തിരുവനന്തപുരം ∙ ആറു കോടിയിലേറെ രൂപ ചെലവഴിച്ച പരിപാടി നടത്തിയത് ഒരു ടെൻഡർ പോലുമില്ലാതെ, തുക എഴുതിയെടുത്തതിൽ പലതിനും ബില്ലുകളില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടുകളുടെ ഞെട്ടലിലാണ് കേരളം. ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് സ്വകാര്യ ഓഡിറ്ററെക്കൊണ്ടു തയാറാക്കിയ റിപ്പോർട്ടാണ് തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി.
What you should read next
- ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ Latest News
∙ കരാർ മുതൽ ക്രമക്കേട്
ടെൻഡറില്ലാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക‍്‍ഷൻസ് (ഐഐഐസി) എന്ന സ്ഥാപനത്തിനായിരുന്നു പരിപാടിയുടെ മുഴുവൻ കരാറും. അതും എസ്റ്റിമേറ്റിനേക്കാൾ 10% തുക ഭരണ–ഏകോപന ചെലവുകൾ എന്ന പേരിൽ അധികമായി അനുവദിച്ചുകൊണ്ട്. തോന്നിയപടിയുള്ള കരാർ എന്നാണ് ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണർ ഇതിനെക്കുറിച്ച് പറഞ്ഞത്. കരാർ കിട്ടിയവർ പലതും ഉപകരാറായി നൽകിയെങ്കിലും ഒന്നിനും ഇനം തിരിച്ചുള്ള കൃത്യമായ ബില്ലുകളോ രേഖകളോ ഇല്ല. ബില്ലുകളിൽ ക്രമക്കേടുകൾ വ്യക്തം. ഉദാഹരണത്തിന് ഐഐഐസി ഉപകരാർ നൽകിയിരിക്കുന്ന ഒരു സ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയുടെ തന്നെ തിരുവനന്തപുരം വെള്ളാറിലുള്ള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ആണ്. ഇവർ വിവിധ ഇനങ്ങളിലായി ഐഐഐസിക്ക് നൽകിയത് 9.55 ലക്ഷം രൂപയുടെ ബില്ലായിരുന്നു. ഐഐഐസി ഇതേ ഇനങ്ങളിൽ ദേവസ്വം ബോർഡിന് സമർപ്പിച്ചത് 15.51 ലക്ഷം രൂപയുടെ ബിൽ. 5.95 ലക്ഷം എങ്ങനെ അധികമായി? വിശദീകരണമില്ല.
∙ സംഗീത പരിപാടിക്ക് 38.85 ലക്ഷം
സംഗമത്തിൽ കലാപരിപാടികൾ രാവിലെ ഇഷാൻ ദേവിന്റെ നേതൃത്വത്തിലും വൈകിട്ട് വിജയ് യേശുദാസ്, വീരമണി, സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുമാണ് നടന്നത്. ചെലവ് 38.85 ലക്ഷം രൂപ. എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടിക്കായി 2 ലക്ഷം വകയിരുത്തുകയും പിന്നീട് 8 ലക്ഷമായി ഉയർത്തുകയും ചെയ്തെങ്കിലും ആ പരിപാടി ഉണ്ടായിരുന്നില്ല.
What you should read next
- സ്പോൺസർഷിപ്പിൽ അവ്യക്തത, ഊരാളുങ്കലിനു മാത്രം നൽകാനുള്ളത് 4.04 കോടി; അയ്യപ്പ സംഗമത്തിൽ ക്രമക്കേട് Latest News
∙ 150 കട്ടിലും ഫാമിലി കോട്ടും
സംഗമവുമായി ബന്ധപ്പെട്ട് അന്നദാന മണ്ഡപത്തിലേക്ക് 150 കട്ടിലുകൾ വാങ്ങിയെന്നാണ് കണക്ക്. എന്തിനെന്നു വ്യക്തമല്ല. പക്ഷേ ബോർഡിന്റെയും കരാറുകാരുടെയും സംയുക്ത പരിശോധനയിൽ കണ്ടെത്തിയത് 100 കട്ടിലുകൾ മാത്രം. 50 എണ്ണം കടലാസിൽ മാത്രം. ഇതിൽ ഒരു ഫാമിലി കോട്ട് കട്ടിലും മെത്തയും തലയിണകളും വാങ്ങിയിരിക്കുന്നത് 1.11 ലക്ഷം രൂപയ്ക്കാണ്. ഒരു പകൽ മാത്രമായി നടന്ന പരിപാടിയിൽ ഇത് ആർക്കുവേണ്ടി വാങ്ങിയതെന്ന് വ്യക്തമല്ല. ADVERTISEMENT Go AD-FREE
∙ താമസം കുമരകത്തും മൂന്നാറിലും
പമ്പയിലായിരുന്നു സംഗമമെങ്കിലും എത്തിയ പ്രതിനിധികൾക്ക് ദേവസ്വം ബോർഡ് താമസമൊരുക്കിയതിലേറെയും കുമരകത്തെ നക്ഷത്ര ഹോട്ടലുകളിൽ. സംസ്ഥാന സർക്കാരിന് പരിപാടിയിൽ പങ്കില്ലെന്നാണ് വാദമെങ്കിലും സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ മുഖേനയായിരുന്നു 37 ലക്ഷം രൂപയുടെ ഹോട്ടൽ ബുക്കിങ്. ദേവസ്വം ബോർഡ് നേരിട്ട് മൂന്നാറിലെ ഹോം സ്റ്റേയിലും ബുക്കിങ് നടത്തിയിട്ടുണ്ട്. പ്രതിനിധികളുടെ യാത്രയ്ക്കു മാത്രം ചെലവ് 10.57 ലക്ഷം. പുറമേ ഡെലിഗേറ്റ് മാനേജ്മെന്റ് ഇനത്തിലും 9.6 ലക്ഷമാണ് ചെലവ്.
∙ മുക്കാൽ കോടിയുടെ സമ്മാനം
പങ്കെടുത്ത പ്രതിനിധികൾക്കും ഓഫിസർമാർക്കും സമ്മാനം നൽകാനായി മാത്രം ചെലവാക്കിയത് 73.4 ലക്ഷം രൂപ. പുറമേ 4100 പാക്കറ്റ് അരവണ, അപ്പം, നെയ്യ്, 1 കിലോ ചന്ദനം എന്നിവയും സ്റ്റോക്കിൽ നിന്നെടുത്തെങ്കിലും ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. പഴയിടം കേറ്ററേഴ്സിന് ഭക്ഷണ ഇനത്തിൽ ചെലവ് 21.5 ലക്ഷം രൂപ. പ്രഭാത ഭക്ഷണം 4000 പേർക്കും ഉച്ചഭക്ഷണം 5000 പേർക്കും അത്താഴം 3000 പേർക്കും വിളമ്പിയതായാണ് കണക്ക്. ഇതിനു പുറമേ ബോർഡ് സ്വന്തം നിലയിലും 4.35 ലക്ഷം ഭക്ഷണത്തിനു ചെലവാക്കി. പ്രചാരണം, ബ്രാൻഡിങ്, മാർക്കറ്റിങ് ഇനങ്ങളിലായി ചെലവഴിച്ചത് 1.05 കോടിയാണ്. പ്രധാന പന്തലൊരുക്കാൻ മാത്രം 63.36 ലക്ഷം. വേദിക്ക് മോടികൂട്ടാൻ സ്പെഷൽ ക്രിയേറ്റീവ് ആൻഡ് ആംപിയൻസ് വകയിൽ 46 ലക്ഷം. എന്തെന്നു വ്യക്തമാക്കാതെ അദർ ഐറ്റംസ് എന്ന പേരിൽ 27.43 ലക്ഷവും മാൻ പവർ ഇനത്തിൽ 16.67 ലക്ഷവും ചെലവിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ADVERTISEMENT Go AD-FREE
JUST IN
-
6 MINUTES AGO അയ്യപ്പസംഗമം നടത്തിപ്പിൽ ക്രമക്കേട്: കട്ടിൽ വാങ്ങാൻ 1.11 ലക്ഷം; താമസം നക്ഷത്ര ഹോട്ടലുകളിൽ Latest News
-
35 MINUTES AGO ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ Latest News
-
1 HOUR 53 MINUTES AGO LIVE ട്രംപിന് ‘രണ്ടാം’ ആശ്വാസം; യുഎസിൽ പലിശ കുതിച്ചിറങ്ങും, കത്തിക്കയറി സ്വർണം, യുദ്ധപ്പേടിയിൽ ഉയർന്ന് എണ്ണവില Stock Market
VIEW MORE
English Summary:
Irregularities at Devaswom Board\“s Ayyappa Sangamam: An audit report uncovers major financial irregularities in the Travancore Devaswom Board\“s Ayyappa Sangamam. Learn about the no-tender contract, a ₹1.11 lakh cot, and other shocking expenses that have prompted a High Court inquiry. |
|