സംസ്ഥാനത്തു പകർച്ചപ്പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കിടെ ലക്ഷം കടന്നതിൽ അപായ മണിമുഴക്കമുണ്ട്. ഈ ചെറിയ കാലയളവിൽമാത്രം പകർച്ചപ്പനി ബാധിതരായി 1.12 ലക്ഷം പേരാണ് ചികിത്സ തേടിയിരിക്കുന്നത്! അമീബിക് മസ്തിഷ്ക ജ്വരം, ഛർദി– അതിസാര രോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ചെള്ളുപനി തുടങ്ങിയവയും ഇവിടെ വ്യാപിക്കുകയാണ്. 5 ഷിഗെല്ല കേസുകളും ഒരു എംപോക്സ് കേസും ഇതോടൊപ്പം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങേയറ്റം ജാഗ്രതയോടെ പ്രതിരോധവും ചികിത്സയും ഉണ്ടായില്ലെങ്കിൽ കേരളത്തെ 580 കിലോമീറ്റർ നീളമുള്ളൊരു രോഗക്കിടക്കയാക്കാൻ ശേഷിയുണ്ട് ഈ രോഗപ്പട്ടികയ്ക്കെന്ന് പുതുവർഷത്തിൽ നമുക്കു നമ്മെത്തന്നെ ഓർമപ്പെടുത്തേണ്ടതുണ്ട്.
അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) അപായഭീഷണിയോടെയാണ് ഈ വർഷവും പിറന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് ഈ ജ്വരം ബാധിച്ചു മരിച്ചത്. 10 പേർക്കു രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം ആകെ 201 അമീബിക് മസ്തിഷ്ക ജ്വര കേസ് റിപ്പോർട്ട് ചെയ്തതിൽ 47 പേർ മരിച്ചു. ലക്ഷണങ്ങൾ സമാനമായതുകൊണ്ട് ബാക്ടീരിയ മൂലമുണ്ടാകുന്ന മെനിഞ്ചൈറ്റിസായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നതിനാൽ രോഗനിർണയത്തിനു ബുദ്ധിമുട്ടേറുന്നു. അതുകൊണ്ടുതന്നെ, പലപ്പോഴും അവസാനഘട്ടത്തിലാണു രോഗം കണ്ടെത്താൻ കഴിയുന്നത്.
സംസ്ഥാനത്തു പിടിമുറുക്കുന്ന മസ്തിഷ്കജ്വരത്തിന്റെ കാരണമായി അമീബയുടെ പല വകഭേദങ്ങളുണ്ടെന്നു കഴിഞ്ഞവർഷം കണ്ടെത്തിയതു ചികിത്സയിലും പ്രതിരോധത്തിലും ഏറെ നിർണായകമാവുകയുണ്ടായി. ‘തലച്ചോർ തീനി’ എന്നറിയപ്പെടുന്ന ‘നൈഗ്ലേരിയ ഫൗളരി’ എന്ന ഒറ്റയിനം അമീബയാണ് മുൻപു കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമായിരുന്നതെങ്കിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ മറ്റു വകഭേദങ്ങളും കാരണമായെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
- കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
- ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
- ഏതുനിമിഷവും മണ്ണിടിയാം, ഇരുട്ടിൽ വിഷവാതകം; ആഴങ്ങളിലേക്കു പോകുന്തോറും മൃതദേഹങ്ങൾ; മേഘാലയ ഖനി അപകടം; ഞെട്ടിക്കുന്ന കാഴ്ചകൾ
MORE PREMIUM STORIES
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കഴിഞ്ഞവർഷം തീരുമാനമെടുത്തത് എവിടെയെത്തിനിൽക്കുന്നുവെന്നതിൽ ആത്മപരിശോധന നടത്തേണ്ട അവസരംകൂടിയാണിത്. ‘ജലമാണ് ജീവൻ’ എന്ന പേരിൽ നാലു ഘട്ട പ്രവർത്തനങ്ങൾ ശുദ്ധജലവുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന ആ ദൗത്യം ഇടർച്ചകളില്ലാതെ മുന്നോട്ടുപോകണമെന്നുതന്നെയാണ് ഇപ്പോഴത്തെ രോഗവ്യാപനഭീഷണിയും ഓർമിപ്പിക്കുന്നത്.
മൂന്നാഴ്ചയ്ക്കിടെ 26,691 പേർക്ക് ഛർദി, അതിസാര രോഗങ്ങൾ പിടിപെട്ടതും ഗൗരവമുള്ളതാണ്. ഡെങ്കിപ്പനി ബാധിച്ച 742 പേരിൽ 4 പേർക്ക് ഈ വർഷം ഇതുവരെ ജീവഹാനിയുണ്ടായി. കഴിഞ്ഞവർഷം ഡെങ്കിപ്പനി ബാധിച്ച 40,186 പേരിൽ 78 പേരാണു മരിച്ചത്. ഈ വർഷവും ഡെങ്കിവ്യാപനം രൂക്ഷമാകുമോ എന്നാണ് ആശങ്ക. കൊതുകിൽനിന്നു സംരക്ഷണം നേടുക എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രതിരോധമാർഗം. കൊതുകു പെരുകി പകർച്ചവ്യാധി പടരുന്നത് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു തുല്യമെന്നു ഡൽഹി ഹൈക്കോടതി മുൻപൊരിക്കൽ പറഞ്ഞത് വീണ്ടുമോർമിക്കാം.
എലിപ്പനിയാണ് കേരളത്തിന്റെ മുന്നിലുള്ള മറ്റൊരു വലിയ ഭീഷണി. 124 എലിപ്പനി ബാധിതരിൽ രണ്ടു പേരാണു മൂന്നാഴ്ചയ്ക്കിടെ മരിച്ചത്. കഴിഞ്ഞ വർഷം 5727 പേർക്ക് ഈ രോഗം ബാധിച്ചതിൽ 392 പേർ മരിച്ചു. സമീപവർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മരണത്തിനു കാരണമായ പകർച്ചവ്യാധി എലിപ്പനിയാണ്. മറ്റു പകർച്ചവ്യാധികളിൽനിന്നു ഭിന്നമായി രോഗപ്രതിരോധവും ചികിത്സയുംകൊണ്ട് ഏറക്കുറെ ഒഴിവാക്കാൻ സാധിക്കുന്നതാണ് എലിപ്പനിമരണങ്ങൾ. എന്നിട്ടും മരണങ്ങൾ വർധിക്കുന്നത് അതീവഗൗരവത്തോടെ നാം കാണേണ്ടതുണ്ട്. ഡെങ്കിയും എലിപ്പനിയും പോലെയുള്ള രോഗങ്ങളുടെ നിരന്തരാവർത്തനവും വ്യാപനവും ഇനിയെങ്കിലും സമഗ്രപഠനത്തിനും പ്രതിരോധത്തിനും കാരണമാകേണ്ടതുണ്ട്.
സാധാരണക്കാരുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളെയെല്ലാം ഈ രോഗകാലത്തു സുസജ്ജമാക്കുകയും വേണം. കുറ്റമറ്റ ആരോഗ്യസംവിധാനങ്ങളിലൂടെ വേണം പകർച്ചവ്യാധികളെ പടികടത്താൻ. ഇത്തവണയെങ്കിലും മഴക്കാലപൂർവ ശുചീകരണത്തിൽ വീഴ്ചപറ്റിക്കൂടാ. English Summary:
Editorial about Rising Cases of Infectious Diseases in Kerala: Kerala Disease Outbreak is a serious public health concern as infectious diseases spread rapidly. The state must prioritize robust preventative measures and improve healthcare systems to combat this outbreak. Efficient disease control and heightened awareness of public health guidelines are required to protect the health of the citizens. |
|