LHC0088 • Yesterday 11:52 • views 634
രാസവളത്തിന്റെ രൂക്ഷമായ ക്ഷാമത്തിൽ വലയുന്ന കേരളത്തിലെ കർഷകർ തുടർച്ചയായ വളം വിലവർധനകൂടിയായപ്പോൾ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉൽപാദനത്തെ ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തെ കാർഷികമേഖലയിൽ ഇപ്പോഴത്തെ സാഹചര്യം വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. കേന്ദ്ര സർക്കാർ രാസവളങ്ങൾക്കു നൽകുന്ന സബ്സിഡിയിൽ കുറവു വരുത്തിയതോടെയാണു വില ഉയരുന്നത്.
നെല്ല്, തെങ്ങ്, റബർ, പച്ചക്കറി, ഏലം, തേയില തുടങ്ങിയവയ്ക്കെല്ലാം വളമിടേണ്ട വേളയിലാണു വില കുതിച്ചുയരുന്നത്. ഏറ്റവുമൊടുവിലായി, കൃഷിക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഫാക്ടംഫോസ് വളത്തിന് ബാഗിന് 50 രൂപയും എൻപികെ കോംപ്ലക്സിന് (15:15:15) 225 രൂപയുമാണ് കഴിഞ്ഞദിവസം വർധിപ്പിച്ചത്. ഫാക്ടിന്റെ എൻപികെ 50 കിലോഗ്രാം ബാഗിന്റെ വില 1425ൽ നിന്ന് 1650 രൂപയായി. ഫാക്ടംഫോസ് ഒരുവർഷത്തോളമായി കിട്ടാനില്ലായിരുന്നു. ഇതിന്റെ വില ആറുമാസത്തിനിടെ ബാഗിന് 125 രൂപയാണു വർധിച്ചത്. വിവിധ കമ്പനികളുടെ വളങ്ങൾക്കും 50 രൂപവീതം കൂടിയിട്ടുണ്ട്.
പൂർണമായും ഇറക്കുമതി വളമായ പൊട്ടാഷിനു കഴിഞ്ഞവർഷം അവസാനം ബാഗിന് 400 രൂപയാണു വർധിപ്പിച്ചത്. ഇതിനിടെ, അമോണിയം സൾഫേറ്റിന് ബാഗിനു വില 985 രൂപയിൽനിന്നു 910 ആയി കുറച്ചതാണ് നേരിയ ആശ്വാസം. നൈട്രജനും സൾഫറും അടങ്ങിയ അമോണിയം സൾഫേറ്റ്, യൂറിയയ്ക്കു പകരം പ്രചരിപ്പിക്കാനും കേന്ദ്രസർക്കാർ നീക്കമുണ്ട്. കർഷകർക്കു യൂറിയ ആവശ്യമായ സമയം കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് 6400 ടൺ സ്റ്റോക്കെത്തിയത്. കഴിഞ്ഞദിവസം കോട്ടയത്ത് 1300 ടണ്ണും കോഴിക്കോട്ട് 650 ടണ്ണും എൻപികെ എത്തിയതും വളപ്രയോഗ കാലം കഴിഞ്ഞപ്പോഴാണ്.
- 10 കൊല്ലം മുൻപ് 10,000 കോടി, ഇന്ന് മലയാളി ലക്ഷം കോടിപതി; കോവിഡനന്തരം പണമൊഴുകി; എങ്ങനെ സമ്പാദിച്ചു ഈ തുക? ഇതാ ആ വഴി
- 46 ലക്ഷം 27,000 ആയതെങ്ങനെ? കരാറുകാരന് കൊടുത്തത് എത്ര ലക്ഷം? തിരിമറിക്ക് വ്യാജ രസീതു ബുക്ക്; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ സിപിഎം കുടുങ്ങുമോ?
- കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കിക്കൊന്നാലും കെടാതെ ഈ പ്രതിഷേധജ്വാല
MORE PREMIUM STORIES
കഴിഞ്ഞ കേന്ദ്ര ബജറ്റുകളിൽ തുടർച്ചയായി രാസവളം സബ്സിഡി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 2017 മുതൽ വളം സബ്സിഡി കർഷകർക്കു നേരിട്ടുനൽകാതെ രാസവളം കമ്പനികൾക്കാണു നൽകുന്നത്. വളത്തിന്റെ ഓരോ ബാഗും വിറ്റുപോകുമ്പോൾ കമ്പനികൾക്കാണു സബ്സിഡി ലഭിക്കുക.
കേരളത്തിലെ കർഷകർക്ക് അനുവദിക്കേണ്ട രാസവളത്തിന്റെ അളവ് നേർപകുതിയാക്കി കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. യൂറിയ ഉൾപ്പെടെ സബ്സിഡി വളങ്ങളുടെ വിതരണത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഈയിടെ കേന്ദ്ര സർക്കാർ അറിയിച്ചു. കൃഷിഭൂമിയുടെ വ്യാപ്തി കണക്കാക്കി മാത്രം സബ്സിഡി നിരക്കിൽ വളം നൽകുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണു നടപ്പാക്കാനിരിക്കുന്നത്. നിയന്ത്രണങ്ങൾ ഉടൻ നിലവിൽ വരുമെന്നാണ് കേന്ദ്ര രാസവളം മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞത്. നിലവിൽ 10 ചാക്ക് വളം മാത്രം ആവശ്യമുള്ള കർഷകരും സബ്സിഡി നിരക്കിൽ കിട്ടുന്നതുകൊണ്ട് 50 ചാക്ക് വളം വാങ്ങുന്നു. ഈ പ്രവണത അവസാനിപ്പിക്കാൻ, കൃഷിഭൂമിയുടെ രേഖകളുമായി ബന്ധിപ്പിച്ച് ഓരോ വിളയ്ക്കും ആവശ്യമുള്ളതു മാത്രം കണക്കാക്കി സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തുമെന്നാണു മന്ത്രി പറഞ്ഞത്.
യൂറിയ ക്ഷാമം ഇടയ്ക്കിടെ കർഷകരെ ദുരിതത്തിലാക്കുമ്പോഴാണ് ‘സ്വന്തം’ യൂറിയ പ്ലാന്റ് എന്ന മോഹം കേരളം ആവർത്തിച്ച് ഓർമിക്കുന്നത്. യൂറിയ ഉപയോഗത്തിൽ കേരളത്തിനു പ്രധാന പങ്കുണ്ടെങ്കിലും കേരളത്തിൽ യൂറിയ ഉൽപാദനമില്ല. പൊതുമേഖലയിൽ രാജ്യത്തെ വൻ രാസവളം നിർമാണശാലയായ ഫാക്ടിന്റെ യൂറിയ പ്ലാന്റ് നിർമാണപദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. വൻതുകയുടെ നിക്ഷേപം ആവശ്യമായ പദ്ധതിക്കു കേന്ദ്ര അനുമതി ലഭിച്ചാലും പ്ലാന്റ് ഉൽപാദനസജ്ജമാകാൻ ചുരുങ്ങിയതു മൂന്നു വർഷമെങ്കിലും വേണ്ടിവരും. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സജീവമായി ഇടപെടേണ്ടതുണ്ട്.
വളങ്ങളുടെ തുടർച്ചയായ ക്ഷാമവും വിലക്കയറ്റവും നെൽക്കർഷകരുടെ സാമ്പത്തിക ബാധ്യതയാണു വർധിപ്പിക്കുന്നത്. കൃഷിച്ചെലവു താങ്ങാൻ കഴിയാത്തവിധം ഉയർന്നുകഴിഞ്ഞു. പലവിധ പ്രശ്നങ്ങളിൽ വലയുന്ന നമ്മുടെ കർഷകരെ വളം സംബന്ധിച്ച പ്രതിസന്ധി കൂടുതൽ ആധിയിലേക്കു തള്ളിയിട്ടതു തിരിച്ചറിഞ്ഞ് എത്രയുംവേഗം പരിഹാരനടപടികളിലേക്കു സർക്കാർസംവിധാനങ്ങൾ നീങ്ങേണ്ടതുണ്ട്. English Summary:
Impact of Fertilizer Price Hike on Kerala Farmers |
|