search

ഇരുമ്പ് ചട്ടിയിൽ ഈ ഭക്ഷണങ്ങൾ പാകം ചെയ്യരുത്, ശ്രദ്ധിക്കാം

cy520520 Yesterday 11:39 views 107
  

    



പഴയകാലത്തെ പാത്രങ്ങൾ നമ്മുടെ അടുക്കളകളിലേക്ക് വീണ്ടും തിരിച്ചെത്തുന്ന കാലമാണിത്. മൺപാത്രങ്ങൾ കഴിഞ്ഞാൽ ആരോഗ്യകരമായ പാചകത്തിന് ഇന്ന് മിക്കവരും തിരഞ്ഞെടുക്കുന്നത് ഇരുമ്പ് ചട്ടികളാണ്. ഇതില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍, ഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം സ്വാഭാവികമായി ചേരുന്നത് വിളർച്ച തടയാൻ സഹായിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. എന്നാൽ ഇരുമ്പ് ചട്ടി കൈയ്യിലുണ്ടെന്ന് കരുതി എല്ലാ ഭക്ഷണങ്ങളും അതിൽ പാകം ചെയ്യാൻ പാടില്ല. ചില വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ ഉണ്ടാക്കിയാൽ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇരുമ്പ് ചട്ടിയിൽ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

പുളിയുള്ള വിഭവങ്ങൾ വേണ്ട

ഇരുമ്പ് ചട്ടിയിൽ പാകം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പുളിയുള്ള ഭക്ഷണങ്ങളുടെ കാര്യത്തിലാണ്. തക്കാളി, നാരങ്ങാനീര്, പുളി, വിനാഗിരി തുടങ്ങിയവ ചേർത്ത വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിലടങ്ങിയ ആസിഡ് ഇരുമ്പുമായി വേഗത്തിൽ പ്രതിപ്രവർത്തിക്കും. ഇത് ഭക്ഷണത്തിന് ലോഹരുചി ഉണ്ടാകുവാന്‍ ഇടയാക്കും. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ സമയം ചട്ടിയിൽ ഇരുന്നാൽ അവയുടെ നിറം കറുപ്പായി മാറുകയും ചെയ്യും. ചെറിയ നേരം തക്കാളി വഴറ്റുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിലും മീൻ കറി പോലുള്ള വിഭവങ്ങൾ ഇതിൽ ദീർഘനേരം തിളപ്പിക്കുന്നത് ഒട്ടും നല്ലതല്ല.

മീൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ

ചിലതരം മീനുകൾ, പ്രത്യേകിച്ച് പെട്ടെന്ന് ഉടഞ്ഞുപോകുന്നവ ഇരുമ്പ് ചട്ടിയിൽ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇരുമ്പ് ചട്ടിക്ക് ചൂട് വലിച്ചെടുക്കാനുള്ള ശേഷി കൂടുതലായതിനാൽ മീൻ കഷ്ണങ്ങൾ ചട്ടിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള മീൻ കഷ്ണങ്ങൾ മറിച്ചിടുമ്പോൾ അവ ഉടഞ്ഞുപോകും. കട്ടിയുള്ള മീനുകൾ വറുക്കാൻ കുഴപ്പമില്ലെങ്കിലും മൃദുവായ മീൻ വിഭവങ്ങൾ മൺപാത്രങ്ങളിലോ നോൺസ്റ്റിക് പാത്രങ്ങളിലോ പാകം ചെയ്യുന്നതാണ് നല്ലത്.  

മുട്ട വിഭവങ്ങൾ ശ്രദ്ധിക്കുക

ഇരുമ്പ് ചട്ടി ശരിയായി സീസണ്‍ ചെയ്തിട്ടില്ലെങ്കില്‍ മുട്ട കൊണ്ടുള്ള വിഭവങ്ങളും ചട്ടിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഓംലെറ്റും സ്ക്രാമ്പിൾഡ് എഗും ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് വലിയ ബുദ്ധിമുട്ടാകും. മാത്രമല്ല മുട്ടയിലെ ചില ഘടകങ്ങൾ ഇരുമ്പുമായി ചേരുമ്പോൾ ഓംലെറ്റിന്റെ നിറത്തിൽ നേരിയ മാറ്റം വരാനും ഇടയുണ്ട്. അതിനാൽ നല്ലപോലെ എണ്ണ പുരട്ടി മിനുസപ്പെടുത്തിയ ചട്ടികളിൽ മാത്രം മുട്ട പാകം ചെയ്യുകയോ അല്ലെങ്കിൽ നോൺ-സ്റ്റിക് പാത്രങ്ങളെ ആശ്രയിക്കുകയോ ചെയ്യുക.

പാൽ വിഭവങ്ങൾ ഒഴിവാക്കാം

പാലോ പാലുൽപന്നങ്ങളോ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ തയ്യാറാക്കുന്നത് അത്ര നല്ലതല്ല. പായസമോ പാല് ചേർത്ത കറികളോ ഇതിൽ ഉണ്ടാക്കിയാൽ പാലിന്റെ വെളുത്ത നിറം മാറാൻ സാധ്യതയുണ്ട്. കൂടാതെ ഇരുമ്പിന്റെ ചുവ പാലിന്റെ സ്വാദിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍, പാല്‍ അടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാൻ സ്റ്റീൽ പാത്രങ്ങളോ സെറാമിക് പാത്രങ്ങളോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

മണം മാറാതെ നിൽക്കും

ഇരുമ്പ് ചട്ടി ഭക്ഷണത്തിന്റെ മണം വേഗത്തിൽ വലിച്ചെടുക്കും. അതുകൊണ്ടുതന്നെ, വെളുത്തുള്ളി, ഉള്ളി, മസാലകൾ എന്നിവ ചേർത്ത് കറികൾ ഉണ്ടാക്കിയ ശേഷം അതേ ചട്ടിയിൽ മധുരപലഹാരങ്ങളോ മറ്റോ തയാറാക്കിയാൽ പഴയ കറിയുടെ മണം അതിലേക്കും പകരും. അതിനാല്‍ ഒരേ ചട്ടി തന്നെ എല്ലാതരം പാചകത്തിനും ഉപയോഗിക്കരുത്. മധുരപലഹാരങ്ങൾക്കും എരിവുള്ള കറികൾക്കും വെവ്വേറെ പാത്രങ്ങൾ ഉപയോഗിക്കുക.

ഇരുമ്പ് പാത്രങ്ങൾ എങ്ങനെ സംരക്ഷിക്കണം?

ഇരുമ്പ് പാത്രങ്ങൾ കഴുകിയ ശേഷം ഈർപ്പത്തോടെ വച്ചാൽ ഉടൻ തന്നെ തുരുമ്പ് പിടിക്കും. അതുകൊണ്ട് കഴുകി ഉണക്കിയ ശേഷം അല്പം എണ്ണ പുരട്ടി വയ്ക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് പാത്രം കൂടുതൽ കാലം ഈടുനിൽക്കാനും അടുത്ത തവണ പാകം ചെയ്യുമ്പോൾ ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാനും സഹായിക്കും. English Summary:
Iron cookware is making a comeback in modern kitchens. It\“s crucial to know which foods to avoid cooking in iron pans, such as acidic dishes, certain fish, and milk-based recipes, to prevent unwanted reactions and flavor changes.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510