ചാത്തന്നൂർ ∙ കടുത്ത വേനലിൽ ആശ്വാസമായി തിമിർത്തു പെയ്ത മഴയിൽ ദേശീയപാത മുങ്ങി. നിർമാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നു നൽകിയ ആറു വരി പാത കായൽ കണക്കെയായി. വാഹനങ്ങൾ കുടുങ്ങിയതോടെ ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചു വിട്ടു. ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. കടകളിൽ വെള്ളം കയറി വലിയ നാശം സംഭവിച്ചു. ദേശീയപാത നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ ഉൾപ്പെടെ ഉണ്ടായ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു.
ഇന്നലെ സന്ധ്യയോടെ പെയ്ത ശക്തമായ വേനൽ മഴയിലാണ് ദേശീയപാത വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഊറംവിള എൽഎം മാൾ മുതൽ ജെഎസ്എം ആശുപത്രി വരെ ദേശീയപാതയുടെ 6 വരി പാത വെള്ളത്തിൽ മുങ്ങി. നിർമാണം പൂർത്തിയായി ഗതാഗത്തിനു തുറന്നു നൽകിയ ഭാഗമാണിത്. ഗതാഗതം തടസ്സപ്പെടുന്ന തരത്തിൽ, കായൽക്കണക്കെ പാത മാറിയതോടെ സർവീസ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടു. ചാത്തന്നൂർ ജംക്‌ഷനിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കേരള ബാങ്കിനു സമീപം മുതൽ കന്നിമേര വരെയുള്ള ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.
അപ്രതീക്ഷിത മഴയിൽ കടകളിൽ വെള്ളം ഇരച്ചു കയറിയത് നാശനഷ്ടങ്ങൾ സൃഷ്‌ടിച്ചു. എൻജിനിൽ വെള്ളം കയറി ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കുടങ്ങി. നിരവധി ഇരുചക്ര വാഹനങ്ങൾ തകരാറിലായി. വെള്ളക്കെട്ടിൽ നിന്നും തള്ളി മാറ്റി സമീപ സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം വീടുകളിലേക്കു പോകേണ്ടി വന്നു.
എൻഎച്ച് നിർമാണം ആരംഭിച്ചത് മുതൽ ഇവിടെ വെള്ളക്കെട്ടും കടകളിൽ വെള്ളം കയറുന്നതും പതിവാണ്. ഒട്ടേറെ പരാതികളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും നിർമാണം ആവസാന ഘട്ടത്തിൽ എത്തിയിട്ടും വെള്ളക്കെട്ടിനു പരിഹാരമായില്ല. കരാർ കമ്പനിക്കും എൻ എച്ച് അധികൃതർക്കും എതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ADVERTISEMENT Go AD-FREE English Summary:
Chathannur National Highway flood caused chaos as the newly opened six-lane road was submerged after a heavy downpour, stranding vehicles and diverting traffic. This recurring waterlogging issue, despite ongoing construction, has led to significant damage to local shops and strong protests from the community. |
|