search

വെറുതേ പോറ്റുന്ന വെള്ളാനകൾ

LHC0088 7 hour(s) ago views 508
  

  



കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥയ്ക്ക് മുഖവുരയുടെ ആവശ്യമില്ല. തെളിവുകളെല്ലാം എതിരായിരുന്നിട്ടും ‘പൊതുതാൽപര്യം’ എന്ന പേരിൽ നികുതിദായകരുടെ പണം ചോർത്തുന്ന പതിവ് ഈ നഷ്ടക്കച്ചവടക്കാർ തുടരുന്നു. ശമ്പളംപോലും കൃത്യസമയത്തു നൽകാൻ കഴിയാത്ത പ്രതിസന്ധിക്കിടയിലും, ഖജനാവ് ചോർത്തുന്ന ഇവരോടുള്ള സർക്കാരിന്റെ മനോഭാവത്തിൽ മാറ്റമില്ല. ‘എണ്ണം എത്ര കൂടുന്നോ അത്രയും നല്ലത്’ എന്ന സമീപനമാണ് സർക്കാരിന്. എന്നാൽ, നികുതിദായകർ ചില ചോദ്യങ്ങൾ ചോദിക്കാൻ സമയമായിരിക്കുന്നു.

  • Also Read ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നുവെന്ന് സഹോദരി; ജയിലിനു മുന്നിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും അനുയായികളും   


അതിദയനീയം സ്ഥിതി

സംസ്ഥാനത്ത് 149 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത് (ബോർഡുകളും അതോറിറ്റികളും വേറെയുണ്ട്). 18 എണ്ണം അടച്ചുപൂട്ടൽ നടപടികളിലാണ്. 131 എണ്ണം ‘ജീവിച്ചിരിപ്പുണ്ടെന്ന്’ പറയാമെങ്കിലും ‘പ്രവർത്തിക്കുന്നു’ എന്നു പറയാനാകില്ല. 2023-24 വർഷത്തിൽ ഇവയുണ്ടാക്കിയ നഷ്ടം 3470 കോടി രൂപയാണ്. ഏകദേശം 28,000 കോടി രൂപയുടെ ഓഹരി മൂലധനവും (ഭൂരിഭാഗവും സർക്കാർ വക) 90,000 കോടി രൂപയുടെ നിക്ഷേപവും (സർക്കാരോ സർക്കാർ ജാമ്യംനിൽക്കുന്ന വായ്പകളോ) ഇവയിലുണ്ട്. ഇവയുടെ സഞ്ചിതനഷ്ടം 51,000 കോടി രൂപയാണ്; ആസ്തിയാകട്ടെ നെഗറ്റീവ് 38,600 കോടി രൂപയും.

  • Also Read ‘ഇന്ത്യ എന്റെ വീടു പോലെ’, ഇൻഡിഗോയെ നിയന്ത്രിക്കുന്ന ഡച്ചുകാരൻ‌; പ്രതിസന്ധിക്കു നടുവിൽ കൈകൂപ്പിയ വ്യോമയാന വിദഗ്ധൻ   


ശമ്പളം നൽകാൻ നികുതിദായകന്റെ പണത്തിനായി സർക്കാരിൽ സമ്മർദം ചെലുത്തുക എന്നത് ഇവയുടെ ശീലമായി മാറി. ‘നഷ്ടം വരുത്തുക ഞങ്ങളുടെ അവകാശമാണ്, ഞങ്ങളെ നിലനിർത്തേണ്ടതു സർക്കാരിന്റെ ബാധ്യതയും’ എന്നതാണ് ഈ കമ്പനികളുടെ ഭാവം.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഏകദേശം 50 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തനലാഭമുണ്ടാക്കുന്നത്. ബജറ്റ് വിഹിതത്തിന്റെ അപര്യാപ്തതമൂലം നഷ്ടത്തിലായ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് പോലുള്ള അപവാദങ്ങളുമുണ്ട്. പെൻഷൻ നൽകാൻ വിപണിയിൽനിന്നു കടമെടുക്കാൻ സർക്കാർ നിർബന്ധിച്ചാൽ, ഈ സ്ഥാപനങ്ങൾക്കു മറ്റു വഴികളില്ലാതാകും. ഇത്തരം കോർപറേഷനുകൾ എന്തിനു വേണ്ടിയാണ്?   ടി.നന്ദകുമാർ

നിയമലംഘനങ്ങളുടെ നീണ്ടനിര

കമ്പനി നിയമങ്ങളുടെ, പ്രത്യേകിച്ച് ഓഡിറ്റ്, കോർപറേറ്റ് ഗവേണൻസ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനങ്ങൾ നോക്കാം. 131 സ്ഥാപനങ്ങളിൽ 33 എണ്ണം മാത്രമാണ് 2023-24ലെ നിയമാനുസൃത ഓഡിറ്റ് പൂർത്തിയാക്കിയത് (2025 ഫെബ്രുവരി വരെ). ചിലർ 8 വർഷമായി ഓഡിറ്റ് നടത്തിയിട്ടില്ല. ഈ സ്ഥിതിയിൽ ഈ സ്ഥാപനങ്ങൾ പുറത്തുവിടുന്ന കണക്കുകൾ എങ്ങനെ വിശ്വസിക്കും?.

സാമ്പത്തികവർഷം അവസാനിച്ച ശേഷം സെപ്റ്റംബർ 30ന് അകം ഓഡിറ്റ് പൂർത്തിയാക്കണമെന്നു കമ്പനി നിയമം അനുശാസിക്കുന്നു. സിഎജി റിപ്പോർട്ട് പ്രകാരം, 131 സ്ഥാപനങ്ങളിൽ 16 എണ്ണം മാത്രമാണ് 2022-23 വർഷത്തെ കണക്കുകൾ സമയബന്ധിതമായി സമർപ്പിച്ചത്. കമ്പനി നിയമത്തിലെ 129(2) വകുപ്പുപ്രകാരം വാർഷിക പൊതുയോഗത്തിൽ സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാത്ത പക്ഷം പിഴയും (50,000 മുതൽ 5 ലക്ഷം വരെ) തടവുശിക്ഷയും ലഭിക്കാം. എന്നിട്ടും റിപ്പോർട്ടുകൾ സമയത്തിനു സമർപ്പിക്കാത്ത ഒട്ടേറെ കേസുകൾ സിഎജി ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ഡയറക്ടർമാർ

ബോർഡുകളിൽ സ്വതന്ത്ര ഡയറക്ടർമാർ വേണമെന്നും അവർ ഓഡിറ്റ് കമ്മിറ്റിയുടെ അധ്യക്ഷരാകണമെന്നും നിയമത്തിൽ പറയുന്നു. എന്നാൽ, 17 പബ്ലിക് കമ്പനികളിൽ 11 എണ്ണത്തിലും സ്വതന്ത്ര ഡയറക്ടർ ഇല്ലെന്നു സിഎജി നിരീക്ഷിക്കുന്നു. നിയമവ്യവസ്ഥകൾ കാറ്റിൽപറത്തി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾക്കെതിരെ നടപടിയുണ്ടാകുന്നില്ല. സ്വകാര്യ കമ്പനിയാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?

ചെയർമാൻമാരുടെ ധൂർത്ത്

പല കോർപറേഷനുകൾക്കും മുഴുവൻസമയ ചെയർമാൻമാരുണ്ട്. അവർക്കു കാറും ഡ്രൈവറും പഴ്സനൽ സ്റ്റാഫും അടക്കം എല്ലാ സൗകര്യങ്ങളും. രാഷ്ട്രീയ പുനരധിവാസം മാത്രം ലക്ഷ്യമിട്ടുള്ള നിയമനങ്ങളാണിവ. കളിമൺ കോർപറേഷന്റെ മുൻ ചെയർമാൻ കൈക്കൂലി വാങ്ങിയ കഥ നാം കേട്ടതാണ്. മുൻപു കേട്ടിട്ടില്ലാത്ത ഇത്തരം കോർപറേഷനുകൾപോലും അഴിമതിക്കു വേദിയാക്കുന്നു.

ഇത്തരം നിയമനങ്ങൾ നിയമപരമാണോ? കമ്പനി നിയമത്തിലെ നിർവചനങ്ങളിൽ ചെയർമാൻ എന്ന പദമില്ല. സെക്‌ഷൻ 104 പ്രകാരം, ബോർഡ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കാൻ മാത്രമാണ് ചെയർമാൻ. മുഴുവൻസമയ ചെയർമാനായാൽപോലും (ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ ഇതിനു വ്യവസ്ഥയുണ്ടെങ്കിൽ) ബോർഡ് യോഗങ്ങളുടെ നടത്തിപ്പിൽ മാത്രമാണ് അവർക്ക് അധികാരമുള്ളത്. എന്നാൽ, നിയമം ലംഘിച്ച് ഇവർ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നു. ഡയറക്ടർമാരെ നിയമിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പലപ്പോഴും മുഴുവൻസമയ ചെയർമാൻമാരെ നിയമിക്കുന്നത്. ചെയർമാൻമാർക്കു സിറ്റിങ് ഫീസിനും യാത്രാബത്തയ്ക്കും മാത്രമേ അർഹതയുള്ളൂ.

‘പൊതുമേഖലാ സ്ഥാപനങ്ങളിൽ രാഷ്ട്രീയക്കാർ വേണ്ട’

കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള മൈസൂരു ഷുഗർ ഫാക്ടറി ലിമിറ്റഡിന്റെ (മൈഷുഗർ) മുൻ ചെയർമാൻ നാഗരാജപ്പ നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി കഴിഞ്ഞ നവംബർ 13നു വിധി പ്രസ്താവിച്ചിരുന്നു.

‘പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സർക്കാർ കമ്പനികളുടെയോ ചെയർമാൻ സ്ഥാനത്തേക്ക് ആ മേഖലയിൽ മികച്ച അറിവും പ്രഫഷനൽ മികവുമുള്ളവരെ മാത്രമേ നിയമിക്കാവൂ. രാഷ്ട്രീയക്കാരെ നിയമിക്കുന്നത് സ്ഥാപനത്തിന്റെയും തൊഴിലാളികളുടെയും ദുരിതം വർധിപ്പിക്കാനും പൊതുതാൽപര്യത്തിനു ദോഷം വരുത്താനും മാത്രമേ ഉപകരിക്കൂ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറികളിലൊന്നിൽ പ്രഫഷനൽ യോഗ്യതയോ വിഷയജ്ഞാനമോ ഇല്ലാത്ത ഹർജിക്കാരനെ രാഷ്ട്രീയകാരണങ്ങളാൽ ചെയർമാനായി നിയമിച്ചതു തെറ്റായ തീരുമാനമായിരുന്നു. ഈ തീരുമാനം 127 കോടി രൂപയുടെ നഷ്ടത്തിനാണ് വഴിവച്ചത്’ എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

കോടതി പറയുന്നത്

നഷ്ടത്തിലോടുന്ന കോർപറേഷനുകൾ ചെയർമാൻമാർക്കും ഡയറക്ടർമാർക്കും അലവൻസ് നൽകാൻ തങ്ങളുടെ പരിമിത വിഭവങ്ങൾ ഉപയോഗിക്കുന്നതിനെ പട്ന ഹൈക്കോടതി 1997ൽ വിമർശിച്ചിരുന്നു. ദൈനംദിന ഭരണത്തിൽ ചെയർമാനു റോളില്ലെന്നും എല്ലാ അധികാരങ്ങളും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ചെയർമാൻ പദവി സൃഷ്ടിക്കുന്നതും തുടരുന്നതും അനാവശ്യമാണെന്നും കമ്പനിയുടെ സാമ്പത്തികസ്ഥിതി പരിഗണിക്കുമ്പോൾ അവർ ആ സ്ഥാനത്തു തുടരുന്നതിൽ ന്യായീകരണമില്ലെന്നും കോടതി വിധിച്ചു.

ഉത്തരം വേണ്ട ചോദ്യങ്ങൾ

∙ സ്ഥിരമായി നഷ്ടത്തിലോടുന്ന കമ്പനികൾ നിലനിർത്തണോ? എങ്കിൽത്തന്നെ, മുഴുവൻ സമയ ചെയർമാൻമാർ ആവശ്യമുണ്ടോ?

∙ നിയമലംഘനം നടത്തുന്ന ചെയർമാൻമാരെയും ഡയറക്ടർമാരെയും അയോഗ്യരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ എന്തുകൊണ്ടു സ്വീകരിക്കുന്നില്ല?

∙ സ്വതന്ത്ര ഡയറക്ടർമാരെ എല്ലാ കമ്പനികളിലും നിയമിക്കാൻ മടിക്കുന്നത് എന്തുകൊണ്ട്?

∙ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻമാരുടെ അധികാരാവകാശങ്ങൾ കമ്പനിനിയമത്തിനനുസൃതമായി പരിമിതപ്പെടുത്താനും അനാവശ്യമായവരെ ഒഴിവാക്കാനും സർക്കാർ തയാറാകുമോ?

∙ 2026 മാർച്ചോടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാൻ സർക്കാർ തയാറാണോ ?

ഉത്തരം കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല. എന്നാലും ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം എന്തിനു വിട്ടുകൊടുക്കണം?

(മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ലേഖകൻ കേന്ദ്ര കാർഷിക, ഭക്ഷ്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് ചെയർമാനുമായിരുന്നു)
English Summary:
The Dire State of Kerala\“s Public Sector: Kerala Public Sector Undertakings are facing severe financial crisis. These institutions are consistently incurring losses, raising concerns about their sustainability and management practices. Urgent reforms and accountability measures are needed to address these issues and ensure the responsible use of public funds.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594