തിരുവനന്തപുരം ∙ ‘ഈശ്വരന് നന്ദി.. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായല്ലോ. പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താനായത്’– 10 മാസം പ്രായമുള്ള ആലിൻ ഷെറീൻ ഏബ്രഹാമെന്ന കുരുന്നിന്റെ അവയവങ്ങളുമായി യാത്ര തിരിച്ച ആംബുലൻസിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്നീഷ് പറഞ്ഞു.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് 7.13 ന് ആണ് ആംബുലൻസ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു പ്രയാണം. വഴിയിൽ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കൽ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങൾ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയിൽ എത്തിയപ്പോൾ യാത്ര കൃത്യം 3 മണിക്കൂർ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റർ ദൂരം പിന്നിടാൻ സാധാരണ ഗതിയിൽ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന ജയ്നീഷ് പറഞ്ഞു.
മനസ്സിൽ പ്രാർഥനയാണ്. അവയവങ്ങൾ നൽകിയ കുട്ടിക്കും സ്വീകരിക്കുന്ന കുട്ടികൾക്കും നന്മ വരണേയെന്നാണു പ്രാർഥന– ജയ്നീഷിനൊപ്പം കോ–ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശരത് പറഞ്ഞു. English Summary:
Malayala Manorama Online News reports on a heartwarming organ donation journey from Kochi to Thiruvananthapuram. The 10-month-old baby\“s organs were transported swiftly, thanks to the cooperation of police and the public. |
|