്നു നിർദേശിക്കുന്നുണ്ട് (proportionality principle). ഇവിടെ ഒരു സിം നമ്പർ ഒരു വെബ് ആപ്ലിക്കേഷനിലൂടെയോ മറ്റു ആപ്പുകൾ മുഖേനയോ വാട്സാപ് സേവനങ്ങൾക്കായി ഉപയോഗിക്കുമ്പോൾ റജിസ്റ്റർ ചെയ്ത സിം ഉള്ള വാട്സാപ്പിലേക്ക് സേവനദാതാവിന്റെ അറിയിപ്പു നൽകാവുന്നതാണ്. ഉപയോക്താവിനു ബുദ്ധിമുട്ടുണ്ടാക്കാത്ത ഇത്തരം പല സംവിധാനങ്ങൾ ചിന്തിക്കാം.
ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ കേന്ദ്ര സർക്കാർ ഈ മേഖലയിലെ സ്ഥാപനങ്ങളുമായും വിദഗ്ധരുമായും പൊതുജനങ്ങളുമായും കൂടിയാലോചനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയേണ്ടതു പ്രധാനമാണെങ്കിലും, അത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയിൽ ആകരുത്.
(ഹൈക്കോടതി അഭിഭാഷകനും സൈബർ നിയമ വിദഗ്ധനുമാണ് ലേഖകൻ) English Summary:
Impact of Sim Binding on WhatsApp Users: WhatsApp Sim Binding refers to the recent regulation mandating that the SIM card used to register a messaging app account must be present in the same device. This new rule raises concerns about user privacy and accessibility, potentially impacting individuals using WhatsApp on multiple devices or while traveling internationally. |
|