deltin33 • The day before yesterday 11:53 • views 333
ഇരിങ്ങാലക്കുട∙ ഉത്സവങ്ങളും മറ്റു ആഘോഷ പരിപാടികളും പൊതുജനങ്ങൾക്ക് സുരക്ഷിതമായും സമാധാനപരമായും ആസ്വദിക്കാൻ വേണ്ടി തൃശൂർ റൂറൽ ജില്ല പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളുടെ കീഴിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കി വരുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു. ആഘോഷങ്ങളിൽ മുൻവർഷങ്ങളിലെ ജനപങ്കാളിത്തവും അനുഭവങ്ങളും വിലയിരുത്തി സ്പെഷൽ ബ്രാഞ്ച് മുഖേന കണക്കുകളും രഹസ്യ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഈ വർഷം വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായി പൊലീസിനെ വിന്യസിക്കുന്നുണ്ട്. പ്രധാന ഉത്സവ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന മാർഗങ്ങളിലും പുറത്തേക്ക് കടക്കാനുള്ള പ്രധാന റോഡുകളിലും നിയന്ത്രണങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സമഗ്രമായ ‘ട്രാഫിക് ഡിവിയേഷൻ’ പദ്ധതികളും നടപ്പാക്കി വരികയാണ്.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അനിഷ്ട സംഭവങ്ങളും മുൻകൂട്ടി തടയുന്നതിന് നിരീക്ഷണവും മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. രാത്രികാല പട്രോളിങ്, വാഹന പരിശോധന, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ നടപടി എന്നിവയും ശക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്ന സാഹചര്യങ്ങളിൽ ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാപ്പൻമാരുടെ രേഖകൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിയമാനുസൃത അനുമതികളും ലൈസൻസുകളും ഉണ്ടെന്ന് കർശനമായി പരിശോധിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ നിന്ന് വെടിക്കെട്ട് കാണുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കും.
ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന സംഘാടകർ നിർബന്ധമായും ഇൻഷുറൻസ് ഏർപ്പെടുത്തണം. ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി രാത്രി 10ന് ശേഷം സൗണ്ട് സിസ്റ്റങ്ങൾ പൂർണമായി ഓഫ് ചെയ്യണം എന്ന നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. ജനത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയതോടെ സുരക്ഷാ നില കൂടുതൽ കാര്യക്ഷമമായി. കൃത്യമായ ആസൂത്രണത്തിൽ നടപ്പാക്കുന്ന സുരക്ഷാ നടപടികൾ മൂലം റൂറൽ ജില്ലയിലെ ആഘോഷങ്ങളിൽ പൊതുജനങ്ങൾക്ക് ശാന്തമായും സുഗമമായും ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടെന്ന് പൊലീസ് മേധാവി അറിയിച്ചു. English Summary:
Thrissur Rural Police have implemented strict security measures across various stations to ensure the safe and peaceful enjoyment of festivals and celebrations. These initiatives include enhanced surveillance, traffic diversions, and strict checks for fireworks and elephant parades to prevent untoward incidents and guarantee public safety during festive periods. |
|