‘‘നീതിനിഷേധത്തിനെതിരെ ഉറച്ചു സംസാരിക്കുന്നവരുടെ വായടപ്പിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. എന്നിട്ടും ശബ്ദമുയർത്തിയാൽ അർബൻ നക്സലെന്ന് മുദ്രകുത്തി ജയിലിലാക്കുന്ന ആശങ്കാജനകമായ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്’’– വിചാരണത്തടവുകാരനായി അഞ്ചു വർഷം ജയിലിൽ കിടന്ന ഡൽഹി സർവകലാശാല മുൻ അസോഷ്യേറ്റ് പ്രഫസറും തൃശൂർ സ്വദേശിയുമായ ഹാനി ബാബുവിന്റെ വാക്കുകൾക്ക് മൂർച്ച ഒട്ടും കുറഞ്ഞിട്ടില്ല. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി നവിമുംബൈ തലോജ ജയിലിലായിരുന്ന ഹാനി ബാബുവിനു ബോംബെ ഹൈക്കോടതി ഈമാസം നാലിനാണു ജാമ്യം അനുവദിച്ചത്. 2017 ഡിസംബർ 31ന് പുണെയിലെ ഭീമ കൊറേഗാവിൽ എൽഗാർ പരിഷത് എന്ന പേരിൽ മനുഷ്യാവകാശ പ്രവർത്തകർ സംഘടിപ്പിച്ച ദലിത് സമ്മേളനത്തിലെ പ്രസംഗങ്ങൾ കലാപത്തിനു കാരണമായെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) കടുത്ത വ്യവസ്ഥകളടങ്ങിയ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
ജാമ്യം ലഭിച്ച ശേഷമുള്ള ആദ്യ അഭിമുഖത്തിൽ പ്രഫ. ഹാനി ബാബു സംസാരിക്കുന്നു
അഞ്ചു വർഷത്തിനു ശേഷം ജാമ്യം. എന്താണു പറയാനുള്ളത് ?
വീണ്ടും പുറംലോകം കാണാൻ കഴിഞ്ഞത് വലിയ ആശ്വാസം പകരുന്നു. ഭാര്യയ്ക്കും മകൾക്കുമൊപ്പം ജീവിതം തിരിച്ചുകിട്ടി. എന്നാൽ, ബോംബെ ഹൈക്കോടതിയുടെ പരിധി വിട്ടുപോകാൻ പാടില്ല എന്നതാണ് പ്രധാന ജാമ്യവ്യവസ്ഥ. മഹാരാഷ്ട്രയിൽ എനിക്ക് ബന്ധങ്ങളില്ല. 2007 മുതൽ ഡൽഹിയിലാണ് ജീവിതം. കേസ് തീരാൻ വർഷങ്ങളെടുക്കും. അതുവരെ മഹാരാഷ്ട്ര വിട്ടുപോകാൻ കഴിയില്ല. കൊലക്കേസ് പ്രതികൾക്കു പോലും ഇത്തരം ജാമ്യവ്യവസ്ഥ ഉണ്ടാകാറില്ല. ചുരുക്കത്തിൽ, നവിമുംബൈയിലെ തലോജ ജയിലിൽനിന്ന് ‘മഹാരാഷ്ട്ര ജയിലി’ലേക്കു ജീവിതം മാറുന്ന സ്ഥിതി. മുറുക്കിക്കെട്ടിയ ചങ്ങല അയച്ചുകെട്ടിയതുപോലെയാണിത്.
തെറ്റുകാരനല്ലെന്നു പറഞ്ഞു. പിന്നെങ്ങനെയാണ് കേസിൽ പ്രതിയായത്?
മാവോയിസ്റ്റ് ബന്ധമുള്ള ചില രേഖകൾ എന്റെ ലാപ്ടോപ്പിൽ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കേസ് ആദ്യം അന്വേഷിച്ച പുണെ പൊലീസ് 2019 സെപ്റ്റംബറിൽ ഡൽഹിയിലെ വീട്ടിലെത്തി പരിശോധന നടത്തി. കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കും ഏതാനും പുസ്തകങ്ങളും കൊണ്ടുപോയി. ഭീമ കൊറേഗാവ്, എൽഗാർ പരിഷത് കേസുകളുമായി ബന്ധപ്പെട്ട് അതിനകം ഒൻപതു പേർ അറസ്റ്റിലായിരുന്നു. അവരിൽനിന്ന് എനിക്കെതിരെ ചില വിവരങ്ങൾ ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.
- ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
- ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
- വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
2020ൽ കേസ് എൻഐഎ ഏറ്റെടുത്തു. ആ വർഷം ജൂലൈ 24ന് മുംബൈയിലേക്കു വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. 28ന് അറസ്റ്റ് രേഖപ്പെടുത്തി. എന്റെ ലാപ്ടോപ്പിൽനിന്ന് മാവോയിസ്റ്റ് ബന്ധമുള്ള ഒട്ടേറെ േരഖകൾ ലഭിച്ചെന്നാണ് അവരും ആവർത്തിച്ചത്. തീർത്തും തെറ്റായ ആരോപണമാണത്. ഡോ.ജി.എൻ.സായിബാബ
പുണെ പൊലീസും എൻഐഎയും താങ്കളിലേക്ക് എത്താനുള്ള കാരണമെന്താണ്?
ഡൽഹി സർവകലാശാലയിൽ എന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഡോ. ജി.എൻ.സായിബാബയെ 2014ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. 1994 മുതൽ അദ്ദേഹത്തെ അറിയാം. ഹൈദരാബാദിൽ ഒരേസമയമാണ് ഞങ്ങൾ പിഎച്ച്ഡി ചെയ്തത്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നിട്ടും വിധിയോടു പൊരുതി ജീവിതം കരുപ്പിടിപ്പിച്ചയാളാണ് സായിബാബ.
അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാനും മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടാനും നിയമസഹായത്തിനുമായി എഴുത്തുകാരി അരുന്ധതി റോയ് അടക്കം ഞങ്ങൾ കുറച്ചുപേർ ചേർന്നൊരു കമ്മിറ്റിയുണ്ടാക്കി. അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹത്തെ പിന്തുണയ്ക്കാതെ സ്വന്തം കാര്യം നോക്കിയിരിക്കാൻ എന്റെ നീതിബോധം അനുവദിച്ചില്ല. അതുകൊണ്ടായിരിക്കാം ഞാൻ നോട്ടപ്പുള്ളിയായത്. ഭീമ കൊറേഗാവ്, എൽഗാർ പരിഷത് സംഭവങ്ങളുമായി എനിക്കൊരു ബന്ധവുമില്ല.
കുടുംബ പശ്ചാത്തലം?
തൃശൂർ ടൗണിലാണ് കുടുംബം താമസിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലായിരുന്നു എംഎ. ഹൈദരാബാദിൽനിന്നു പിഎച്ച്ഡി നേടിയശേഷം അധ്യാപനത്തിലേക്കു കടന്നു. ആദ്യം ഹൈദരാബാദിൽ ജോലി ചെയ്തു. 2007ൽ ഡൽഹി സർവകലാശാലയിൽ ചേർന്നു. ജോലിക്കിടെ നിയമപഠനവും പൂർത്തിയാക്കി. ഭാര്യ ജെനി റൊവീന ഡൽഹി മിറാൻഡ ഹൗസ് കോളജിൽ ഇംഗ്ലിഷ് അധ്യാപികയാണ്. ഏകമകൾ ഫർസാന ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ബിരുദപഠനം പൂർത്തിയാക്കി.
അക്കാദമിക് രംഗത്തുള്ളവർക്കടക്കം പൊതുവിഷയങ്ങളിൽ വിമർശനം ഉന്നയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടോ?
നേരത്തേ നമ്മുടെ ക്യാംപസുകളിൽ നിന്നാണ് വേറിട്ട ചിന്തകൾ ഉയർന്നിരുന്നത്. എന്നാൽ, ഇന്നു സ്വന്തമായി അഭിപ്രായം പറയുകയും നിലപാട് എടുക്കുകയും ചെയ്താൽ പൊലീസ് വീട്ടുപടിക്കൽ എത്തിയേക്കും. സമൂഹമാധ്യമ പോസ്റ്റ് പോലും ജയിലിലേക്കുള്ള വഴിതുറക്കും.
താങ്കൾ ഉൾപ്പെട്ട കേസിൽ വിചാരണ നീളുകയാണല്ലോ?
അറസ്റ്റിലായി അഞ്ചു വർഷമായിട്ടും വിചാരണ തുടങ്ങാത്തതുകൂടി പരിഗണിച്ചാണ് എനിക്കു ജാമ്യം ലഭിച്ചത്. 10 വർഷമായി വിചാരണ ആരംഭിക്കാതെ കിടക്കുന്നവരെ വരെ ജയിലുകളിൽ കാണാം. ഒരു സുപ്രഭാതത്തിലാകും അവരെ വിട്ടയച്ചെന്നു കേൾക്കുക. ജീവിതത്തിന്റെ വലിയൊരു ഭാഗം വെറുതേ ജയിലിൽ കിടക്കേണ്ടിവരുന്ന സ്ഥിതി. നീതി വൈകുന്നത്, അതു നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്.
സഹതടവുകാരനായ ആനന്ദ് തെൽതുംബ്ഡെ ജയിൽവാസത്തിനിടെ എഴുതിയ പുസ്തകം ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ?
ജയിൽവാസക്കാലത്ത് ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട പല കുറിപ്പുകളും ഞാൻ എഴുതിവച്ചിട്ടുണ്ട്. തടവിലെ അനുഭവങ്ങൾ മലയാളത്തിൽ പുസ്തകമാക്കാൻ പദ്ധതിയുണ്ട്. ജോലിയിൽനിന്നു സസ്പെൻഷനിലാണ്. അധ്യാപകനായി തിരിച്ചുകയറണമെന്ന ആഗ്രഹവുമുണ്ട്. ഫാ. സ്റ്റാൻ സ്വാമി. Photo: PTI
ഇതേ കേസിൽ കസ്റ്റഡിയിലായിരിക്കെയാണ് 80 വയസ്സിലേറെയുള്ള ഫാ. സ്റ്റാൻ സ്വാമി മരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ?
ഏറ്റവും തിക്തമായ അനുഭവങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ മരണം. ഞാൻ ജയിലിലുള്ളപ്പോൾ, 2020 ഒക്ടോബറിലാണ് ഫാ. സ്റ്റാൻ സ്വാമിയെ നവിമുംബൈ തലോജ ജയിലിൽ കൊണ്ടുവന്നത്. ഗ്ലാസ് കയ്യിൽപിടിച്ച് വെള്ളം കുടിക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് അദ്ദേഹത്തിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. അതിൽത്തന്നെ ഗൂഢാലോചന വ്യക്തം. അദ്ദേഹത്തെ കോവിഡ്കാലത്താണ് ജയിലിലെത്തിച്ചത്. തീർത്തും മനുഷ്യത്വരഹിതമായിരുന്നു അദ്ദേഹത്തോടുള്ള സമീപനം. ജയിലിൽ വച്ച് ഫാ. സ്റ്റാൻ സ്വാമിക്കു കോവിഡ് ബാധിച്ചു; എനിക്ക് കണ്ണിൽ അണുബാധയും. തലോജ ജയിലിലെ ആശുപത്രിയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന് അർഹമായ ചികിത്സപോലും കിട്ടിയില്ല. തീർത്തും അവശനായ ശേഷമാണ് സ്വകാര്യാശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ, കോവിഡ് ബാധിച്ച എനിക്ക് അണുബാധ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് ന്യായമായ ചികിത്സ കിട്ടിയത്. ഞങ്ങളെ രണ്ടു പേരെയും തേടിവന്ന മരണം സ്റ്റാൻ സ്വാമിയെ മാത്രം കൊണ്ടുപോയി.
അർബൻ നക്സൽ എന്ന പ്രയോഗം നിങ്ങളുടെ കേസിനു പിന്നാലെയാണല്ലോ സജീവമായി ഉയർന്നുകേൾക്കാൻ തുടങ്ങിയത്?
ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന പുതിയ ആയുധമാണ് ‘അർബൻ നക്സൽ’ എന്ന മുദ്രകുത്തൽ. പട്ടിയെ പേപ്പട്ടിയെന്നു വിളിച്ചാൽ ആളുകൾ അതിനെ തല്ലിക്കൊല്ലും എന്ന തിയറി പോലെയാണത്. രോഹിത് വേമുല സംഭവത്തിനു ശേഷം സർവകലാശാലകളിൽ വിദ്യാർഥികളും മറ്റും പല ചോദ്യങ്ങളും ഉയർത്താൻ തുടങ്ങിയ വേളയിൽ അവരെ നേരിടാൻ ഭരണകൂടത്തിനു ലഭിച്ച പുതിയ കുറുക്കുവഴി കൂടിയാണ് ആ പ്രയോഗം. English Summary:
Prof. Hany Babu interview: Hany Babu\“s case highlights the dangers of false accusations and prolonged detention. The Bhima Koregaon case has brought attention to the issue of human rights and the challenges faced by activists. Despite facing imprisonment, Hany Babu remains committed to seeking justice and sharing his experiences. |
|