മലപ്പുറം∙ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ ഇ.എൻ.മോഹൻദാസ്(74) അന്തരിച്ചു. രണ്ട് തവണ പാർടി ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറി. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറാണ്.
1951 സെപ്‌തംബർ 15നായിരുന്നു ജനനം. വിദ്യാർഥി–യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. റെയ്‌ഡ്‌കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു.
2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് 2010 മുതൽ 2016 വരെ ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജറുടെ ചുമതല വഹിച്ചത്. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.
അഴിമതിക്കും നിയമന നിരോധത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. കെഎസ്‌കെടിയു- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ബാങ്കിനെ ജില്ലയിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനമായി വളർത്തി. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്. ഭാര്യ: കെ.ഗീത. ADVERTISEMENT Go AD-FREE English Summary:
E.N. Mohandas, a veteran Communist Party of India (Marxist) leader and former district secretary from Malappuram, has passed away at the age of 74. He played a significant role in the party\“s growth and various social and cooperative movements in Kerala. |
|