കൊച്ചി ∙ ‘‘ഇത്തരത്തിൽപ്പെട്ട വണ്ടികൾ വാങ്ങിച്ചിട്ടുള്ളതും വിറ്റിട്ടുള്ളതും പൂർണമായി അനധികൃത മാർഗങ്ങളിലൂടെയാണ്. ആ വാഹനങ്ങൾ വാങ്ങിച്ചതിനു രേഖകളോ പണം നൽകിയതിന്റെ രേഖകളോ ഒന്നുമില്ല’’. ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് കൊച്ചിയടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നടത്തിയ വാഹന റെയ്‌ഡിനു ശേഷം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ടി. ടിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്. തങ്ങൾ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വൈകാതെ ഹൈക്കോടതിയിലും വ്യക്തമാക്കി.
- Also Read ഭൂട്ടാൻ കാർ കടത്ത്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; 17 ഇടങ്ങളിൽ പരിശോധന
അതിനു പിന്നാലെയാണ് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി 17 ഇടത്ത് ഇ.ഡി റെയ്ഡ് നടത്തിയിരിക്കുന്നത്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പൃഥ്വിരാജിന്റെ തോപ്പുംപടിയിലെ ഫ്ലാറ്റ്, ദുൽഖർ സൽമാന്റെ കടവന്ത്ര ഇളംകുളത്തെയും ചെന്നൈയിലേയും ഫ്ലാറ്റുകൾ, പനമ്പിള്ളി നഗറിൽ മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ചിരുന്ന വീട്, അമിത് ചക്കാലയ്ക്കലിന്റെ എറണാകുളം നോർത്തിലുള്ള വീട് തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെയാണ് റെയ്ഡ്.
വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചു എന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ടെന്നാണ് റെയ്ഡിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്തു നിന്നെത്തിക്കുന്ന വാഹനത്തിനു ഹവാല മാർഗത്തിലൂടെ പണം നൽകൽ, വാഹനക്കടത്തിനായി വിദേശ രാജ്യവുമായി അനധികൃത പണമിടപാട് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ആരോപിക്കുന്നത്. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങള്‍ വഴി ലാൻഡ് ക്രൂസർ, ഡിഫൻഡർ, മസരാറ്റി തുടങ്ങിയ വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്ത് വ്യാജരേഖകൾ ചമച്ച് ചലച്ചിത്ര താരങ്ങൾ അടക്കമുള്ള പ്രമുഖർക്ക് വിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നും ഇ.ഡി പറയുന്നു.
- Also Read വാഹനക്കടത്തിൽ അമ്പരന്ന് ഭൂട്ടാൻ; കടത്തുരീതി പഠിക്കും, അന്വേഷണവുമായി സഹകരിക്കും
നേരത്തെ വാഹനം കടത്തുന്നതുമായി ബന്ധപ്പെട്ട് ഭൂട്ടാന്റെ പേരു മാത്രമാണ് കസ്റ്റംസ് പറഞ്ഞതെങ്കിൽ ഇ.ഡി അന്വേഷണത്തിൽ നേപ്പാളിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ, റെയ്‌ഡിനു ശേഷം മാത്രമാണ് വാർത്താക്കുറിപ്പ് പുറത്തിറക്കാറുള്ളതെങ്കിൽ അഭ്യൂഹങ്ങൾ പരക്കാതിരിക്കാനാവണം ഇ.ഡി ഇത് നേരത്തെ തന്നെ പുറത്തുവിട്ടത്.
പ്രമുഖരടക്കം വാഹനങ്ങള്‍ വാങ്ങിച്ച പലർക്കും ഇതിന്റെ പണം എങ്ങനെ നല്‍കി എന്നതിൽ രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ല എന്നാണ് കസ്റ്റംസ് പറയുന്നത്. അതുകൊണ്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.ഡിയും ഇസിഐആർ റജിസ്റ്റർ ചെയ്ത് പ്രാഥമിക പരിശോധന നടത്തുന്നത്. കഴിഞ്ഞ നവംബറിൽ പിടികൂടിയ കോയമ്പത്തൂർ സംഘത്തിൽ നിന്നാണ് കാർ കടത്തലിന്റെ വിശദാംശങ്ങൾ കസ്റ്റംസിനും റവന്യൂ ഇന്റലിജൻസിനും ഐബിക്കും ലഭിച്ചത്. പൊളിച്ച ആഡംബര വാഹനങ്ങൾ അടങ്ങിയ ട്രക്കാണ് അന്നു പിടികൂടിയത്.
കോയമ്പത്തൂർ സംഘം വാഹനം നൽകിയവരുടെ വിവരങ്ങൾ കസ്റ്റംസ് എടുക്കുകയും ഇവിടങ്ങളിൽ റെയ്ഡ് നടത്തുകയുമായിരുന്നു. ആദ്യ ദിവസം 36 കാറുകൾക്ക് പിന്നാലെ ദുൽഖർ സൽമാന്റേത് അടക്കം 3 വാഹനങ്ങൾ കൂടി പിടികൂടിയിരുന്നു. തന്റെ ഡിഫൻഡർ വാഹനം വിട്ടു നൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി നിർദേശിച്ചതിനു പിറ്റേന്നാണ് ഇ.ഡിയുടെ വ്യാപക റെയ്ഡും നടന്നിരിക്കുന്നത്. English Summary:
ED Raids on Actors\“ Residences in Kerala: The Enforcement Directorate conducted raids at 17 locations in Kerala and Tamil Nadu related to alleged violations of the Foreign Exchange Management Act (FEMA) in connection with illegal car imports. |
|