സംസ്ഥാനത്തിന്റെ രാഷ്ട്രീയ സിരാകേന്ദ്രമായ തലസ്ഥാന ജില്ല നിയമസഭാ തിരഞ്ഞെടുപ്പിനായി കച്ചമുറുക്കുന്നു. ത്രികോണ മത്സരം നടക്കുന്ന ഒന്നിലധികം മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയിൽ പോരാട്ടം തീപാറുമെന്നുറപ്പ്. 14 സീറ്റുള്ള ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നില ഇങ്ങനെ: എൽഡിഎഫ് –13, യുഡിഎഫ് – 1
മോഹിപ്പിച്ച് നേമം
സംസ്ഥാനത്ത് ആദ്യ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയമായ മണ്ഡലമാണു നേമം. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണു നേമത്തു മത്സരിക്കുമെന്നു കാലേകൂട്ടി പ്രഖ്യാപിച്ചത്. നിയമസഭയിൽ ബിജെപി ഒരേയൊരു വട്ടം അക്കൗണ്ട് തുറന്ന മണ്ഡലമെന്ന സുരക്ഷിതത്വമാണ് ഇതിനു പ്രേരണ. എന്നാൽ, ബിജെപി തുറന്ന അക്കൗണ്ട് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ പൂട്ടിച്ചു മന്ത്രിയായ വി.ശിവൻകുട്ടിയുടെ സ്ഥാനാർഥിത്വമാണ് എൽഡിഎഫിന്റെ മേൽക്കൈ. സിറ്റിങ് എംഎൽഎമാരെല്ലാം മത്സരിക്കട്ടെയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചതോടെ ശിവൻകുട്ടിയുടെ സ്ഥാനാർഥിത്വവും ഏതാണ്ടുറച്ചു. യുഡിഎഫ് സ്ഥാനാർഥിയാര് എന്നതിലാണ് ഇനി സസ്പെൻസ്.
നേമത്തെ ഹെവി വെയ്റ്റ് മത്സരത്തിന് അങ്ങനെയൊരു സ്ഥാനാർഥി തന്നെ എത്തുമെന്നാണു പ്രതീക്ഷ. പറഞ്ഞു കേൾക്കുന്ന പേരുകളിൽ കെ.എസ്.ശബരീനാഥനാണു മുൻതൂക്കം. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ വൈഷ്ണ സുരേഷിന്റെ പേരും ചർച്ചകളിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിനെ തോൽപിച്ച ശശി തരൂരിനെ തന്നെ മത്സരിപ്പിച്ചേക്കാമെന്ന അഭ്യൂഹവും ഉയർന്നു.
എൽഡിഎഫ്: 3 നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന നേമത്തു മൂന്നു വട്ടവും എൽഡിഎഫ് സ്ഥാനാർഥി ശിവൻകുട്ടിയായിരുന്നു. 2011ൽ ഒ.രാജഗോപാലിനെ തോൽപിച്ച ശിവൻകുട്ടി, 2016ൽ രാജഗോപാലിനോട് അടിയറവ് പറഞ്ഞു. ബിജെപി വിജയം 5വർഷം സിപിഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടി. 2021ൽ രാജഗോപാലിനു പകരം മത്സരിച്ച കുമ്മനം രാജശേഖരനെ തോൽപിച്ച് ആ അക്കൗണ്ട് പൂട്ടിച്ചതാണു ശിവൻകുട്ടിയുടെയും സിപിഎമ്മിന്റെയും ആത്മവിശ്വാസം.
എൻഡിഎ : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായതുകൊണ്ടു കൂടിയാണ് നേമത്തു ബിജെപി ഉയർന്ന പ്രതീക്ഷ വയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു രണ്ടാമതെത്തിയ രാജീവ് ചന്ദ്രശേഖറിനെ നേമത്തു പരിചയപ്പെടുത്തേണ്ടതുമില്ല. എന്നാൽ 2016ൽ രാജഗോപാൽ ജയിച്ചപ്പോഴുള്ള സാഹചര്യം 2021ൽ മാറിയതും വോട്ട് വിഹിതം 12% കുറഞ്ഞതും ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു.
യുഡിഎഫ്: ആദ്യ രണ്ടു തിരഞ്ഞെടുപ്പിലും ഘടകകക്ഷിക്കു നൽകാതെ കോൺഗ്രസ് മത്സരിച്ചിരുന്നെങ്കിൽ നേമത്തെ ഫലം മറ്റൊന്നാകുമായിരുന്നു. 2011ൽ17.4ശതമാനവും 2016ൽ 9.7 ശതമാനവും മാത്രം വോട്ട് കിട്ടിയ യുഡിഎഫ്, 2021ൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതോടെ വോട്ട് വിഹിതം 25 ശതമാനമാക്കി. കെ.മുരളീധരൻ എന്ന വമ്പന്റെ വരവും കാരണമായിരുന്നു. ഇത്തവണയും അതിനൊത്ത സ്ഥാനാർഥിയെത്തുകയും ട്രെൻഡ് അനുകൂലമാവുകയും ചെയ്താൽ വിജയിക്കാനാകുമെന്നു പാർട്ടി കണക്കുകൂട്ടുന്നു.
തിരുവനന്തപുരത്ത് തലയുയർത്താൻ
ആന്റണി രാജുവിനു നേരിട്ട അയോഗ്യതയുടെ പശ്ചാത്തലത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണു തിരുവനന്തപുരം മണ്ഡലം. സെക്രട്ടേറിയറ്റ് ഉൾപ്പെട്ട നഗരമേഖലയും തീരപ്രദേശവുമടങ്ങുന്ന മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിനായി യുഡിഎഫിലെയും എൽഡിഎഫിലെയും ഘടകകക്ഷികളും രംഗത്തുണ്ട്. മണ്ഡലം രൂപംകൊണ്ട ശേഷമുള്ള 3 തിരഞ്ഞെടുപ്പുകളിലും വി.എസ്.ശിവകുമാറിനെയാണു കോൺഗ്രസ് കളത്തിലിറക്കിയത്. 2011, 2016 തിരഞ്ഞെടുപ്പുകളിൽ ജയിച്ചു; 2021ൽ തോറ്റു. 2016ൽ ശിവകുമാറിനോടു തോറ്റ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു, കഴിഞ്ഞ തവണ 7079 വോട്ടിന് അദ്ദേഹത്തെ തോൽപിച്ചു.
എൽഡിഎഫ്: ആന്റണി രാജു അയോഗ്യത നേരിട്ടതോടെ മണ്ഡലത്തിലേക്കു പുതിയ പാർട്ടിയെയും പുതിയ സ്ഥാനാർഥിയെയും തിരയുകയാണ് എൽഡിഎഫ്. തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല ഉത്തരവുണ്ടാകുമെന്നും വീണ്ടും മത്സരിക്കാമെന്നുമുള്ള പ്രതീക്ഷ ആന്റണി രാജു കൈവിട്ടിട്ടില്ല. പാർട്ടിയുടെ പതിമൂന്നാം സീറ്റായി കേരള കോൺഗ്രസ് (എം)തിരുവനന്തപുരം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ അനുവദിച്ച 13 സീറ്റിൽ കുറ്റ്യാടി സിപിഎമ്മിനു വിട്ടുകൊടുത്തിരുന്നു. അതു തിരിച്ചുകൊടുക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിപിഎം ഉറപ്പൊന്നും നൽകിയിട്ടില്ല. പകരം, ആവശ്യപ്പെടുന്ന സീറ്റുകളിലൊന്നാണു തിരുവനന്തപുരം. ഘടകകക്ഷിക്കു നൽകാതെ സീറ്റ് ഏറ്റെടുക്കാനാണു സിപിഎമ്മിന്റെ തീരുമാനമെങ്കിൽ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ പേരുൾപ്പെടെ ചർച്ചയ്ക്കെടുക്കും.
യുഡിഎഫ് : സ്ഥാനാർഥിയാക്കുന്നതു പരിഗണിക്കാമെന്ന് സിഎംപി നേതാവ് സി.പി.ജോണിനോടു കോൺഗ്രസ് നേതൃത്വം മുൻപ് സൂചിപ്പിച്ച മണ്ഡലമാണിത്. അതേസമയം, ജില്ലയിൽ കോൺഗ്രസിൽനിന്ന് ഏറ്റവുമധികം പേർ മോഹിക്കുന്ന സീറ്റ് കൂടിയാണിത്. വി.എസ്.ശിവകുമാർ ശക്തമായ അവകാശവാദമുന്നയിച്ചു രംഗത്തുണ്ട്. ടി.ശരത് ചന്ദ്രപ്രസാദ്, കെ.എസ്.ശബരീനാഥൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. ഘടകകക്ഷിക്കു സീറ്റ് നൽകരുതെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ജില്ല, നിയോജകമണ്ഡലം കോർ കമ്മിറ്റി യോഗങ്ങളിൽ ആവശ്യമുയർന്നു. അതേസമയം, യുഡിഎഫ് പുതുയുഗ യാത്രയുടെ തിരുവനന്തപുരത്തേക്കുള്ള വരവറിയിച്ച് മണ്ഡലത്തിലുയർന്ന ഹോർഡിങ്ങിലെ ചിത്രത്തിൽ രാഷ്ട്രീയ സൂചന കാണുന്നവരുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും നടുവിലായി സി.പി.ജോണിന്റെ വലിയ ചിത്രമാണ് അതിലുള്ളത്.
ADVERTISEMENT Go AD-FREE
എൻഡിഎ : ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ദേശീയ കൗൺസിൽ അംഗം ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകളാണു പരിഗണനയിൽ. കഴിഞ്ഞ 2തിരഞ്ഞെടുപ്പുകളിൽ താര സ്ഥാനാർഥികളെയാണ് ബിജെപി കളത്തിലിറക്കിയത്. കഴിഞ്ഞ തവണ നടൻ കൃഷ്ണകുമാർ മത്സരിച്ചപ്പോൾ, 2016ൽ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തായിരുന്നു സ്ഥാനാർഥി.
ത്രികോണ പോരിന് വട്ടിയൂർക്കാവ്
കോൺഗ്രസ് നേതാവ് കെ.മുരളീധരൻ സ്ഥാർഥിയാകുമോയെന്ന ചോദ്യമുന്നയിച്ചാണു വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങിയതിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുരളീധരൻ, അതിലേക്കുള്ള വഴിയായി വട്ടിയൂർക്കാവിൽ പോരിനിറങ്ങുമെന്ന സൂചന ശക്തമാണ്. മണ്ഡലം രൂപീകൃതമായ ശേഷമുള്ള ആദ്യ 2 തിരഞ്ഞെടുപ്പുകളിലും ഇവിടെ ജയിച്ചതിന്റെ ആത്മവിശ്വാസവും മുരളിക്കുണ്ട്. സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്.
എൽഡിഎഫ് – സിറ്റിങ് എംഎൽഎ വി.കെ.പ്രശാന്ത് തന്നെ മത്സരിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുരളീധരൻ സീറ്റൊഴിഞ്ഞതിനു പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച പ്രശാന്ത്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുയർത്തി. മേയറായും എംഎൽഎയായും തിരുവനന്തപുരം നഗരമേഖലയിൽ ആർജിച്ച സ്വീകാര്യത പ്രശാന്തിന്റെ കരുത്തായി സിപിഎം വിലയിരുത്തുന്നു. ശക്തമായ ത്രികോണ പോരാട്ടം നടക്കുമെന്നതിനാൽ പ്രശാന്തിനെ മാറ്റി പുതിയൊരു മുഖം പരീക്ഷിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പാർട്ടി കണക്കുകൂട്ടുന്നു.
എൻഡിഎ : ആഞ്ഞുപിടിച്ചാൽ അട്ടിമറി വിജയം നേടാമെന്നു ബിജെപി കണക്കുകൂട്ടുന്നു. കഴിഞ്ഞതവണ വി.വി.രാജേഷിലൂടെ രണ്ടാം സ്ഥാനത്തെത്തിയതാണ് ഈ പ്രതീക്ഷയ്ക്ക് ആധാരം. റിട്ട. ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ.ശ്രീലേഖ, നടൻ കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണു ചർച്ചയിലുള്ളത്. അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന ചിന്തയും പാർട്ടിക്കുണ്ട്.
യുഡിഎഫ് – 2011, 2016 തിരഞ്ഞെടുപ്പുകളിൽ കെ.മുരളീധരൻ ജയിച്ച വട്ടിയൂർക്കാവ് തിരിച്ചുപിടിക്കണമങ്കിൽ അദ്ദേഹം തന്നെ മത്സരിക്കണമെന്ന അഭിപ്രായത്തിലാണ് കോൺഗ്രസ്. സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസ് നടത്തിയ സർവേയിലും മുരളിയാണു മുന്നിൽ. ഇതിനിടെ,പാലക്കാട് സീറ്റിൽ മത്സരിക്കുന്നതു സംബന്ധിച്ച് അഭ്യൂഹങ്ങളുയർന്നെങ്കിലും തിരുവനന്തപുരം ജില്ല വിട്ടു പുറത്തേക്കില്ലെന്നും അന്തിമ തീരുമാനം പാർട്ടിയെടുക്കട്ടെയെന്നും മുരളീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വട്ടിയൂർക്കാവിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വങ്ങളുടെ യോഗങ്ങളിൽ അദ്ദേഹം അടുത്തയിടെ പങ്കെടുത്തിരുന്നു. മുരളീധരൻ താൽപര്യമറിയിച്ച സാഹചര്യത്തിൽ മറ്റു പേരുകളൊന്നും നിലവിൽ കോൺഗ്രസ് പരിഗണിക്കുന്നില്ല.
‘ഞെട്ടിക്കൽ’കര, നെയ്യാറ്റിൻകര
സിപിഎം സ്ഥാനാർഥിയായി 2011ൽ ജയിച്ച ആർ.സെൽവരാജ് തൊട്ടടുത്ത വർഷം രാജിവച്ച് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ഞെട്ടിച്ചതുൾപ്പെടെ അട്ടിമറിയാണ് നെയ്യാറ്റിൻകര മണ്ഡലത്തിന്റെ പ്രത്യേകത. തുടർച്ചയായി വിജയിച്ച്,മണ്ഡലം കുത്തകയാക്കിയെന്നു കരുതിയ നേതാക്കളെ അട്ടിമറിച്ചു മണ്ഡലം മറുപക്ഷത്ത് എത്തിക്കുന്നതാണു കാലങ്ങളായുള്ള ശീലം. ആരോടും പ്രത്യേക മമതയില്ലെന്നു പറയാം. അതു തന്നെയാണ് മൂന്നു മുന്നണികളുടെയും പ്രതീക്ഷ.
എൽഡിഎഫ് : സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനം കെ.ആൻസലന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കിയിട്ടുണ്ട്. ആർ.സെൽവരാജ് മറുകണ്ടം ചാടി കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച 2012ലെ ഉപതിരഞ്ഞെടുപ്പിലൊഴികെ, കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും നെയ്യാറ്റിൻകര മണ്ഡലം പിന്തുണച്ചത് സിപിഎമ്മിനെയാണ്. മണ്ഡലത്തിൽ തുടർച്ചയായി ഭൂരിപക്ഷം വർധിപ്പിച്ച് 2 തവണ എംഎൽഎ ആയ ആൻസലന് കാര്യമായ എതിർപ്പില്ലെന്ന ആശ്വാസമുള്ളപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ നെയ്യാറ്റിൻകര നഗരസഭ ഒഴികെ ഒരു പഞ്ചായത്തിലും അധികാരം പിടിക്കാൻ കഴിയാത്തത് എൽഡിഎഫിന് ആശങ്കയാണ്. യുവ നേതാവ് ബെൻഡാർവിന്റെ പേരും സിപിഎം ചർച്ചകളിലുണ്ട്.
യുഡിഎഫ് : ആർ.സെൽവരാജിലൂടെ തിരിച്ചുപിടിച്ച മണ്ഡലത്തിൽ കഴിഞ്ഞ 2 തവണയും ആൻസലനോടു പരാജയപ്പെട്ട സെൽവരാജ് ഇത്തവണ മത്സരരംഗത്തില്ല. തുടർച്ചയായി യുഡിഎഫിന്റെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് ഇത്തവണ തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ 4 പഞ്ചായത്തുകളിൽ മികച്ച മുന്നേറ്റം നടത്തിയതാണ് പ്രതീക്ഷ. ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ മണ്ഡലത്തിൽ താൽപര്യം അറിയിച്ചെന്നാണു വിവരം. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വിനോദ് സെൻ, എം.ആർ.സൈമൺ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ചന്ദ്രദാസ് തുടങ്ങിയവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്.
ADVERTISEMENT Go AD-FREE
എൻഡിഎ : വിജയസാധ്യതയുള്ള എ, ബി ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത നെയ്യാറ്റിൻകരയെ സ്ഥാനാർഥി ചർച്ചയുടെ ആദ്യഘട്ടങ്ങളിൽ ബിജെപി ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ തവണ നെയ്യാറ്റിൻകരയിൽ മത്സരിച്ച ചെങ്കൽ രാജശേഖരൻ നായർ ഇത്തവണ മണ്ഡലം മാറണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
വർക്കലയിൽ ആരു കലക്കും?
വി.ജോയ് സിപിഎം ജില്ലാ സെക്രട്ടറിയായി 2 വർഷമേ ആയിട്ടുള്ളൂവെങ്കിലും ആ പദവിയൊഴിഞ്ഞു വീണ്ടും വർക്കലയിൽ മത്സരിക്കട്ടെയെന്ന നിർദേശമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. കോൺഗ്രസിന്റെ കൈവെള്ളയിലിരുന്ന മണ്ഡലം തിരിച്ചുപിടിച്ച ജോയിയെ വിട്ടൊരു പരീക്ഷണത്തിനു വർക്കലയിൽ സിപിഎം ധൈര്യപ്പെടുന്നില്ലെന്നു വ്യക്തം. വർക്കലയിൽ മത്സരം കടുത്തതായിരിക്കുമെന്നതിന്റെ സൂചന കൂടിയാണിത്. കഴിഞ്ഞതവണ മത്സരിച്ച ബി.ആർ.എം.ഷഫീർ ഇത്തവണ വർക്കലയിൽ ഉണ്ടാകില്ല എന്ന സൂചനയ്ക്കപ്പുറം വ്യക്തമായി ഒരു പേരിലേക്കും കോൺഗ്രസ് എത്തിയിട്ടില്ല. മൂന്നുവട്ടം വർക്കലയെ പ്രതിനിധീകരിച്ച വർക്കല കഹാർ മത്സരിക്കുമോ പുതുമുഖം വരുമോ എന്നതാണ് അറിയേണ്ടത്. ബിജെപിക്കു വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ബിഡിജെഎസാണു കഴിഞ്ഞതവണ മത്സരിച്ചത്.
എൽഡിഎഫ് : മൂന്നുവട്ടം എംഎൽഎ ആയിരുന്ന കോൺഗ്രസിന്റെ വർക്കല കഹാറിനെ തോൽപിക്കാൻ ഓരോ വട്ടവും സിപിഎം നടത്തിയ പരീക്ഷണത്തിനൊടുവിലാണു 2016ൽ വി.ജോയ് സീറ്റ് പിടിച്ചെടുത്തത്. 2386 വോട്ടിന്റെ ഭൂരിപക്ഷം 2021ൽ ബി.ആർ.എം.ഷെഫീറിനെ തോൽപിച്ചപ്പോൾ 17,821 ആയി ഉയർത്തി. യുഡിഎഫിന്റെയും എൻഡിഎയുടെയും വോട്ടിൽ ചോർച്ചയുണ്ടായി. ടേം വ്യവസ്ഥയും ജില്ലാ സെക്രട്ടറിയെന്ന പദവിയും മാറ്റിവച്ച് ജോയിയെ സിപിഎം വീണ്ടും ഇറക്കുന്നതു മറ്റൊരു പേരിൽ ഉറപ്പില്ലാത്തതിനാലാണ്. ജോയിയെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാൻ കഴിയില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചാൽ മാത്രം മറ്റു പേരുകൾ പരിഗണിക്കും.
യുഡിഎഫ് : ജോയിയുമായി ഏറ്റവും നല്ല മത്സരം കാഴ്ചവച്ചതിന്റെ ആനുകൂല്യം വർക്കല കഹാറിനു സ്ഥാനാർഥി നിർണയത്തിൽ ലഭിക്കും. മുൻ എംഎൽഎ എന്നനിലയിൽ മണ്ഡലത്തിൽ ബന്ധങ്ങളുമുണ്ട്. എന്നാൽ കഴിഞ്ഞതവണ ബി.ആർ.എം.ഷെഫീറിനു പകരം ആലോചിച്ച ഇലകമൺ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷാലിയുടെ പേരിനും മുൻതൂക്കമുണ്ട്. ജില്ലാ പഞ്ചായത്ത് അംഗവും യുവ നേതാവുമായ നബീൽ കല്ലമ്പലം, കഴിഞ്ഞതവണ കഴക്കൂട്ടത്തു മത്സരിച്ച ഡോ.എസ്.എസ്.ലാൽ എന്നിങ്ങനെ പേരുകൾ ചർച്ചയിലുണ്ട്.
എൻഡിഎ : ബിഡിജെഎസിനു സീറ്റ് ലഭിച്ചാൽ കഴിഞ്ഞതവണ മത്സരിച്ച എസ്.ആർ.എം.അജിയെത്തന്നെ പരിഗണിക്കുമോ എന്നു വ്യക്തമല്ല. എൻഡിഎയ്ക്കു10–15% വോട്ടു മാത്രമുള്ള മണ്ഡലത്തിൽ ജയം പ്രതീക്ഷിക്കുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൻഡിഎ പ്രകടനം മോശമായിരുന്നു. എന്നാൽ എൻഡിഎ സ്ഥാനാർഥിയുടെ പ്രകടനം തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും.
അരുവിക്കര തൊടാൻ
മണ്ഡലം രൂപീകരിച്ചതു മുതൽ ആദ്യം ജി.കാർത്തികേയനും പിന്നീട് മകൻ കെ.എസ്.ശബരീനാഥനും ക്രമമായി ഭൂരിപക്ഷമുയർത്തിയ മണ്ഡലം 2021ൽ ഇടത്തേക്കു വീണു. അതും, 2016 ൽ 21,314 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർഥി ശബീരനാഥനെ 5046 വോട്ടിനു വീഴ്ത്തിയാണ് ജി.സ്റ്റീഫൻ മണ്ഡലത്തിലെ ആദ്യ സിപിഎം എംഎൽഎ ആയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നാലെണ്ണം വീതം ഇരു മുന്നണികളും പങ്കിട്ടെടുത്ത അരുവിക്കരയിൽ ഇത്തവണ എൽഡിഎഫിനെ പ്രതിനിധീകരിക്കുന്നത് ജി.സ്റ്റീഫൻ തന്നെയാകുമെന്ന് ഉറപ്പായി. മറ്റു മുന്നണികളിൽ തീരുമാനമായിട്ടില്ല.
എൽഡിഎഫ് : അപ്രാപ്യമെന്നു കരുതിയിരുന്ന മണ്ഡലം എൽഡിഎഫിന് അനുകൂലമായി പിടിച്ചെടുത്ത ജി.സ്റ്റീഫനെ വീണ്ടും കളത്തിലിറക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല. സ്ഥാനാർഥിത്വം ഉറപ്പായതിനാൽ മണ്ഡലത്തിൽ എൽഡിഎഫ് അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായ പഞ്ചായത്തുകളിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തനത്തിനിറങ്ങാനാണ് പ്രവർത്തകരോടുള്ള നിർദേശം.
യുഡിഎഫ് : അരുവിക്കരയിൽ മത്സരിക്കുന്നില്ലെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, മുൻ ജില്ലാ പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ എം.ആർ.ബൈജു, ഡിസിസി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.
ADVERTISEMENT GO AD-FREE
എൻഡിഎ : കഴിഞ്ഞ 2 തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞ അരുവിക്കര സീറ്റ് ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസിനു നൽകാൻ ബിജെപി ചർച്ച നടത്തുന്നു. കഴിഞ്ഞതവണ സ്ഥാനാർഥിയായിരുന്ന ബിജെപി നേതാവ് സി.ശിവൻകുട്ടി ഇനി അവിടെ മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. കാമരാജ് കോൺഗ്രസിന് പാറശാലയാണ് താൽപര്യം. വിട്ടുവീഴ്ചയ്ക്കു ബിജെപി തയാറാകാത്തതിനാൽ അരുവിക്കര സ്വീകരിച്ചേക്കും. അങ്ങനെയെങ്കിൽ പൂവച്ചൽ ഡിവിഷനിൽനിന്നു ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ച ശ്യാംലൈജുവിന്റെ പേരാണ് പരിഗണനയിൽ.
English Summary:
Thiruvananthapuram Assembly Elections coverage provides an in-depth analysis of the political landscape across six constituencies in the state\“s political heartland. This includes detailed discussions on key constituencies like Nemom, Vattiyoorkavu, and Attingal, highlighting potential triangular contests and candidate speculations. |
|