മരട് ∙ തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾക്ക് ഇന്നലെയും തിരക്കായിരുന്നു. കൂട്ടലും കിഴിക്കലും കൂടാതെ ചുവരെഴുത്തുകൾ മായ്ക്കാനും പോസ്റ്റർ അഴിച്ചെടുക്കാനും സ്ഥാനാർഥികൾ തന്നെ നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ മതിലുകൾ പൂർവ സ്ഥിതിയിലാക്കാം എന്ന മതിലുകളുടെ ഉടമസ്ഥർക്കു നൽകിയ വാക്ക് പാലിക്കാനാണ് ഇന്നലെ തന്നെ ചുവരെഴുത്തു മായ്ച്ചു തുടങ്ങിയതെന്ന് 12–ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി നിമ്മി കലാധരൻ പറഞ്ഞു.
ബോർഡുകൾ അഴിച്ചെടുത്ത് ഗ്രോബാഗ് നിർമിക്കാനുള്ള തയാറെടുപ്പിലാണ് നിമ്മി. പോസ്റ്ററുകൾ പേപ്പർ ബാഗ് നിർമിക്കുന്ന യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്ററിലെ ക്ലിപ്പും മറ്റും നീക്കം ചെയ്ത് സൗജന്യമായി നൽകാനാണ് ഉദ്ദേശിക്കുന്നത്. ചുവരുകളിൽ ഒട്ടിച്ച പോസ്റ്ററുകളും നീക്കം ചെയ്യുന്നുണ്ട്. കൊച്ചി കോർപറേഷൻ 46-ാം ഡിവിഷനിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി.പി.ചന്ദ്രൻ കുടുംബസമേതമാണ് യുഡിഎഫ് പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത്. എഴുതിയ മതിലുകളിൽ വെള്ള പൂശി. പതിച്ച പോസ്റ്ററുകളും ബോർഡുകളും മാറ്റി.
മുളന്തുരുത്തി ∙ വോട്ടെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാത്ത ദിവസമായിരുന്നു സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഇന്നലെ. തിരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു എല്ലാവരും. പൊതു സ്ഥലങ്ങളിൽ വച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യാനാണ് ഇന്നലെ പ്രവർത്തകർ സമയം കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളുടെ മതിലിലെ ചുമരെഴുത്തു മായ്ക്കാനുള്ള പ്രവർത്തനവും തുടങ്ങി. വനിതാ സ്ഥാനാർഥികൾ അടക്കം പ്രവർത്തകർക്കൊപ്പം രംഗത്തിറങ്ങി. English Summary:
Kerala Election Cleanup focuses on the immediate aftermath of the Kerala local elections. Candidates and party workers actively removed campaign materials, including wall writings and posters, emphasizing environmental responsibility and fulfilling promises to restore properties. |
|