LHC0088 • 10 hour(s) ago • views 744
പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ജോൺ സ്റ്റെയിൻബെക്ക് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളി’ൽ പറയുന്നൊരു കാര്യം ഓർമവരുന്നു: ജനങ്ങൾക്ക്, അവർ തിരഞ്ഞെടുത്തവരെ അതേ വേഗത്തിൽ വോട്ട് ചെയ്ത് പുറന്തള്ളുകയും ചെയ്യാം.’ ഇതാണ് ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ചത്. ഇടതുപക്ഷത്തിന് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ രുചിക്കേണ്ടി വന്നിരിക്കുന്നു. ജനവിധിയെ കേവലം പ്രാദേശിക പ്രശ്നങ്ങളുടെ പേരിലുള്ളൊരു തീർപ്പുകൽപ്പിക്കലായി കാണുന്നത് മൗഢ്യമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിന്റെ പ്രതിഫലനം നിഴലിക്കുന്നു എന്നതിന്റെ അർഥം, അതു മലയാളിയുടെ രാഷ്ട്രീയ തീരുമാനമാണ് എന്നാണ്. കേരളത്തിലെ സമ്മതിദായകർ 10 വർഷത്തോടടുക്കുന്ന ഇടതുഭരണത്തിനെതിരെ നടത്തിയ വിധിയെഴുത്ത്. ഇത് അടിവരയിട്ടു പറയുന്ന മറ്റൊരു കാര്യം, ബിജെപിയുടെ മുന്നേറ്റം യുഡിഎഫിനെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത് എന്നതാണ്.
- Also Read ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, സതീശൻ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്’
അത്രത്തോളമോ, ഒരു വേള അതിനേക്കാളുമോ, അത് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ ബാധിക്കുന്നു. ഇതിന്റെ വലിയ ഉദാഹരണമാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ പലയിടത്തും പാർട്ടിക്ക് ഏറ്റ തിരിച്ചടിയും ബിജെപി നടത്തിയ മുന്നേറ്റവും. കേരള രാഷ്ട്രീയത്തിൽ ഒരു കളിക്കാരനായി ബിജെപി എത്തുമ്പോൾ അതിൽ ഏറ്റവുമധികം വേവലാതിപ്പെടേണ്ടത് കമ്യൂണിസ്റ്റു പാർട്ടികളാണെന്നു സാരം. കോൺഗ്രസിനേക്കാൾ ശക്തമായ ഹിന്ദു അടിത്തറയുള്ള പാർട്ടികൾ ഇവയാണല്ലോ. കേരള രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആരിലും അത്ഭുതമുളവാക്കുന്നതല്ല ഇടതുപക്ഷത്തിനേറ്റ ഈ തിരിച്ചടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പല സന്ദർഭങ്ങളിലും ഇടതുപക്ഷ ഭാവന തള്ളിക്കളഞ്ഞുകൊണ്ട് അനേകം പൊതുനയങ്ങൾ നടപ്പിലാക്കാനും നിലപാടുകളെടുക്കാനും മുതിർന്ന ഒരു സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. ഇതുമൂലമാണ്, പിഎം ശ്രീ പോലുള്ള പദ്ധതികളും പണ്ടു പറഞ്ഞും പ്രസംഗിച്ചും നടന്ന കാര്യങ്ങളെ പുച്ഛിച്ചു തള്ളി അവയ്ക്ക് കടകവിരുദ്ധമായ നയങ്ങളും നടപ്പിലാക്കാൻ അതു തുനിഞ്ഞത്. ഇതു വിദ്യാഭ്യാസത്തിൽ തുടങ്ങി ഇങ്ങ് ആശാവർക്കർമാരുടെ പ്രശ്നത്തിൽ വരെ നിഴലിച്ചു കിടക്കുന്നു.
- Also Read 5 വർഷം വിവാദ കാലം, മുന്നറിയിപ്പുകൾ അവഗണിച്ചു, നേതാക്കൾ ചിറകിലൊതുക്കി സംരക്ഷിച്ചു; ഒടുവിൽ ഭരണം ബിജെപിക്ക്
സിപിഎമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ഇതിനെല്ലാം അവരുടേതായ ന്യായീകരണമുണ്ട്. കാലം മാറി. അതനുസരിച്ച് പാർട്ടിയുടെ നിലപാട് മാറ്റിയേ തീരൂ, മുൻ സമീപനങ്ങളിൽ നിന്നു മാറ്റം വന്നപ്പോഴൊക്കെ അവർ അതു പറഞ്ഞു നടന്നു. കാര്യങ്ങളൊന്നും ഒരിക്കലും അതേപോലെ തുടരില്ല എന്നതു വാസ്തവം തന്നെ. എന്നാൽ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതു വലതുപക്ഷ നയങ്ങൾക്കു വിധേയരായിക്കൊണ്ടല്ല എന്നൊരു ചരിത്ര സത്യമുണ്ട്. അവരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതു മറ്റൊന്നാണ്- ദേശീയ രാഷ്ട്രീയത്തിനുള്ളിൽ നിന്നുകൊണ്ട് വേറിട്ടൊരു ഭരണം കരുപ്പിടിപ്പിക്കുക എന്നത്. ഇടതുപക്ഷം അധികാരം തേടേണ്ടത് അധികാരം എന്ന ചതുരക്ഷരിക്കപ്പുറം ചില നിലപാടുകൾക്കു വേണ്ടിയാവണം എന്നർഥം. അതു സാമൂഹിക പ്രശ്നങ്ങളിൽ ജനപക്ഷത്തുനിന്നുള്ള ഇടപെടലുകളായും മറ്റു രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങൾക്കുള്ള ബദലായും ഭവിക്കണം.
- രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
- കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
- ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
മാത്രമല്ല, പരമാവധി സാമ്പത്തിക അച്ചടക്കം പാലിച്ചും ജനങ്ങളോട് അധികാരത്തിന്റെ ഭാഷവെടിഞ്ഞ് ഇടപഴകിയും സുതാര്യവും അഴിമതി ആരോപണങ്ങളുടെ ശരങ്ങൾ ഏൽക്കാതെയുമുള്ള ഭരണം കാഴ്ചവയ്ക്കുകയും വേണം. ഇടതുപക്ഷത്തിന്റെ ഈ ചരിത്ര ദൗത്യം അവർ മറന്നുപോയി എന്നതാണ് തിരഞ്ഞെടുപ്പിൽ അവർക്കേറ്റ തിരിച്ചടിയുടെ കാതൽ. ഇതു വെറുമൊരു മറവിയല്ല. വലിയ വീഴ്ചയാണ്. ഈ വീഴ്ചയാണ് സാമ്പത്തിക അച്ചടക്കം ഇല്ലായ്മയിലും പലവിധ അഴിമതി ആരോപണങ്ങളിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങളിലുമൊക്കെ അവരെ കൊണ്ടെത്തിച്ചത്.
- Also Read ആഹ്ലാദം, അമർഷം; വ്യാപക അക്രമം: വെള്ളിയൂരിൽ സംഘർഷം
സർക്കാരിനു സംഭവിച്ച ഓരോ വീഴ്ചയും അതിന്റെ ശരിതെറ്റുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനോ അതിനു കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കാനോ മിനക്കെടാതെ അത്തരം പ്രശ്നങ്ങളെ മൂടിവയ്ക്കാനുള്ള ന്യായീകരണത്തിലാണ് ബന്ധപ്പെട്ടവർ അഭയം കണ്ടെത്തിയത്. അവർ പറഞ്ഞത് പാർട്ടി നേതൃത്വവും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഏറ്റുപറഞ്ഞു. ശബരിമല വിഷയത്തിൽ പോലും ഇതാണു നാം കണ്ടത്. ഇതെല്ലാം പാർട്ടിയും സർക്കാരും തമ്മിലുള്ള ബാലൻസ് ഇല്ലാതാക്കുകയും ഒരു തിരുത്തൽ ശക്തി എന്ന നിലയ്ക്കുള്ള അതിന്റെ പങ്കിനെ സാരമായി ബാധിക്കുകയും ചെയ്തു.
- Also Read പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ സീറ്റ് മൂന്നിരട്ടിയാക്കി യുഡിഎഫ് തിരിച്ചുവരവ്
ഇതിന്റെ ആകെത്തുകയാണു തിരഞ്ഞെടുപ്പ് പരാജയം. പരാജയത്തെ പതിവ് ന്യായീകരണം നിരത്തി വിശദീകരിക്കുന്നതിനു പകരം അതിനെ അംഗീകരിക്കാനുള്ള ആർജവമാണ് ഇടതുപക്ഷം ഇനി കാണിക്കേണ്ടത്. ഒപ്പം, ഭരിക്കുന്നതിനിടയിൽ നഷ്ടപ്പെട്ട രാഷ്ട്രീയം വീണ്ടെടുക്കാനുള്ള ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടാവണം.
( ലേഖകൻ കേരള യൂണിവേഴ്സിറ്റിയിലെ മുൻ പിവിസി, പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയാണ്) English Summary:
Analyzing the kerala local body Election Results: The article emphasizes the need for the LDF to acknowledge their failures, regain their political footing, and address the concerns of the people to restore their position in Kerala\“s political landscape. |
|