കോഴിക്കോട് ∙ മീഞ്ചന്ത വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എസ്.കെ.അബൂബക്കറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊലീസ് പൊളിച്ചു നീക്കി. റിട്ടേണിങ് ഓഫിസറുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പോളിങ് സ്റ്റേഷനായ മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിൽ നിന്ന് 100 മീറ്ററിനുള്ളിൽ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നീക്കം ചെയ്യണമെന്ന് പലതവണ നിർദേശിച്ചിട്ടും ചെയ്യാതിരുന്നതിനെ തുടർന്നാണ് രാത്രി 10.30 നു ശേഷം പൊളിക്കാനുള്ള നടപടി തുടങ്ങിയതെന്ന് പന്നിയങ്കര ഇൻസ്പെക്ടർ സതീഷ്കുമാർ പറഞ്ഞു.
ഇന്നലെ രാവിലെ 10 മുതൽ ഈ ഓഫിസ് ഇവിടെ നിന്നു മാറ്റണമെന്ന് യുഡിഎഫ് നേതൃത്വത്തോടും സ്ഥാനാർഥിയോടും പറഞ്ഞിരുന്നു. മറ്റു മുന്നണികൾ ഇതിനെതിരെ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകുകയായിരുന്നു. യുഡിഎഫ് ഓഫിസ് നീക്കം ചെയ്യാത്ത പക്ഷം തങ്ങളും പോളിങ് സ്റ്റേഷനു സമീപം ഓഫിസുകൾ കെട്ടുമെന്നും പോളിങ് തടസ്സപ്പെടുത്തുമെന്നും മറ്റു മുന്നണികൾ പറഞ്ഞു. ഇത് സംഘർഷത്തിനു വഴിവയ്ക്കും എന്നതിനാലാണ് ഓഫിസ് പൊളിച്ചു നീക്കിയതെന്നും ഇൻസ്പെക്ടർ സതീഷ് കുമാർ പറഞ്ഞു. എന്നാൽ ഓഫിസിനു മുൻപിലെ ബോർഡുകളും കൊടികളും നീക്കം ചെയ്യാനാണ് നേരത്തെ പൊലീസ് പറഞ്ഞതെന്നും ഇതു പ്രകാരം അവ മാറ്റിയിരുന്നെന്നും യുഡിഎഫ് സ്ഥാനാർഥി എസ്.കെ.അബൂബക്കർ പറഞ്ഞു. English Summary:
Kerala election news focuses on the demolition of the UDF candidate\“s election office in Meenchanda ward. This action was taken by the police following complaints and warnings regarding its proximity to the polling station. |
|