കോഴിക്കോട് ∙ വടകരയിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീട്ടിലെ ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ഷാഫി പറമ്പിൽ എംപി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച ബിതുലിന്റെ വീടിനുനേരെ ഉണ്ടായ ബോംബേറ് ‘രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണോ’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിതുൽ ബാലന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി പറഞ്ഞു.
What you should read next
- LIVE ‘എത്ര ക്രൂരമാണ് ഈ ലോകം..’: മന്ത്രിക്കൊപ്പമുള്ള സെൽഫിയിൽ വിശദീകരണവുമായി നഴ്സ് Latest News
‘വീട് അന്വേഷിച്ച് വാട്സാപ് ചാറ്റ്’
ഡിവൈഎഫ്ഐ പ്രവർത്തകർ ബിതുലിന്റെ വീട് അന്വേഷിച്ച് നടത്തിയതായി സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റും ഷാഫി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഒരു മന്ത്രി തന്നെ നേരിട്ട് കള്ളപ്രചാരണത്തിനു നേതൃത്വം നൽകുക, മുഖ്യമന്ത്രി ആ തിരക്കഥയിൽ വേഷം അഭിനയിക്കുക, പാർട്ടി സെക്രട്ടറി ആ തിരക്കഥയിലെ കലാപ ആഹ്വാനത്തിനു നേതൃത്വം നൽകുക, മൂക്ക് താഴത്തേക്ക് ആയ കേരളത്തിലെ ഏതെങ്കിലും ഒരു മനുഷ്യൻ കേരളത്തിൽ അവിടെ ഒരു അക്രമം നടന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് ഷാഫി ചോദിച്ചു.
‘കഴുത്തിനുപിടിച്ചു തിരിക്കുന്ന ആരെങ്കിലും കണ്ടോ?’
സിപിഎമ്മിന്റെ അക്രമങ്ങളുടെ പോഷക സംഘടനയായിട്ടാണോ പൊലീസ് ഇവിടെ പ്രവർത്തിക്കുന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിഐടിയു എന്നൊക്കെ പറയുന്ന പോലെയാണോ ഈ മേഖലയിലെ പൊലീസിന്റെ ഉത്തരവാദിത്തം. ആരോഗ്യമന്ത്രിയുടെ കഴുത്തുപിടിച്ചു തിരിച്ചു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനം വിളിച്ചു പറഞ്ഞത്. കേരളത്തിലെ കാഴ്ചയുള്ള ഒരാളെങ്കിലും ആരോഗ്യ മന്ത്രിയെ കഴുത്തു പിടിച്ചു തിരിക്കുന്നത് കണ്ടോ?, കൈകൾ പിടിച്ചു തിരിക്കുന്നത് കണ്ടോ? ഇനി ഞങ്ങൾ വേണ്ട, നിങ്ങൾ കണ്ടോ പട്ടാപ്പകൽ അത്രയും ആളുകളുടെ മുന്നിൽ ഉണ്ടായ സംഭവം സമരക്കാരുടെ തലയിൽ വയ്ക്കാൻ ഒരു കള്ള ദൃശ്യവുമായി വന്നു. കറുത്ത തുണിയും കൊണ്ട് സമരക്കാരൻ മന്ത്രിയുടെ അടുത്തെത്തി എന്നായിരുന്നു പ്രചാരണം. അത് മന്ത്രിയുടെ ഗൺമാനാണെന്ന് തെളിഞ്ഞു. ഇനി ഗൺമാൻ മന്ത്രിയുടെ കഴുത്തിനു പിടിച്ചിട്ടുണ്ടെങ്കിൽ കെഎസ്‌യുക്കാരന്റെ വീടിനു നേരെ ബോംബെറിയൽ അല്ല വേണ്ടതെന്ന് സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറി അണികളോടു പറയണം. കലാപ ആഹ്വാനത്തിന് ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കണം. ഇല്ലാത്ത ഒരു അക്രമത്തിന്റെ പേരിൽ നടക്കുന്ന മുഴുവൻ കലാപങ്ങൾക്കും ഗോവിന്ദൻ മാഷ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കന്മാരാണ് ഉത്തരവാദികളെന്ന് ഷാഫി കുറ്റപ്പെടുത്തി.
What you should read next
- പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ് Latest News
‘ഈ കെടുതി തുടരാൻ അനുവദിച്ചുകൂടാ’
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച ഫലം വരാത്തതിന്റെ നിരാശയും പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തുടർച്ചയായി ഉണ്ടാകുന്ന പരാജയം ഭരണം നഷ്ടപ്പെടും എന്നുള്ള ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഇത്തരം അക്രമങ്ങൾ. പ്രവർത്തകരെ തെരുവിലിറക്കി അക്രമം നടത്തുന്ന നേതൃത്വത്തെ തിരുത്താൻ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞതുപോലെ പ്രവർത്തകർ തയാറാകേണ്ട കാലമാണ്. ഈ കള്ളത്തരം പറയുന്ന നേതാക്കന്മാരുടെ ഗുണ്ടകൾ ആകാനില്ല എന്ന് ആർജവത്തോട പറയേണ്ട കാലമാണിത്. ഒരു കരിങ്കൊടി കാണിച്ചതിനാണ് ബിതുൽ ബാലൻ എന്ന കെഎസ്‌യുക്കാരന് നിങ്ങൾ ആദരാഞ്ജലി നേരുന്നതെങ്കിൽ, അതിന്റെ പേരിലാണ് ആ ചെറുപ്പക്കാരന്റെ പ്രായമായ അച്ഛനും അമ്മയും കടന്നുറങ്ങുന്ന വീട്ടിലേക്ക് ബോംബറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരു മനുഷ്യന്റെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞിട്ട് കേരളത്തിലെ ഏതെങ്കിലും സിപിഎം പ്രവർത്തകരുടെ വീട്ടിൽ ആരെങ്കിലും ബോംബറിഞ്ഞോ എന്നതും ഓർക്കണം. സിപിഎം ക്രിമിനലുകൾ ബോംബറിഞ്ഞാൽ പോലും വിരൽ അനക്കാത്ത പൊലീസ് സംവിധാനം ഈ നാടിന്റെ സമാധാനത്തെ സ്വസ്ഥത കെടുത്തുമ്പോൾ ഈ കെടുതി തുടരാൻ അനുവദിച്ചുകൂടാ എന്നാണ് കേരളത്തിലെ ജനതയോട് അഭ്യർഥിക്കാനുള്ളതെന്ന് ഷാഫി പറഞ്ഞു.
തള്ളുന്നുവെന്ന് സിപിഎം, കണ്ടാലറിയാവുന്നവരെന്ന് പിതാവ്
പാലക്കാട്ട് ഒരു ചാനൽ ചർച്ചയ്ക്കിടെ നെഞ്ചത്ത് പിടിച്ച് തള്ളി കവിളത്ത് തല്ലാൻ നോക്കിയ ഒരു ബിജെപി നേതാവിനെ എല്ലാവരും കണ്ടു. എന്നാൽ നിങ്ങൾ ബിജെപിയുടെ ഒരു സ്തൂപവും തകർക്കുന്നില്ല. ഒരു ബിജെപി നേതാവിന്റെ വീട്ടിലേക്ക് നിങ്ങൾക്ക് ബോംബ് എറിയണ്ട. കാരണം ബിജെപിയെ നോവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതുവരെയുള്ള ബോംബ് കേസുകൾ പോലെയാണ് ഇതിനെയും പൊലീസ് ട്രീറ്റ് ചെയ്യുന്നതെങ്കിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്ന് ഷാഫി മുന്നറിയിപ്പ് നൽകി. കണ്ടാലറിയാവുന്നവർ തന്നെയാണ് ആക്രമണം നടത്തിയവരെന്നും മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വീട്ടിലുണ്ടായ ബോംബേറിനെക്കുറിച്ച് ബിതുലിന്റെ പിതാവ് ബാലൻ പറഞ്ഞു. ബിതുലിന്റെ വീട്ടിൽ കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ് കുട്ടിയും സന്ദർശനം നടത്തി. അക്രമം തള്ളുകയാണെന്നും വീട്ടിൽ കയറിയുള്ള അക്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സിപിഎം നേതാവ് കൂടിയായ എംഎൽഎ പ്രതികരിച്ചു.
ബോംബ് എറിഞ്ഞത് മൂന്നംഗ സംഘം
കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിനു നേരെ വെള്ളിയാഴ്ച പുലർച്ചെ 2.36 ന് ആണ് ബോംബ് ഏറുണ്ടായത്. വടകര തോടന്നൂരിലെ മുള്ളേരിത്താഴത്ത് വീട്ടിലാണ് മൂന്നു പേർ അടങ്ങുന്ന സംഘം ബോംബ് എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിതുലിന്റെ പിതാവ് ബാലൻ നൽകിയ പരാതിയിൽ വടകര പൊലീസ് കേസ് എടുത്തു. വീടിന്റെ കിടപ്പുമുറിയുടെ ജനൽപ്പാളിയും സൺഷെയ്ഡും തകർന്നതായി എഫ്ഐആറിൽ പറയുന്നു. മന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ബിതുൽ ബാലൻ നിലവിൽ റിമാൻഡിൽ ആണ്.
JUST IN
-
1 MINUTE AGO ‘ബോംബേറ് രക്ഷാപ്രവർത്തനമോ?’; ബിതുലിന്റെ വീട് അന്വേഷിച്ച് വാട്സാപ് ചാറ്റ്, പുറത്തുവിട്ട് ഷാഫി Latest News
-
7 MINUTES AGO Live സുവർണ കേരളം ലോട്ടറി (Suvarna Keralam Lottery) SK-42 ഒന്നാം സമ്മാനം RR 161862 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
-
27 MINUTES AGO മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങി; കൂത്തുപറമ്പിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു Latest News
VIEW MORE
English Summary:
Shafi Parambil Blames CPIM for Bomb Attack on KSU Leader\“s Home : Vadakara bomb attack on KSU leader Bithul Balan\“s home has drawn sharp criticism from MP Shafi Parambil, who alleged CPIM involvement and presented a WhatsApp chat as proof. He questioned if the attack was a retaliatory \“rescue operation\“ following a protest against the Health Minister and demanded the Chief Minister intervene. |